Visitors

Wednesday 28 December 2011

കംപ്യൂട്ടര്‍ രോഗങ്ങള്‍ തടയാം.



കൈയ്ക്ക്‌ വല്ലാത്ത കഴപ്പും പെരുപ്പും. ഉറക്കത്തില്‍ പേലും അസഹനീയമായ വേദന. ലക്ഷണങ്ങള്‍ ഇതൊക്കെയാണ്‌. നിങ്ങള്‍ പതിവായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തി കൂടിയാണെങ്കില്‍ കരുതിയിരിക്കുക. അസുഖം കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ആകാം.
അമിതവണ്ണമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കും ഈ രോഗം വരാന്‍ സാധ്യതയേറെയാണ്‌. ജോലിയിലും ജീവിതശൈലിയിലും ചില കരുതലുകളുണ്ടെങ്കില്‍ അസുഖത്തിണ്റ്റെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കാം.

നമ്മുടെ കൈപ്പത്തിയിലേക്ക്‌ രണ്ടു നാഡികള്‍ വരുന്നുണ്ട്‌. അവയാണ്‌ മീഡിയന്‍ നെര്‍വും അള്‍നാര്‍ നെര്‍വും. സാധാരണ ഒരു നാഡിയുടെ ഇരു വശങ്ങളിലും മാംസഭാഗമാണ്‌. എന്നാല്‍, മീഡിയന്‍ നെര്‍വ്‌ കൈയില്‍ മണിബന്ധത്തിണ്റ്റെ ഭാഗത്തു വച്ച്‌ എല്ലിണ്റ്റെ മുകളില്‍ കൂടിയും കട്ടിയായ മാംസഭാഗത്തിനിടയിലൂടെയുമാണ്‌ കടന്നു പോകുന്നത്‌. ഈ നാഡി കടന്നു പോകുന്ന നേര്‍ത്തവഴിയ്ക്ക്‌ കാര്‍പല്‍ ടണല്‍ എന്നാണു പേര്‌. ഈ വഴിയില്‍ വച്ച്‌ നാഡിക്ക്‌ ഞെരുക്കം വരുന്നതാണ്‌ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിനു കാരണം.
രോഗം ആര്‍ക്കെല്ലാം
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിണ്റ്റെ കാരണങ്ങള്‍ രണ്ടായി തിരിക്കാം.
1. ശാരീരികാവസ്ഥ മൂലം.
2. രോഗാവസ്ഥ മൂലം.
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം കൂടുതലും സ്ത്രീകളിലാണ്‌ കണ്ടു വരുന്നത്‌. പ്രത്യേകിച്ചു 40 മുതല്‍ 60 വയസു വരെയുള്ളവരില്‍. ഗര്‍ഭിണികളിലും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരിലും അമിതവണ്ണമുള്ളവരിലും രോഗസാധ്യത കൂടുതലാണ്‌. ഇവരുടെ ശരീരത്തിലും കോശങ്ങളിലും ജലാംശം കൂടുന്നതാണു കാരണം. അതിനാല്‍ കൈയിലെ മാംസത്തിലും നീര്‍ക്കെട്ടുണ്ടാകുന്നു. ആര്‍ത്തവ കാലത്ത്‌ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ചിലരില്‍ ഈ രോഗം ഉണ്ടാകാം.
ഇനി പറയുന്ന ചില രോഗങ്ങളെത്തുടര്‍ന്നും കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം വരാം.
അക്രോമെഗലി - ശരീരത്തിലെ എല്ലുകള്‍ക്ക്‌ അസാധാരണമായി നീളം വയ്ക്കുകയും കൈകാലുകള്‍ക്ക്‌ അസാധാരണ വലിപ്പമുണ്ടാകുകയും ചെയ്യുന്ന വൈകല്യമാണിത്‌.

