Visitors

Friday, 15 June 2012

ഫെയര്‍ ആന്റ് ലവ്‌ലിയില്‍ മെര്‍ക്കുറി, ആരോഗ്യത്തിന് ഹാനികരമെന്ന് പഠനംന്യൂദല്‍ഹി: സൗന്ദര്യവര്‍ധക വസ്തുവായ ഫെയര്‍ ആന്റ് ലവ്‌ലിയില്‍ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. കരള്‍, കിഡ്‌നി, തലച്ചോറ് എന്നിവയെ ബാധിക്കുന്ന വിഷാംശങ്ങളാണ് ഇതില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. സൗദിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിശ്ചയിച്ച പരിധിയില്‍ താഴെയാണ് ഇതിലെ മെര്‍ക്കുറി സാന്നിധ്യമെങ്കിലും ഇവയ്ക്ക് വൃക്ക, കരള്‍, തലച്ചോറ് എന്നിവിടങ്ങളിലെ കോശങ്ങളുടെയും കലകളുടെയും ഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
വെള്ള എലിയില്‍ നടത്തിയ പരീക്ഷണങ്ങളാണ് ഫെയര്‍ ആന്റ് ലവ്‌ലിയുടെ ദൂഷ്യഫലങ്ങള്‍ വെളിവാക്കിയത്. ഒരു മാസത്തില്‍  വ്യത്യസ്ത ഇടവേളകളിലായി ഈ എലികളില്‍ ഫെയര്‍ ആന്റ് ലവ്‌ലി പുരട്ടി. ഫെയര്‍ ആന്റ് ലവ്‌ലി പുരട്ടിയ 75 എലികളുടെയും തലച്ചോറ്, കരള്‍, വൃക്ക എന്നിവിടങ്ങളിലെ കലകളിലെ മെര്‍ക്കുറിയുടെ അളവ് പരിശോധിച്ചു. ക്രീം പുരട്ടിയ എലികളില്‍ മെര്‍ക്കുറിയുടെ അളവ് 0.193+/0.319 microg/g ആണ്. അതേസമയം ക്രീം പുരട്ടാത്തവയില്‍ 0.041 microg/g+/0.041microg/g ഉം ആണ്. കിഡ്‌നിയിലാണ് ഏറ്റവും കൂടുതല്‍ മെര്‍ക്കുറിയുള്ളത്. തലച്ചോറിലാണ് കുറവ്. ക്രീം പുരട്ടിയ എലികളുടെ തൂക്കവും നന്നായി കുറഞ്ഞതായി കണ്ടെത്തി.
വിഷഫലമുണ്ടാക്കുന്നതിനാല്‍ മെര്‍ക്കുറി, മെര്‍ക്കുറിക്ക് ക്ലോറൈഡ്, മെര്‍ക്കുറിക്ക് ഓക്‌സൈഡ് എന്നിവ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചതാണ്. എന്നാല്‍ മിക്ക നിര്‍മാതാക്കളും മുഖകാന്തി നല്‍കുന്ന ഉല്പന്നങ്ങളില്‍ ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെര്‍ക്കുറിയുടെ സാന്നിധ്യം അധികമാവുമ്പോള്‍ തൊലിക്ക് ആഗിരണം ചെയ്യാനുള്ള കഴിവ് കൂടും. മെര്‍ക്കുറി തൊലിയിലൂടെ പ്രവേശിച്ച് ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും അടിഞ്ഞുകൂടും. ഇവ ഏറ്റവുമധികം ചെന്നെത്തുന്നത് വൃക്കകളിലാണ്. ഇത് റിവേഴ്‌സിബിള്‍ പ്രോട്ടീന്യൂറിയ, അക്യൂട്ട് ട്യൂബര്‍ നെക്രോസിസ്, നെഫ്രോട്ടിക് സിന്‍ഡ്രോം എന്നിവയ്ക്ക് കാരണമാവും. ഇവയുടെ ഉപയോഗം അധികമായാല്‍ കേന്ദ്രനാഡീ വ്യൂഹത്തെ വരെ അത് ബാധിക്കാനിടയുണ്ട്.
സൌന്ദര്യ വര്‍ധന വസ്തുക്കള്‍ നിര്‍മ്മിക്കുമ്പോള്‍ മെര്‍ക്കുറി ചേര്‍ക്കുന്നതിനു കര്‍ശനമായ നിരോധനം കൊണ്ടുവരണം എന്നാണു വിദഗ്ധ സംഘം നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ജനങ്ങളെ ബോധാവാന്മാരാക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Friday, 27 January 2012

