Visitors

Thursday 29 December 2011

പൊണ്ണത്തടി


പൊണ്ണത്തടിയുള്ളവര്‍ സൂക്ഷിക്കുക.  ശരീര സാന്ദ്രതാ സൂചികയില്‍ ബി എം ഐ തടിയിലെ ചേരുവ 30.0ല്‍ കൂടുതലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, ഇത്തരക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതകളുണ്ട്.  ഇത് 18.5 ആണെങ്കില്‍ ആവശ്യത്തേക്കാള്‍ കുറവ് ശരീരഭാരമായിട്ടാണ് കരുതുന്നത്.  എന്നാല്‍ ബി.എം.ഐ. 18.5 മുതല്‍ 24.9 വരെ നോര്‍മല്‍ തൂക്കമാണ്. 25 - 34.9 അപകടമേഖലയിലാകുന്നു. ഹൃദയാഘാതം, പ്രമേഹം, അമിത പിരിമുറുക്കം എന്നിവ ഇത്തരക്കാര്‍ക്കുണ്ടാകുന്നത് സ്വാഭാവികമാണ്.  40 ഇഞ്ച് അരവണ്ണമുള്ള പുരുഷന്മാര്‍ക്കും 35 ഇഞ്ച് അരവണ്ണമുള്ള സ്ത്രീകള്‍ക്കും പൊണ്ണത്തടിയനുബന്ധ പ്രശ്നങ്ങള്‍ അപകടകരമാകാനുള്ള ഇടയുണ്ട്.  30 ല്‍ കൂടുതല്‍ ബി.എം.ഐ യുള്ളവര്‍ പൊണ്ണത്തടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.  40 ല്‍ കൂടുതല്‍ ബി എം ഐ യുള്ളവര്‍ അപകടകരമായ സ്ഥിതിയിലുള്ളവരുടെ വിഭാഗത്തിലാണ്. ജാഗ്രത വേണമെന്ന് ചുരുക്കം.
ഉപ്പ് : (Sodium Choloride)
    ഉപ്പില്‍ കൂടുതലുള്ള സോഡിയം, ദ്രാവകത്തെ വലിച്ചെടുക്കുക വഴി, ദ്രാവകക്കുറവുണ്ടാകും. ഇത് രക്തവാഹിനികുഴലുകളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും അമിത രക്തസമ്മര്‍ദ്ദത്തിന് കാരണമാകുകയും ചെയ്യുന്നു. അമിത രക്തസമ്മര്‍ദ്ദക്കാരില്‍ 60 ശതമാനത്തിനും ഉപ്പിന്റെ ഉപയോഗം ഒഴിവാക്കിയാല്‍ രക്തസമ്മര്‍ദ്ദം കുറയുന്നതായി കാണാം.
അമിത മദ്യപാനം :
ദീര്‍ഘകാലമായുള്ള അമിത മദ്യപാനം രക്തസമ്മര്‍ദ്ദത്തിന് ഇടം നല്‍കുന്നു. ഹൃദയത്തിനും ഹൃദയരക്തക്കുഴലുകളിലും മദ്യപാനം സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഹൃദയത്തിനെന്നപ്പോലെ ഇത് വൃക്കകളേയും പ്രതികൂലമായി ബാധിക്കും.
നിഷ്ക്രിയത്വം:
വ്യായാമം രക്തസമ്മര്‍ദ്ദത്തിന് ഉത്തമമായ മരുന്നാണ്.  ജീവിതശൈലിയിലുള്ള മാറ്റം കായിക അദ്ധ്വാനമില്ലാത്ത സ്ഥിതി സൃഷ്ടിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കടന്നുവരാന്‍ മടികാണിക്കാറില്ല; കായിക അദ്ധ്വാനം ആവശ്യമില്ലാത്ത ഐ ടി മേഖലകളില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നതോടൊപ്പം രക്തസമ്മര്‍ദ്ദമെന്ന വില്ലന്‍ ശരീരത്തിലേക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു. 30 ശതമാനം പേര്‍ക്കും രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്/ഒരു രോഗമായി മാറുന്നത് കായിക അദ്ധ്വാനമോ, വ്യായാമമോ ഇല്ലാത്തതുകൊണ്ടാണ്.