പ്രമേഹം. ഹൈപ്പോതൈറോയിഡിസം തൈറോയ്ഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നതു മൂലം.
അമിതവണ്ണം. റുമറ്റോയ്ഡ്‌ ആര്‍ത്രൈറ്റിസ്‌. എല്ലുകള്‍ക്കുണ്ടാകുന്ന പൊട്ടലും സ്ഥാനഭ്രംശവും. ഞരമ്പ്‌ പോകുന്ന വഴിയില്‍ ട്യൂമറോ മറ്റോ ഉണ്ടാകുക. മറ്റു ഹോര്‍മോണ്‍ തകരാറുകള്‍ കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കു മാത്രമല്ല, കൈകള്‍ക്കും മണിബന്ധത്തിനും തുടരെ ചലനവും ആയാസവുമുണ്ടാക്കുന്ന ജോലി ചെയ്യുന്നവര്‍ക്കും കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം വരാം. തുന്നല്‍-എംബ്രോയ്ഡറി ജോലിക്കാര്‍, മരപ്പണിക്കാര്‍, ഈര്‍ച്ചവാളുപയോഗിക്കുന്നവര്‍ എന്നിവരെല്ലാം ഇതിലുള്‍പ്പെടുന്നു. ഒരു വസ്തു കുറേ സമയം പിടിക്കുകയോ ബസിണ്റ്റെ കമ്പിയില്‍ അധികനേരം പിടിച്ചു നില്‍ക്കുകയോ മറ്റോ ചെയ്യുമ്പോള്‍ കൈയ്ക്ക്‌ വല്ലാത്ത കഴപ്പും പെരുപ്പും അനുഭവപ്പെടുക, ഉറക്കത്തിനിടയില്‍ പോലും അസഹ്യമായ കൈവേദന കൊണ്ട്‌ ഉണരുക എന്നിവയാണ്‌ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിണ്റ്റെ പ്രധാന ലക്ഷണങ്ങള്‍. ഇടവിട്ട്‌ ഒരു കൈയുടെയോ രണ്ടുകൈകളുടയോ സംവേദനത്വം ഇല്ലാതാകാം. രോഗം ഗുരുതരമാകുമ്പോള്‍ തള്ളവിരലിണ്റ്റെ ബലവും ചലനശേഷിയും കുറഞ്ഞ്‌, മാംസം ശോഷിക്കും.

