Visitors

Monday 19 December 2011

സ്‌റ്റൈലാക്കാം മുടിയിഴകളെ

സ്‌റ്റൈലാക്കാം മുടിയിഴകളെ
ഒന്നുകില്‍ വല്ലാതെ ചുരുണ്ടു പിരണ്ട് ആഫ്രിക്കന്‍ സ്റ്റൈ ല്‍ അല്ലെങ്കില്‍ സ്‌കെയിലുപോലെ വടിവൊത്ത സ്‌റ്റൈല്‍.. മുടിയഴകിന്റെ സ്‌റ്റൈലും ട്രെന്‍ഡും നിത്യേനയെന്നോണമാണ് മാറിക്കൊണ്ടിരിക്കുന്നത്. ചുരുണ്ടു പിരണ്ടാലും കോലനായാലും മുടിയിഴകള്‍ക്ക് കോസ്‌മെറ്റിക് ലുക്ക് പകരുന്നതില്‍ ഷാംപൂവിനുള്ള പങ്ക് ചെറുതല്ല. ഇന്ത്യയാണ് ഷാംപൂവിന്റെ ജന്മദേശം എന്നു കരുതപ്പെടുന്നു.

ഹിന്ദിയിലെ ചാംപോ എന്ന വാക്കില്‍ നിന്നാണത്രെ ഷാംപൂ എന്ന പദമുണ്ടായത്. പല നാടുകളിലും വളരെ മുമ്പു തന്നെ തല കഴുകുന്നതിന് പ്രത്യേക സന്നാഹങ്ങളുണ്ടായിരുന്നു. നമ്മുടെ നാട്ടിലുണ്ടായിരുന്ന താളികള്‍ വളരെ പ്രശസ്തമാണല്ലോ. ചെമ്പരത്തിയില്‍ നിന്നുണ്ടാക്കുന്ന താളി, നെല്ലിക്കയും മൈലാഞ്ചിയുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന താളികള്‍ എന്നു തുടങ്ങി നാടന്‍ താളികള്‍ നിരവധിയാണല്ലോ! പഴയ താളിയുടെ പുതിയ രൂപമാണ് ഷാംപൂ എന്നു പറയാം. ഷാംപൂ ഉപയോഗിക്കുമ്പോളും വേണം ചില ചിട്ടകള്‍..

കുളിക്കുമ്പോള്‍ തല നനച്ചതിനു ശേഷമാണ് ഷാംപൂ ചെയ്യേണ്ടത്. മുടിയുടെ നീളത്തിനനുസരിച്ച് അത്യാവശ്യത്തിനു മാത്രം ഷാംപൂ കൈയിലെടുത്ത് ഇരുകൈകളും ചേര്‍ത്ത് തിരുമ്മി മുടിയിലും തലയോട്ടിയിലും ഷാംപു തേച്ച് പതപ്പിക്കുക. ഒന്നര രണ്ടു മിനിറ്റു വരെ ഷാംപൂ തലയിലിരുന്ന ശേഷം കഴുകിക്കളയുന്നതാണ് നല്ലത്. പ്രത്യേക നിര്‍ദേശമില്ലെങ്കില്‍ അധികം നേരം ഷാംപൂ തേച്ച് ഇരിക്കേണ്ട കാര്യമില്ല.
ഉള്ളംകൈയും വിരലുകളും ഉപയോഗിച്ച് ഷാംപൂ തേച്ചു പിടിപ്പിക്കുക. വിരല്‍ത്തുമ്പുകള്‍ കൊണ്ട് തേയ്ക്കുന്നതിനെക്കാള്‍ നല്ലത് അതാണ്.