ഗ്യാസ്ട്രബിള്‍ലോകമെമ്പാടുമുള്ള രോഗികള്‍, ഡോ ക്ടര്‍മാരോട് പറയുന്ന പരാതികളിലൊന്നാണ് ഗ്യാസ്ട്രബിള്‍. വളരെ സാധാരണവും എന്നാല്‍ അവ്യക്തവുമായ പരാതി. ചിലര്‍ ഇത് വലിയൊരു രോഗമായി പറയുന്നു, ചിലര്‍ വലിയൊരു അസ്വസ്ഥതയായി ചൂണ്ടിക്കാട്ടുന്നു. സത്യത്തില്‍ ഗ്യാസ്ട്രബിള്‍ ഒരു രോഗമേയല്ല. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇങ്ങനെയൊരു രോഗമില്ല. എന്നാല്‍ ഗ്യാസിന്റെ പ്രശ്‌നം നമ്മളില്‍ പലര്‍ക്കുമുണ്ട്. അപ്പോള്‍പ്പിന്നെ ഈ പ്രശ്‌നമെന്താണ്? 
വയറ്റില്‍ വായു നിറഞ്ഞ അസ്വസ്ഥത യാണ് പലര്‍ക്കും ഈ പ്രശ്‌നം. ഓരോരുത്ത രും ഓരോ ലക്ഷണമാണ് പറയുക. ഈ അസ്വസ്ഥത ചിലപ്പോള്‍ വയറുമായും നെഞ്ചുമായും ബന്ധപ്പെട്ട രോഗങ്ങളുടെ ലക്ഷണമാവാം. എന്നാല്‍ മിക്ക കേസുകളിലും കാര്യമായ പ്രശ്‌നമൊന്നും കാണില്ല; വെറും 'ഗ്യാസ്' ആയിരിക്കും ആ രോഗം.


ഗ്യാസിന്റെ ലക്ഷണങ്ങള്‍
                                                           

സാധാരണ, വയറുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നവും 


ഗ്യാസിന്റെ ഉപദ്രവമായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഗ്യാസ്ട്രബിള്‍ പലരിലും പല ലക്ഷണങ്ങളാണ് ഉണ്ടാക്കുക. വയര്‍ വീര്‍ത്തതുപോലെ തോന്നുക, വയര്‍ വീര്‍ത്താലുണ്ടാവുന്ന അസ്വസ്ഥത, പുകച്ചില്‍, വയറുവേദന, നെഞ്ചെരിച്ചില്‍, ഏമ്പക്കം, നെഞ്ച് നിറഞ്ഞപോലെ തോന്നുക, നെഞ്ചുവേദന, പുറംവേദന, ശ്വാസംമുട്ടല്‍ തുടങ്ങി പലതരം ലക്ഷണങ്ങളാണ് പലരിലും കാണുക.
എന്താണ് നെഞ്ചെരിച്ചില്‍?

വയറ്റിലെ പ്രശ്‌നങ്ങള്‍ മൂലം നെഞ്ചില്‍ ഹൃദയത്തിനു പിന്നിലായി അനുഭവപ്പെടുന്ന അസ്വാസ്ഥ്യമാണ് നെഞ്ചെരിച്ചില്‍. ആമാശയത്തില്‍ അത് വര്‍ധിക്കുകയും ഈ അരസം ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്കു തിരിച്ചുകയറുകയും ചെയ്യുന്നതുകൊണ്ടാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്. ആമാശയത്തിന്റെ മര്‍ദ്ദം വര്‍ധിച്ച് അന്നനാളത്തില്‍ നിന്ന് ആമാശയത്തിലേക്കുള്ള വാല്‍വ് തുറക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ചിലയിനം ഭക്ഷണങ്ങള്‍, മദ്യം, പുകവലി, ഗ്യാസ്ട്രബിള്‍ തുടങ്ങി പലകാരണങ്ങള്‍ കൊ ണ്ട് നെഞ്ചെരിച്ചിലുണ്ടാവും. മിക്കപ്പോഴും ഇത് ഗുരുതരമായ പ്രശ്‌നമൊന്നുമല്ല.

ചവച്ചരച്ചു കഴിക്കുക

ആഹാരം കഴിയുന്നത്ര ചെറുതാക്കുന്നതിനും ഉമിനീരുമായി നന്നായി കലര്‍ത്തുന്നതിനും വേണ്ടിയാണ് ചവച്ചരയ്ക്കുന്നത്. നന്നായി ചവച്ചരയ്ക്കുന്നതുമൂലം ദഹനപഥങ്ങളിലൂടെ ഭക്ഷണത്തിന് അനായാസം കടന്നുപോകാനാവുന്നു. നന്നായി ചവച്ചരച്ചു കഴിക്കുന്നത് ഗ്യാസ്ട്രബിള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ദഹിക്കാനുള്ള സമയം?

