
ശരീരത്തിന് വളരെയധികം ജലം ആവശ്യമായി വരുമ്പോഴാണ് തൊണ്ടയും വായും വരണ്ടു പോകുന്നത്. വായും തൊണ്ടയും അങ്ങനെ വരണ്ടു പോകുന്നതിനു മുമ്പു തന്നെ വേണ്ടത്ര വെള്ളം കുടിക്കുന്നത് ശീലമാക്കണം. സാധാരണ തണുത്ത കാലാവസ്ഥയില്‍ താമസിക്കുന്ന ഒരാള്‍ ശരീരത്തിന്റെ ഓരോകിലോ തൂക്കത്തിനും ഓരോ ഔണ്‍സ് വെള്ളം കുടിക്കണമെന്നാണ് അവര്‍ കണക്കാക്കിയിട്ടുള്ളത്. അതനുസരിച്ച് 60 കിലോ തൂക്കമുള്ളയാള്‍ 1.8 ലിറ്റര്‍ വെള്ളം കുടിക്കണം. നമ്മുടേത് ചൂടു കൂടിയ കാലാവസ്ഥയായതിനാല്‍ അര ലിറ്റര്‍ വെള്ളം കൂടുതലായി കുടിക്കണം. അങ്ങനെ വരുമ്പോള്‍ ഏതാണ്ട് 2.3 ലിറ്ററോളം വെള്ളം നിത്യവും കുടിക്കേണ്ടതാണ്. തടിയും തൂക്കവും കൂടുതലുള്ളവര്‍ വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണം.
വെള്ളം കുടിച്ചാല്‍ ഒന്നും കഴിക്കില്ലെന്നു പറഞ്ഞ് അമ്മമാര്‍ കുട്ടികളെ വെള്ളംകുടിയില്‍ നിന്നു വിലക്കാറുണ്ട്. ഇതു ശരിയല്ല. കുട്ടികള്‍ക്ക് വളരെയധികം വെള്ളം വേണ്ടതാണ്. ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കൊടുക്കാതിരുന്നാല്‍ മതി. ചൂടുകാലത്ത് മുതിര്‍ന്നവര്‍ക്കുണ്ടാകുന്നതിനെക്കാള്‍ ജലനഷ്ടം കുട്ടികള്‍ക്കുണ്ടാകും. അതിനാല്‍ അവര്‍ക്ക് വേണ്ടത്ര ശുദ്ധജലം നല്‍കണം. കുട്ടികള്‍ക്ക് കുടിക്കാന്‍ ലെമണ്‍, നന്നാറി തുടങ്ങിയവയുടെ സത്തോ തേനോ ചേര്‍ത്ത വെള്ളം മാറിമാറി നല്‍കാവുന്നതാണ്.
ദഹനവ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ വേണ്ടത്ര ജലാംശം കൂടിയേ തീരൂ. ആഹാരം തൊണ്ടയില്‍ നിന്ന് ഇറങ്ങിപ്പോകണമെങ്കില്‍പ്പോലും നമുക്കു വെള്ളം കുടിക്കേണ്ടി വരാറുണ്ടല്ലോ. ദഹനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും ദഹിച്ച ആഹാരഘടകങ്ങളെ ശരീരത്തിലേക്ക് സ്വാംശീകരിക്കണമെങ്കിലും വേണ്ടത്ര ജലാംശം കൂടിയേ തീരൂ. കുടലുകളുടെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കണമെങ്കിലും വിസര്‍ജനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കണമെങ്കിലും ശരീരത്തില്‍ വേണ്ടത്ര ജലാംശമുണ്ടായിരിക്കണം. മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും കാരണം ശരീരത്തില്‍ വേണ്ടത്ര വെള്ളമില്ലാതെ വരുന്നതാണ്.
അധികം ചൂടോ അധികം തണുപ്പോ ഇല്ലാത്തവെള്ളം കുടിക്കുന്നതാണ് നല്ലത്. അണുബാധയൊഴിവാക്കാനായി തിളപ്പിക്കുന്ന വെള്ളം നന്നായി തണുത്തിട്ടേ കുടിക്കാവൂ.
വേനല്‍ക്കാലത്ത് ചുക്കും മല്ലിയും ചേര്‍ത്തു തിളപ്പിച്ച് നന്നായി ആറിയ വെള്ളം കുടിക്കുന്നതാണ് നല്ലത്.
ജീരകവെള്ളം തണുപ്പുകാലത്തും മഴക്കാലത്തുമാണ് നല്ലത്.
മൂത്രാശയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് തഴുതാമയിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്.
രക്താതിമര്‍ദമുള്ളവര്‍ ചെറിയ പഞ്ചമൂലം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
No comments:
Post a Comment