പുകവലി: 
5 മുതല്‍ 10 എം എം എച്ച് ജി വരെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതാണ് സിഗററ്റ് വലി. ദിവസത്തില്‍ വലിക്കുന്ന ആദ്യ സിഗററ്റു മുതല്‍ ഈ വ്യത്യാസം കാണാനാകുന്നു. പതിവായി ധാരാളം സിഗററ്റുകള്‍ വലിച്ചു തള്ളുന്നവരില്‍ പുകവലിക്കാരല്ലാത്തവരേക്കാള്‍ കുറവ് രക്തസമ്മര്‍ദ്ദ അളവാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.  ഇത് ചിലപ്പോള്‍ പുകവലിയുമായി ബന്ധപ്പെട്ട് ശരീരഭാരം കുറഞ്ഞതുമൂലമാകാണെന്നാണ് അനുമാനം, എന്നാല്‍ പുകവലി എന്തു വിലകൊടുത്തും നിര്‍ത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍ പറയുന്നു, പ്രത്യേകിച്ച് അതീവ വര്‍ദ്ധിത രക്തസമ്മര്‍ദ്ദമുള്ളവര്‍. ഇത് ഹൃദയപേശികളില്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കും, ഹൃദയ നാഡികളിലെ ഭിത്തികളെ കട്ടികൂട്ടി രക്തമൊഴുക്കിനെ തടസ്സപ്പെടുത്തുകയും പിന്നീട് ഹൃദ്രോഗമായി തീരാനും വഴിയൊരുക്കുന്നു.  കൂടാതെ, ഇത് വൃക്കരോഗത്തെ പോഷിപ്പിക്കുന്നതാണ്.  പുകവലി പുരുഷന്മാരില്‍ ലിംഗോദ്ധാരണശേഷി കുറയ്ക്കുന്നു - കടുത്ത സ്ഥിരം പുകവലിക്കാര്‍ക്ക് ലൈംഗിക താല്‍പ്പര്യക്കുറവ് അനുഭവപ്പെടുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പിരിമുറുക്കം : 
മാനസിക പിരിമുറുക്കം നിത്യജീവിതത്തിന്റെ ഭാഗമാണ്.  ഓരോരുത്തരിലും ഏറെ വ്യത്യസ്ഥമായാണ് പിരിമുറുക്കം അനുഭവപ്പെടുക. എന്നാല്‍ സ്ഥായിയായ പിരിമുറുക്കം  കൊര്‍ട്ടിസോള്‍ (cortisol) എന്ന ഹോര്‍മോണിനെ വൃക്കാനുബന്ധ ഗ്രന്ഥികളില്‍ നിന്നും അമിതമായി പുറപ്പെടുവിക്കാന്‍ കാരണമാക്കുന്നു.  ധാരാളമായി കൊര്‍ട്ടിസോളിന്റെ സാന്നിദ്ധ്യം രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നതായി ശാസ്ത്രലോകം വിലയിരുത്തുന്നു; ഇത് ഇന്‍സുലിന്റെ കഴിവ് നഷ്ടപ്പെടുത്തി രക്തത്തിലെ ഷുഗര്‍ നിയന്ത്രണം തകരാറിലാക്കും. വീക്കങ്ങളും ശരീരം ഭാരം കൂടുന്നതും ഇതുമൂലം തടയാന്‍ കഴിയാതെയാകുന്നു.