ഒരു തവണ ഭക്ഷണം കഴിച്ചാല്‍ അതു പൂര്‍ ണമായും ദഹിച്ചുതീരാന്‍ 24 മണിക്കൂറോ അ തിലധികമോ എടുക്കും. ആമാശയത്തില്‍ വെച്ച് ലഘു ഘടകങ്ങളായി വേര്‍തിരിഞ്ഞ ഭക്ഷണം ചെറു, വന്‍കുടലുകളിലൂടെ കടന്നുപോകുന്നു. വളരെ പതുക്കെയാണ് ഈ ഒഴുക്ക്. എങ്കിലും 12-14 മണിക്കൂര്‍ കൊണ്ട്, ദഹിച്ച ആഹാരത്തിന്റെ എല്ലാ അംശവും വന്‍കുടല്‍ ഭിത്തിയുമായി സമ്പര്‍ക്കത്തില്‍ വരും. ഈ സമ്പര്‍ക്കത്തിലൂടെയാണ് ആഹാരത്തിലെ പോഷകാഹാരഘടകങ്ങളെ ശരീരം ആഗിരണം ചെയ്യുന്നത്.

പല കാരണങ്ങള്‍കൊണ്ട് ദഹനപ്രക്രിയ വേണ്ടവിധം നടക്കാതെ വരാം. ദഹിക്കാത്ത പദാര്‍ഥങ്ങളില്‍ നിന്നും മറ്റുമുണ്ടാകുന്ന വായു ആമാശയത്തിലും കുടലിലും മലാശയത്തിലും നിറയുമ്പോള്‍ ഗ്യാസ്ട്രബിള്‍ അനുഭവപ്പെടുന്നു.

ആമാശയത്തില്‍ നടക്കുന്നത്
ആമാശയത്തില്‍ വച്ചാണ് ഭക്ഷണം വിഘടിച്ച് അടിസ്ഥാന പോഷകഘടകങ്ങളായി തിരിയുന്നത്. മൂന്നു പാളി പേശികള്‍കൊണ്ടു നിര്‍മിച്ച ഒരുതരം സഞ്ചിയാണ് ആമാശയം. ആഹാരം എത്തുന്നതോടെ ആമാശയം സങ്കോചവികാസങ്ങളിലൂടെ ദഹനപ്രക്രിയയ്ക്ക് തുടക്കമിടുന്നു. ദഹനരസങ്ങളുമായി കൂടിക്കലര്‍ന്ന് ആഹാരം ഒരുതരം കുഴമ്പു പരുവത്തിലാകുന്നു. ചെറുകുടലിന്റെ തുടക്കമായ ഡുവോഡിനത്തില്‍ കടക്കുന്നു. അവിടെ നിന്ന് കുടലിലൂടെ കടന്നുപോകുമ്പോഴാണ് ശരീരം പോഷകാംശങ്ങള്‍ ആഗിരണം ചെയ്യുന്നത്.
ആവശ്യത്തിനനുസരിച്ച് ഒരളവോളം വി കസിക്കാന്‍ ആമാശയത്തിനു കഴിവുണ്ട്. ആ മാശയഭിത്തികള്‍ക്ക് ചെറിയ തോതില്‍ ഇലാസ്റ്റിക് സ്വഭാവമുള്ളതിനാലാണിത്. ശരീരപ്രകൃതമനുസരിച്ച് ആമാശയത്തിന്റെ വലിപ്പത്തില്‍ വ്യത്യാസമുണ്ടാവും. എങ്കിലും ആമാശയത്തിന്റെ ശരാശരി വ്യാപ്തം 1.2 ലിറ്റര്‍ ആണ്.

ദഹനരസങ്ങളുടെ പ്രവൃത്തികള്‍

ആഹാരം ആമാശയത്തില്‍ നിന്ന് കുടലിലേക്കു പ്രവേശിച്ച ശേഷമാണ് ദഹനപ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നത്. ഹൈഡ്രോക്ലോറിക് ആസിഡും മറ്റു പ്രമുഖ ദഹനരസങ്ങളും ആമാശയത്തില്‍ വെച്ച് ഭക്ഷണവുമായി ചേരുന്നു. ആഹാരത്തിലെ ബാക്ടീരിയയെയും മറ്റു അണുക്കളെയും ഹൈഡ്രോക്ലോറിക് ആസിഡ് നശിപ്പിക്കുന്നു. മാംസ്യഘടകങ്ങളെ വിഘടിപ്പിക്കുന്നതിലും ഹൈഡ്രോക്ലോറിക് ആസിഡിന് മുഖ്യപങ്കുണ്ട്. ആമാശയത്തിലെ ഗ്യാസ്ട്രിന്‍ ഹോര്‍മോണ്‍ ദഹനരസങ്ങളുടെ ഉ ത്പാദനത്തെ പ്രചോദിപ്പിക്കുന്നു.

ദഹനത്തില്‍ കരളിന്റെ പങ്ക്

പ്രതിദിനം 0.5 മുത ല്‍ 0.9 വരെ ലിറ്റര്‍ പിത്തരസം കരളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഗാള്‍ ബ്ലാഡറില്‍ സംഭരിക്കുന്ന ഈ പിത്തരസത്തില്‍ 97 ശതമാനത്തോളവും ജലാംശമാണ്. പി ത്താശയത്തില്‍ നിന്ന് ചെറുകുടലിലെത്തുന്ന പിത്തരസം ആഹാരഘടകങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ശരീരത്തിന് ആഗിരണം ചെ യ്യാനാവുംവിധം ആഹാരഘടകങ്ങളെ രൂപാന്തരപ്പെടുത്തുന്നത് മുഖ്യമായും പിത്തരസമാ ണ്. ആമാശയത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അസ്വഭാവമുള്ള പദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കുന്ന ആല്‍ക്കലി കൂടിയാണ് പിത്തരസം.