വിവിധ പരിശോധനകാര്‍പല്‍ ടണല്‍ സിന്‍ഡ്രോം കണ്ടെത്തുന്നതിന്‌ രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരണവും കൃത്യമായ പരിശോധനയും വേണം. നെര്‍വ്‌ കണ്ടക്ഷന്‍ സ്റ്റഡി ടെസ്റ്റ്‌, ഇലക്ട്രോമയോഗ്രാഫി എന്നീ പരിശോധനകളാണു ചെയ്യുന്നത്‌. രോഗം മുലം നാഡികള്‍ക്കുണ്ടാകുന്ന പ്രവര്‍ത്തന തടസങ്ങളുടെ തീവ്രത അളക്കാന്‍ ഇവ സഹായിക്കുന്നു. അള്‍ട്രാസൌണ്ട്‌, എം. ആര്‍. ഐ സ്കാനിങ്ങ്‌ പരിശോധനകളും നാഡിയുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനു ചെയ്യുന്നു. മരുന്നും ശസ്ത്രക്രിയയും പ്രശ്നബാധിതമായ നാഡിയുടെ ഞെരുക്കം കഴിയുന്നത്ര കുറയ്ക്കുകയാണ്‌ അടിസ്ഥാനചികിത്സ. അതായത്‌ കീബോര്‍ഡിനു മുന്നില്‍ അമര്‍ത്തി വയ്ക്കുന്നതു മൂലം കൈകള്‍ക്കുണ്ടാകുന്ന ആയാസം കുറയ്ക്കണം. ഇതിനു പല മാര്‍ഗങ്ങളുണ്ട്‌. കൈകള്‍ ശരിയായ നിലയില്‍ വയ്ക്കാന്‍ സഹായിക്കുന്ന സ്പ്ളിണ്റ്റ്‌ ഉപയോഗി ക്കുകയാണ്‌ ഒരു മാര്‍ഗം. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കൈകള്‍ നിവര്‍ത്തി കീബോര്‍ഡില്‍ "ന്യൂട്രല്‍" നിലയില്‍ വയ്ക്കുന്നതിനും കൈകള്‍ക്കു വിശ്രമം നല്‍കുന്നതിനും കൈ അധികം വളയുന്നതു തടയുന്നതിനും "റിസ്റ്റ്‌ സ്പ്ളിണ്റ്റ്‌" സഹായിക്കും. "കോക്ക്‌ അപ്‌ സ്പ്ളിണ്റ്റ്‌" എന്ന ഈ ഉപകരണം ആശുപത്രി ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭിക്കും. 150മുതല്‍ 250 വരെയാണു വില.ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം സ്പ്ളിണ്റ്റ്‌ ഉപയോഗിക്കുക. രാത്രി കിടക്കുമ്പോഴും വിശ്രമിക്കുമ്പോഴും ഇത്‌ ഉപയോഗിക്കാം. അമിതവണ്ണമാണ്‌ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിലേക്കു നയിക്കുന്ന മറ്റൊരു ഘടകം. മണിബന്ധത്തില്‍ അമിതമായി കൊഴുപ്പടിയുന്നത്‌ നാഡി ഞെരുങ്ങുന്നതിനു കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ വ്യായാമവും ആഹാരക്രമവും ശീലിക്കണം. ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്നവര്‍ അതു നിര്‍ത്തുകയും വേണം. സ്പിണ്റ്റ്‌ ഉപയോഗിച്ചിട്ടും വേദന കുറയുന്നില്ലെങ്കില്‍ ഗുളികകള്‍ കഴിക്കേണ്ടി വരും. എന്നിട്ടും വേദനയും പെരുപ്പും കുറയുന്നില്ലെങ്കില്‍ നാഡിക്കു ചുറ്റും സ്റ്റീറോയ്ഡ്‌ കുത്തിവച്ച്‌ നീര്‍ക്കെട്ടു കുറയ്ക്കുന്ന ചികിത്സയുമുണ്ട്‌. ഏറ്റവും അവസാന മാര്‍ഗമെന്ന നിലയിലാണ്‌ ശസ്ത്രക്രിയ ചെയ്യുന്നത്‌. നാഡിയില്‍ ഞെരുക്കമുണ്ടാക്കുന്ന കട്ടിയുള്ള മാംസഭാഗം നീക്കം ചെയ്യുന്നതാണ്‌ ഈ കീ ഹോള്‍ ശസ്ത്രക്രിയ. "മീഡിയന്‍ നെര്‍വ്‌ ഡീകംപ്രഷന്‍ ശസ്ത്രക്രിയ" എന്നാണിതറിയപ്പെടുന്നത്‌. ആശുപത്രിയിലെത്തി അന്നു തന്നെ ശസ്ത്രക്രിയ നടത്തി വൈകുന്നേരമോ അടുത്ത ദിവസമോ ആശുപത്രി വിടാം. ഒന്നു ദിവസം കൈയ്ക്ക്‌ അധികം ആയാസം കൊടുക്കരുത്‌. പിന്നീടു പതിവു ജോലികള്‍ ചെയ്തു തുടങ്ങാം.
ഡോ. വി. കെ. സഞ്ജീവ്‌
അസിസ്റ്റണ്റ്റ്‌ പ്രൊഫസര്‍ ന്യൂറോളജി വിഭാഗം
പുഷ്പഗിരി മെഡിക്കല്‍ കോളജ്‌ തിരുവല്ല

No comments:

Post a Comment