തലയോട്ടിയിലും മുടിയില്‍ എല്ലായിടത്തും ഒരേ പോലെ ഷാംപൂ പ്രയോഗിക്കണം.ഷാംപൂ ചെയ്തു കഴിഞ്ഞാല്‍ അല്പം പോലും ഈര്‍പ്പമില്ലാത്ത വിധത്തില്‍ മുടി ചകിരിനാരുപോലെ ആയിപ്പോകുന്ന തരം ഷാംപൂ ഉപയോഗിക്കരുത്. കൈയില്‍ എടുക്കുമ്പോഴോ മുഖത്തു പറ്റുമ്പോഴോ പുകച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കുന്ന ഷാംപൂ ഉപയോഗിക്കരുത്. ഒരു തവണ കുളിക്കുമ്പോള്‍ ഒരൊറ്റത്തവണയേ ഷാംപൂ ഉപയോഗിക്കാവൂ. വീണ്ടും വീണ്ടും മുഖം കഴുകുകയോ കൈ കഴുകുകയോ ചെയ്യുന്നതു പോലെ ആവര്‍ത്തിച്ച് ഷാംപൂ ചെയ്യുന്നത് നന്നല്ല.

ഷാംപൂവിനൊപ്പം കണ്ടീഷനറുകള്‍ കൂടി ഉപയോഗിക്കേണ്ടതാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന ചില ഷാംപൂവിനൊപ്പം കണ്ടീഷനറുകള്‍ കൂടി ഉണ്ടാവാറുണ്ട്. ഷാംപൂ ചെയ്യുന്നതോടെ വരണ്ടു പോകുന്ന മുടിക്ക് ഈര്‍പ്പവും മിനുസവും തിളക്കവും ലഭിക്കണമെങ്കില്‍ കണ്ടീഷനറുകള്‍ കൂടിയേ തീരൂ. മൈല്‍ഡ് എന്ന് രേഖപ്പെടുത്തിയ ഷാംപൂ ഉപയോഗിക്കുന്നത് കൂടുതല്‍ നന്നായിരിക്കും. അല്ലെങ്കില്‍ ചര്‍മരോഗ വിദഗ്ധരോടോ ഹെയര്‍കെയര്‍ വിദഗ്ധരോടോ ചോദിച്ച് വീര്യം കുറഞ്ഞ ഷാംപൂ ബ്രാന്‍ഡുകള്‍ മനസ്സിലാക്കണം.

ഓരോരുത്തരുടെയും മുടിയുടെ പ്രകൃതം, ചര്‍മത്തിന്റെ പ്രകൃതം എന്നിവയ്ക്കനുസരിച്ച് പറ്റിയ ഷാംപൂ കണ്ടെത്തണം.
ചുരുണ്ട മുടിയുള്ളവരുടെ തലയോട്ടിയും മുടിയും താരതമ്യേന എണ്ണമയം കുറഞ്ഞതായിരിക്കും. അങ്ങനെയുള്ളവര്‍ ഷാംപൂ ചെയ്യുമ്പോള്‍ മുടി കൂടുതല്‍ വരണ്ടുപോകും. അതിനാല്‍ അവര്‍ ഷാംപൂ ഉപയോഗം കുറയ്ക്കണം. എപ്പോള്‍ ഷാംപൂ ചെയ്താലും കണ്ടീഷനര്‍ ഉപയോഗിക്കുകയും വേണം.

താരന്‍ മാറ്റുന്നതിനായി ചില പ്രത്യേകയിനം ഷാംപൂകള്‍ വിപണിയില്‍ ലഭ്യമാണ്. കീറ്റാകൊണസോള്‍, സിങ്ക് പൈറിതിയോണ്‍, സെലീനിയം സള്‍ഫൈഡ് തുടങ്ങിയ ഘടകങ്ങളേതെങ്കിലും അടങ്ങിയ ഷാംപൂവാണ് ഇക്കൂട്ടത്തിലുള്ളത്. കീറ്റാകൊണസോള്‍ ഷാംപൂവിനാണ് കൂടുതല്‍ പ്രചാരം. തലയില്‍ താരനില്ലാത്തവര്‍ ഇത്തരം ഷാംപൂ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ഷാംപൂ ചെയ്തുകഴിഞ്ഞാല്‍ മുടി വളരെ നന്നായി കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

No comments:

Post a Comment