പാന്‍ക്രിയാസിന്റെ ധര്‍മമെന്ത്?

ആമാശയത്തിനു പിന്നില്‍ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്ന നീണ്ട ഗ്രന്ഥിയാണ് പാന്‍ ക്രിയാസ്. എക്‌സോക്രൈന്‍, എന്‍ഡോക്രൈന്‍ എന്ന രണ്ടു വിഭാഗം ഗ്രന്ഥികളുണ്ട് പാന്‍ക്രിയാസില്‍. എക്‌സോക്രൈനില്‍ നിന്ന് ദഹനരസങ്ങളും എന്‍ഡോക്രൈനില്‍ നിന്ന് ഗ്ലൂ ക്കോജന്‍, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകളും ഉല്‍പാദിപ്പിക്കപ്പെടുന്നു. പാന്‍ക്രിയാസിലെ ഐലൈറ്റ്‌സ് ഓഫ് ലാംഗര്‍ഹാന്‍സ് എന്ന ഭാഗത്താണ് ഇന്‍സുലിന്‍ ഉല്‍പാദനം നടക്കുന്നത്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കുന്നത് ഇന്‍സുലിനാണ്.

പാന്‍ക്രിയാസിന്റെ പങ്കെന്ത്?

ദഹനരസങ്ങള്‍ കൃത്യസമയത്ത് കൃത്യമായ അളവിലും ഗുണത്തിലും ഉല്‍പാദിപ്പിക്കാന്‍ പാന്‍ക്രിയാസിന് സ്വഭാവികശേഷിയുണ്ട്. ആ മാശയത്തില്‍ നിന്ന് ചെറുകുടലിലേക്ക് ഭക്ഷണം പ്രവേശിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ പാ ന്‍ക്രിയാസില്‍ നിന്ന് ദഹനരസങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടു
ന്നു.
ചെറുകുടലിലൂടെ ആഹാരം കടന്നുപോകുമ്പോള്‍ വിവിധ ദഹനരസങ്ങളും പിത്തരസവും മറ്റു ഘടകങ്ങളും കലര്‍ന്ന് ദഹനം പൂര്‍ത്തിയാകുന്നു. ദഹിച്ച ആഹാരത്തില്‍ നിന്നുള്ള പോഷകഘടകങ്ങള്‍ ആഗിരണം ചെയ്തശേഷം അവശിഷ്ടങ്ങള്‍ വിസര്‍ജനാവയവങ്ങളിലേക്ക് പോകുന്നു.

വന്‍കുടലിന്റെ ധര്‍മം

വായയില്‍ തുടങ്ങുന്ന, ഭക്ഷണത്തിന്റെ യാത്രയുടെ അന്ത്യഘട്ടം വന്‍കുടലിലാണ്. വന്‍കുടലിന്റെ ഒടുവിലാണ് മലാശയവും മലദ്വാരവും. സാധാരണഗതിയില്‍ രണ്ടര ഇഞ്ചു വ്യാസവും ആറടിയോളം നീളവുമാണ് മുതിര്‍ന്നയാളിന്റെ വന്‍കുടലിനുണ്ടാവുക.