വംശവും പാരമ്പര്യവും: 
വിവിധ മനുഷ്യവര്‍ഗ്ഗങ്ങളില്‍ വ്യത്യസ്ഥമായ രീതിയിലാണ് രക്തസമ്മര്‍ദ്ദ അളവ് കാണുന്നത്.  മറ്റ് മനുഷ്യ വര്‍ഗ്ഗങ്ങളേക്കാള്‍ ആഫ്രിക്കന്‍, അമേരിക്കന്‍ വര്‍ഗ്ഗക്കാരില്‍ രക്തസമ്മര്‍ദ്ദതോത് കൂടുതലായി കാണുന്നു.  പാരമ്പര്യം രക്തസമ്മര്‍ദ്ദബാധയെ സ്വാധീനിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ കുടുംബപാരമ്പര്യത്തില്‍ രക്തസമ്മര്‍ദ്ദ രോഗികളുണ്ടായിരുന്നെങ്കില്‍ ഇത് ഓരോ തലമുറയിലേക്കും പകര്‍ന്നുകൊണ്ടിരിക്കും. മാതാപിതാക്കള്‍ക്കോ, തൊട്ടടുത്ത ബന്ധുക്കള്‍ക്കോ രക്തസമ്മര്‍ദ്ദ രോഗമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അമിതരക്തസമ്മര്‍ദ്ദവും അനുബന്ധ തകരാറുകളും വരാനുള്ള സാധ്യതകള്‍ മറ്റുള്ളവരേക്കാള്‍ വളരെ കൂടുതലാണ്. ഇതുകൊണ്ടുതന്നെ ശ്രദ്ധിക്കുന്നതാണ് നല്ലത്.
പ്രായം : 
രക്തസമ്മര്‍ദ്ദം പ്രായം കൂടുന്തോറും വര്‍ദ്ധിക്കുന്നതായി കാണാം. 35 വയസ്സിന് മേല്‍ പ്രായമുള്ള മിക്കവരിലും ഇതുണ്ടാകുന്നു.  പുരുഷന്മാര്‍ 35 നും 55 വയസ്സിനും ഇടയിലാണ് രക്തസമ്മര്‍ത്തിന്റെ ഇരകളാകുന്നതെങ്കില്‍ സ്ത്രീകളില്‍ ഇത് ആര്‍ത്തവവിരാമത്തിന് ശേഷമാണ് ഉണ്ടാകുക. കേരളത്തില്‍ 50 മുതല്‍ 55 വയസ്സിന് മേല്‍പ്രായമുള്ളവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും രക്തസമ്മര്‍ദ്ദവും അനുബന്ധ അസുഖങ്ങളുമുള്ളതായിട്ടാണ് കണക്കാക്കുന്നത്.
ഭക്ഷണം : 
പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ മുഖ്യമല്ലാത്തവരില്‍ കൊളസ്ട്രോള്‍ തോത് കൂടുന്നതോടെ അമിത രക്തസമ്മര്‍ദ്ദമുണ്ടാകുന്നു.  കൂടാതെ, പാല്‍ ഉല്പന്നങ്ങളും, ധാന്യങ്ങളും വറവുകളും ഉള്‍പ്പെട്ട ഭക്ഷണ രീതിയാണെങ്കില്‍ അമിത രക്തസമ്മര്‍ദ്ദം തീര്‍ച്ചയായും നിങ്ങളുടെ ആരോഗ്യത്തിനും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത ഭീഷണിയായി കൂടെയുണ്ടാകും.   ഭക്ഷണ ക്രമീകരണത്തോടൊപ്പം തടി കുറക്കാനും കൊളസ്ട്രോള്‍ നിയന്ത്രണത്തിനും സാധ്യമാകുന്ന ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കേണ്ടതാണ്. രുചിയേക്കാള്‍ ആരോഗ്യദായകമായ ഭക്ഷണത്തിന് മുന്‍തൂക്കം നല്‍കുക.