ഹൃദ്രോഗം


പ്രമേഹമുള്ളവരില്‍ 90-95 ശതമാനം പേര്‍ക്കും ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അമിതവണ്ണം (പ്രത്യേകിച്ചു വയര്‍ഭാഗത്ത്), ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി തുടങ്ങിയവ ഹൃദ്രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും ഇടവരുത്തുന്ന സാഹചര്യങ്ങളാണ്. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ 80 ശതമാനം പേരും അമിതവണ്ണം ഉള്ളവരാണ്. 70 ശതമാനം ആകട്ടെ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരും. പ്രായപൂര്‍ത്തിയായ ടൈപ്പ് 2 പ്രമേഹരോഗികളില്‍ 67 ശതമാനത്തിനും ഒന്നോ അതിലധികമോ ലിപിഡ് സംബന്ധമായ സങ്കീര്‍ണതകളും കണ്ടുവരുന്നു.
നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, അമിതവണ്ണം, രക്തസമ്മര്‍ദം എന്നിവ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറ്, രക്തം കട്ടപിടിക്കുന്ന സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റം, രക്തക്കുഴലുകളിലെ കൊഴുപ്പടിയല്‍ രീതിയിലെ മാറ്റം എന്നിവയാണ് ഇതിനിടയാക്കുന്നത്. കൊഴുപ്പടിയല്‍ ഏറെയാകുകയോ രക്തക്കട്ടകള്‍ രൂപപ്പെടുകയോ ചെയ്താല്‍ രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കിയേക്കും. ഈ തടസ്സം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണെങ്കില്‍ ഹൃദയസ്തംഭനം ഉണ്ടാകും. മസ്തിഷ്‌കത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ പക്ഷാഘാതത്തിനും ഇടയാക്കും. ഇതിനുപുറമേ പ്രമേഹരോഗികളിലുണ്ടാകുന്ന ഹൃദയാഘാതം നിശ്ശബ്ദവുമായേക്കും. അതായത് ഹൃദയാഘാതമുണ്ടാകുന്നത് വേദന അനുഭവപ്പെടാത്തതുമൂലം അറിയണമെന്നില്ല. സിനിമകളിലോ ടെലിവിഷനിലോ നാം ഇത്തരം സാഹചര്യങ്ങളില്‍ സാധാരണയായിക്കാണുന്ന ലക്ഷണങ്ങളില്ലാതെയാകും ഹൃദയാഘാതമുണ്ടാവുക എന്നര്‍ഥം.
പ്രമേഹം നിയന്ത്രണവിധേയമാക്കുകയും ഹൃദ്രോഗസാധ്യത കുറയ്ക്കാനുള്ള ചികിത്സാപദ്ധതിയില്‍ ആരോഗ്യപരമായ ഭക്ഷണാസൂത്രണം, വ്യായാമം, ഉചിതമായ മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ശരിയായ ഭക്ഷണം: 
ഉപ്പ്, പൂരിത കൊഴുപ്പ്, കൊളസ്‌ട്രോള്‍, സംസ്‌കൃത പഞ്ചസാര എന്നിവയുടെ അളവ് കുറഞ്ഞ ഹൃദയാരോഗ്യപരമായ ഭക്ഷണം, പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറവായ പാലുല്പന്നങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക.
ശാരീരിക ക്ഷമത: 
ആഴ്ചയില്‍ എല്ലാ ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം. ആരോഗ്യപരമായ ശരീരഭാരത്തില്‍ എത്തിച്ചേരുകയും നിലനിര്‍ത്തുകയും ചെയ്യുക.
മരുന്നുകള്‍: 
രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കുന്നതിനും ഹൃദയത്തിനുണ്ടായ തകരാറുകള്‍ പരിഹരിക്കുന്നതിനും മരുന്നുകള്‍ കഴിക്കേണ്ടിവന്നേക്കാം.
പുതിയ വഴി: 
ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്കുള്ള പുതിയ വഴിയാണ് ജി.എല്‍.പി. 1 അടിസ്ഥാന ചികിത്സ. ഹൃദയധമനീ സംബന്ധമായ നിരവധി മെച്ചങ്ങളാണ് ഈ ചികിത്സയ്ക്കുള്ളത്. ഗ്ലൂക്കഗോണ്‍ ലൈക്ക് പെപ്‌റ്റൈഡ് 1 (ജി.എല്‍.പി. 1) എന്ന സ്വാഭാവിക ഹോര്‍മോണിന്റെ സിന്തറ്റിക് പതിപ്പുകളാണ് ചികിത്സയില്‍ ഉപയോഗിക്കുന്നത്. ജി.എല്‍.പി. 1-ന്റെ ഗുണപരമായ പ്രവര്‍ത്തനങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു.
പഞ്ചസാരയുടെ തോത് അധികമാകുമ്പോള്‍ (ഭക്ഷണത്തിന് ശേഷം) ശരീരത്തിന്റെ സ്വാഭാവിക ഇന്‍സുലിന്‍ പുറപ്പെടുവിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് താഴ്ത്തുകയും അതുവഴി എച്ച്.ബി.എ. 1 സി താഴ്ത്തുകയും ചെയ്യുന്നു.
സിസ്റ്റോളിക് രക്തസമ്മര്‍ദം കുറയ്ക്കുന്നു. ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നു. ഹൃദയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
ഗ്ലൂക്കഗോണിനെ (രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തുന്ന ഹോര്‍മോണ്‍) നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത് വഴി പ്രമേഹ നിയന്ത്രണം സാധ്യമാകുന്നു.
ആമാശയത്തില്‍നിന്നു കുടലിലേക്കുള്ള ഭക്ഷണനീക്കം സാവധാനത്തിലാക്കുന്നത് വഴി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും അതിലൂടെ ശരീരഭാരം കുറയ്ക്കാനും പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യുന്നു.
ശരീരത്തില്‍ ഇന്‍സുലിന്‍ പുറത്തേക്ക് വിടുന്ന ബീറ്റ സെല്ലുകളെ മെച്ചപ്പെടുത്താന്‍ ജി.എല്‍.പി. 1 സഹായിക്കുന്നുണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ബി പി കുറയ്ക്കാം മരുന്നില്ലാതെ


DR.V.Jayaram
M B B S, MD (Gen.Medicine), D M (Cardiology)
Associate Professor(Cardiology)
Medical College, Alappuzha.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സര്‍വ്വസാധാരണമായ ഒരു ജീവിതശൈലീരോഗമായി മാറിയിരിക്കുന്നു. നമ്മുടെ മാറിയ ജീവിത സാഹചര്യങ്ങളും വര്‍ദ്ധിച്ച മനോസംഘര്‍ഷങ്ങളുമൊക്കെ ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ മധ്യവയസ്കരില്‍ ഏകദേശം 22 ശതമാനത്തോളം പേര്‍ക്ക് രക്താതിസമ്മര്‍ദ്ദം ഉണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സാധാരണ രക്തസമ്മര്‍ദ്ദം 120/80 മി.മി മെര്‍ക്കുറിക്ക് താഴെയായി നിര്‍ത്തുന്നതാണ് അഭികാമ്യം. ബി. പി. 140/90 ന് മുകളിലേക്ക് ഉയരുന്നതും ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ ആനുപാതികമായി കൂടുന്നതിനാല്‍ ചികിത്സ ആവശ്യമാണ്.
ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനിയായ ഉയര്‍ന്ന ബി. പി. മരുന്നുകള്‍ സേവിച്ച് പെട്ടന്ന് നിയന്ത്രണവിധേയമാക്കാമെങ്കിലും ദീര്‍ഘകാലം മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടതിനാലും ഈ മരുന്നുകള്‍ ബി. പി. കുറയ്ക്കുകയല്ലാതെ രോഗത്തിലേക്ക് നയിച്ച മൂലകാരണങ്ങളെ നിയന്ത്രിക്കുവാന്‍ യാതൊന്നും ചെയ്യാത്തതിനാലും സാധ്യമായവരില്‍ മരുന്നില്ലാതെ ബി. പി. നിയന്ത്രിക്കുന്നതാണ് അഭികാമ്യം. ശക്തികുറഞ്ഞ രക്താതിസമ്മര്‍ദ്ദമുള്ള മിക്കവരിലും ജീവിതശൈലി പുനര്‍ക്രമീകരണത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഇത് സാധ്യമാവുകയും ചെയ്യും.
കറിയുപ്പ് ഉപയോഗം 6 ഗ്രാമില്‍ താഴെ നിര്‍ത്തണം.
രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ഭക്ഷണക്രമീകരണങ്ങളില്‍ പ്രധാനം കറിയുപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ഒരാള്‍ക്ക് ഒരു ദിവസം ഏകദേശം 6 ഗ്രാമില്‍ താഴെയേ കറിയുപ്പ് ആവശ്യമുള്ളൂ. ഭക്ഷണസാധനങ്ങളില്‍ സ്വതവേ അടങ്ങിയിട്ടുള്ള കറിയുപ്പില്‍ നിന്ന് ഇത് ലഭിക്കുകയും ചെയ്യും. എന്നാല്‍ ആധുനിക പാചകരീതിയുടെ പ്രത്യേകതകൊണ്ട് പത്ത് പന്ത്രണ്ട് ഗ്രാം കറിയുപ്പ് ഒരു സാധാരണ കേരളീയന്‍ ദിവസവും അകത്താക്കുന്നു. ഉയര്‍ന്ന ബി. പി യുള്ളവര്‍ ഉപ്പ് കൂടുതലടങ്ങിയിട്ടുള്ള പപ്പടം, അച്ചാറുകള്‍, ഉണക്കമീന്‍, ടിന്‍ ഫുഡുകള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം. കൂടാതെ രുചി വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി കറികളില്‍ ചേര്‍ക്കുന്ന കറിയുപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും വേണം. ആവശ്യമെങ്കില്‍ കറിയുപ്പിന് പകരം ഇന്തുപ്പ് (പൊട്ടാസ്യം ക്ളോറൈഡ്) ഉപയോഗിക്കാം. ഇന്തുപ്പില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പ്രെഷര്‍ കുറയ്ക്കുവാന്‍ നല്ലതാണ്.
മത്സ്യം കറിവെച്ച് കഴിക്കാം.
കടല്‍ മത്സ്യങ്ങളായ മത്തി, അയല ചൂര, കോര തുടങ്ങിയവ സ്ഥിരമായി കറിവെച്ച് കഴിക്കുന്നത് ബി. പി. കുറയ്ക്കുവാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 കൊഴുപ്പമ്ളങ്ങള്‍ പ്രഷര്‍ കുറയ്ക്കുന്നത് കൂടാതെ ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യും. മീന്‍ വിഭവങ്ങള്‍ വറുത്ത് ഉപയോഗിച്ചാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയില്ല. ചില പ്രത്യേകതരം അര്‍ബുദത്തെ പ്രതിരോധിക്കുവാനുള്ള അത്ഭുതസിദ്ധിയും കടല്‍ മത്സ്യങ്ങളില്‍ ധാരാളമായി കാണുന്ന ഒമേഗ 3 കൊഴുപ്പമ്ളങ്ങള്‍ക്കുണ്ടത്രേ.
ഡാഷ് ഡയറ്റ്
ബി. പി. നിയന്ത്രിക്കുവാന്‍ ശാസ്ത്രീയമായി സംവിധാനം ചെയ്തിട്ടുള്ള ഭക്ഷണരീതിയാണ് ഡാഷ് ഡയറ്റ് (Dietry Approach to Stop Hypertension) ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് നീക്കം ചെയ്ത പാല്‍, മത്സ്യം, പരിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നീ ധാതുക്കള്‍ പ്രഷര്‍ കുറയ്ക്കുമെന്ന് പഠത്തില്‍ തെളിയിച്ചിട്ടുണ്ട്. ഉലുവ, മുരിങ്ങയില, വെളുത്തുള്ളി എന്നിവയുടെ ഉപയോഗവും പ്രഷര്‍ കുറയ്ക്കുവാന്‍ നല്ലതാണ്.