വൃക്കകള്‍ : 
ദ്രാവകങ്ങളെ നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതും വൃക്കകളാണ്. ശരീരത്തില്‍ സോഡിയം, പൊട്ടാസ്യം,  ക്ളോറൈഡ് എന്നിവയെ അതിവിദഗ്ദമായി ഉപയോഗപ്പെടുത്തുന്നതിലും വൃക്കകള്‍ക്ക് ഗണ്യമായ പങ്കാണുള്ളത്.  ശരീരത്തില്‍ ഇവയുടെ അളവ് കൃത്യമാക്കുന്ന കടമ കൂടി വൃക്കകള്‍ക്കുണ്ട്.  വൃക്കാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വികിരണ തകരാറുമൂലം വൃക്കകളിലേക്കുള്ള ധമനികള്‍ ഇടുങ്ങുന്നു, ഇതുമൂലം രക്തത്തില്‍ ഉണ്ടാകുന്ന ഉയര്‍ന്ന ഷുഗര്‍ സാന്നിദ്ധ്യം നാഡികള്‍ക്ക് തകരാറുണ്ടാകുകയും മറ്റ് പലവിധ വൃക്ക രോഗങ്ങള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഇടയാക്കുകയും ചെയ്യുന്നു.
ഹോര്‍മോണ്‍ :
ഈസ്ട്രജന്‍, പ്രൊഗെസ്റ്ററോണ്‍, ടെസ്റ്റോസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.  ഗര്‍ഭനിരോധന ഗുളികകള്‍, കിഡ്നി അനുബന്ധ ഗ്രന്ഥികളില്‍ രോഗം, ഈ ഗ്രന്ഥികളില്‍ ടൂമര്‍ വളര്‍ച്ച, തൈറോയിഡിന്റെ വികലമായ പ്രവര്‍ത്തനം, രക്തത്തില്‍ കാത്സ്യത്തിന്റെ അസാമാന്യ വര്‍ദ്ധന തുടങ്ങിയവയൊക്കെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കാരണമാണ്.
ഞരമ്പുസംബന്ധം: 
മാനസികാസ്വസ്ഥ്യം, ദുര്‍ബലത, ആശങ്കകള്‍ എന്നിവയും കൂടിയ രക്തസമ്മര്‍ദ്ദത്തിന് ഇടവരുത്തുന്നു.  സുഷുമ്നാ കാണ്ഡം, തലച്ചോറിനു ചുറ്റുമുള്ള സമ്മര്‍ദ്ദങ്ങള്‍, നാഡിവ്യൂഹ സംവിധാനത്തില്‍ വരുന്ന തകരാറുകള്‍ എല്ലാം രക്തസമ്മര്‍ദ്ദത്തെ സാധാരണനിലയില്‍ നിന്നും അമിതവും അപ്രതീക്ഷിതവുമായി ഉയര്‍ത്തുന്നു.
    രക്തസമ്മര്‍ദ്ദത്തെ തുടക്കത്തില്‍ കണ്ടെത്താനാകുക എന്നത് അപൂര്‍വ്വമാണ്.  ഇതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനാകുക മൂര്‍ദ്ധന്യാവസ്ഥയിലാകുമ്പോഴാണ്. രക്തസമ്മര്‍ദ്ദം വൃക്കകള്‍ക്കും ഹൃദയത്തിനും ബാധിക്കുന്നവരുടെ ജീവിതം എപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.  സ്വന്തം ശരീരത്തെ കരുതലോടെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. രക്തസമ്മര്‍ദ്ദ ബാധിതര്‍ക്ക് ആധുനിക വൈദ്യശാസ്ത്രം നല്‍കുന്ന ചികിത്സകള്‍ വളരെ ഫലപ്രദമാണ്. ഒന്നുമാത്രം ഓര്‍ക്കുക, രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാന്‍, ഈ വില്ലനെ തുടക്കത്തിലെ പിടികൂടി ചികിത്സകള്‍ മുറതെറ്റാതെ നടത്തണം.  നിശബ്ദനായ ഈ കൊലയാളിയെ കീഴടക്കാന്‍ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വൈദ്യശാസ്ത്രം ജാഗ്രതയിലാണ്.

No comments:

Post a Comment