മദ്യം വര്‍ജ്ജിക്കുക, കാപ്പി കുറയ്ക്കുക
അമിതമായി കാപ്പി കുടിക്കുന്നത് പ്രഷര്‍ വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഹൃദ്രോഗവും, രക്താതി സമ്മര്‍ദ്ദവും ഉള്ളവര്‍ കാപ്പികുടി കുറയ്ക്കുന്നതാണ് ഉത്തമം. ചായകുടി പ്രഷര്‍ കൂട്ടുമെങ്കിലും ചായയിലടങ്ങിയിരിക്കുന്ന നിരോക്സീകാരികളായ ഫ്ളേവനോയ്ഡുകള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനാല്‍ മിതമായി കടുപ്പം കുറഞ്ഞ ചായ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
അമിതമദ്യപാനം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇക്കൂട്ടര്‍ മദ്യപാനം നിര്‍ത്താത്തിടത്തോളം കാലം പ്രഷറിനുള്ള ചികിത്സ ഫലപ്രദമാവുകയുമില്ല.
പുകവലി-പുകയില ഉപയോഗം ഉപേക്ഷിക്കണം
പുകവലിക്കുമ്പോള്‍ പ്രഷര്‍ കുതിച്ചുകയറും. പുകവലിയും മറ്റ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വര്‍ജ്ജിക്കേണ്ടത് പ്രഷര്‍ നിയന്ത്രിക്കുവാന്‍ അനിവാര്യമാണ്. ഭാരതത്തിലെ സ്ത്രീകള്‍ പാശ്ചാത്യരെ അപേക്ഷിച്ച് വളരെ വിരളമായേ പുകവലിക്കാറുള്ളൂ. എന്നാല്‍ നിഷ്ക്രിയ പുകവലി (ജമശ്ൈല ടാീസശിഴ) പുകവലിക്കാത്ത ഭാരതീയ സ്ത്രീകള്‍ക്കും രക്താതിസമ്മര്‍ദ്ദത്തിന് കാരണമാകുന്നു.
ശരീരഭാരം
പൊണ്ണത്തടിയുള്ളവരില്‍ രക്താതിസമ്മര്‍ദ്ദം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ശരീരഭാര നിയന്ത്രണത്തിലൂടെ പൊണ്ണത്തടിയുള്ളവരില്‍ രക്താതിസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്തുവാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇക്കൂട്ടരില്‍ പത്ത് കിലോഗ്രാം ശരീരഭാരം കുറയുമ്പോള്‍ ഏകദേശം 5 മുതല്‍ 20 വരെ രക്താതിസമ്മര്‍ദ്ദം കുറയുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശരീരഭാര നിയന്ത്രണം ബി. പി കുറയ്ക്കുന്നതില്‍ എത്രമാത്രം പ്രയോജനകരമാണെന്ന് ഇതില്‍ നിന്നും മനസ്സിലാവുമല്ലോ. ആഹാര നിയന്ത്രണത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തേണ്ടത് രക്താതിസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുവാനും നിയന്ത്രിച്ച് നിര്‍ത്തുവാനും അനിവാര്യമാണ്.
ചിട്ടയായ വ്യായാമം വേണം
ചിട്ടയായ വ്യായാമം പ്രഷര്‍ കുറയ്ക്കുവാന്‍ ഉത്തമമാണ്. നടത്തം, ജോഗിംഗ്, നീന്തല്‍, നൃത്തം നടകയറിയിറക്കം, കളികള്‍ തുടങ്ങിയവയെല്ലാം തന്നെ പ്രഷര്‍ കുറക്കുവാന്‍ ഉത്തമമാണ്. ദിവസവും രാവിലെ കുറഞ്ഞത് അരമണിക്കൂറെങഅകിലും ആഹാരത്തിന് മുന്‍പ് വ്യായാമം ചെയ്താലെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. വ്യായാമം പ്രഷര്‍ കുറയ്ക്കുന്നതിന് പുറമെ ഹൃദ്രോഗം, പ്രമേഹം, കൊളസ്ട്രോള്‍, പൊണ്ണത്തടി, മനോസംഘര്‍ഷം എന്നിവ കുറയ്ക്കുവാനും നല്ല ഉറക്കം ലഭിക്കുവാനും ഇടയാക്കുന്നു.
ധ്യാനവും യോഗയും ജീവനകലയും പ്രഷര്‍ കുറയ്ക്കും.
ആധുനിക മനുഷ്യരില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കമാണ് ജീവിതശൈലീ രോഗങ്ങളായ പ്രഷറും, പ്രമേഹവും, കൊളസ്ട്രോളും കൂടി ഹൃദ്രോഗ സാധ്യത ഏറുവാന്‍ ഇടയാക്കിയത്. ദിവസവും കുറച്ചുസമയം മാനസിക പിരിമുറുക്കങ്ങള്‍ അകറ്റുന്ന യോഗ, ധ്യാനം, പ്രാര്‍ത്ഥന, ജീവനകല എന്നിവയില്‍ ഏതെങ്കിലും ഒന്ന് അഭ്യസിക്കുവാന്‍ വേണ്ടി മാറ്റിവെക്കേണ്ടത് പ്രഷര്‍ കുറയ്ക്കുന്നതിനുപരിയായി ഹൃദയാരോഗ്യം സംരക്ഷിച്ച് ഹൃദയാഘാതത്തെ തടയുവാന്‍ അത്യന്താപേക്ഷിതമാണ്. സ്ഥിരമായി പ്രാണായാമവും സൂര്യനമസ്കാരവും ചെയ്യുന്നവരില്‍ രക്തസമ്മര്‍ദ്ദം കുറയുന്നതോടൊപ്പം തന്നെ പ്രമേഹം, കൊളസ്ട്രോള്‍ ഹൃദ്രോഗസാധ്യത എന്നിവയും കുറയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

സൈബര്‍കെണിയുടെ കാണാപ്പുറങ്ങള്‍    പതിമൂവായിരാമത്തെ അശ്ളീല മെസ്സേജില്‍ യുവാവു പോലീസിന്റെ വലയില്‍ കുടുങ്ങിയെന്ന വാര്‍ത്ത അന്തരീക്ഷത്തില്‍ ചൂടുപിടിച്ചുനില്‍ക്കുകയാണ്. മൊബൈല്‍ഫോണില്‍ എസ്.എം.എസ്. അയച്ചും അശ്ളീലസംഭാഷണങ്ങള്‍ നടത്തിയും സ്ത്രീകളെ ശല്യംചെയ്തുകൊണ്ടിരുന്ന ഈ യുവാവ് എന്‍ജിനിയറിങ് ജോലിക്കുപോകുന്നതിന്റെ തലേന്ന് ചെന്നൈയില്‍വച്ചാണ് അറസ്റിലായത്. മാസങ്ങളായി ഇയാള്‍ നടത്തിവന്ന ഒളിയാക്രമണത്തിന് ഇരയായത് നൂറുകണക്കിന് സ്ത്രീകളും പെണ്‍കുട്ടികളുമാണ്.
    ഒരു എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ മകളെ പുതിയ ഇരയായി കിട്ടിയപ്പോഴാണ് ഇയാളുടെ ഉന്നം പിഴച്ചത്. യുവാവിന്റെ നിരന്തരമായ ശല്യപ്പെടുത്തലിന്റെ ഫലമായി പെണ്‍കുട്ടി മാനസികമായി തളര്‍ന്നതിനെ തുടര്‍ന്ന് പിതാവ് സൈബര്‍സെല്ലില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്കായി നാലുഭാഗത്തും വലവിരിച്ചു. കള്ളസിംകാര്‍ഡ് ഉപയോഗിച്ചാണ് യുവാവ് ഇത്രയും നാള്‍ പോലീസിനെ വെട്ടിച്ചു നടന്നതത്രേ. സഹപാഠിയായ തമിഴ്പെണ്‍കുട്ടിയില്‍നിന്ന് തട്ടിയെടുത്ത സിംകാര്‍ഡുമായിട്ടായിരുന്നു വിലസല്‍. പെണ്‍ശബ്ദത്തില്‍ വിളിച്ചും ഓര്‍ക്കൂട്ട് വിലാസത്തിലൂടെയുമാണ് പോലീസ് പ്രതിയെ കുടുക്കിയത്. ഇത്തരം ഞരമ്പുരോഗികളുടെ ഇരയാകുന്ന പെണ്‍കുട്ടികള്‍ ഒന്നും രണ്ടുമല്ലെന്നോര്‍ക്കണം. ഇവരില്‍ പലരും മാനസികമായി തളരുന്നത് ആരും അറിഞ്ഞുകൊള്ളണമെന്നുമില്ല.
സൈബര്‍ച്ചുഴിയില്‍ കോളേജ് അധ്യാപികയും
    എറണാകുളത്തെ ഒരു കോളേജ് അധ്യാപികയെ കെണിയില്‍ വീഴ്ത്തിയത് സ്വന്തം വിദ്യാര്‍ത്ഥികള്‍. അദ്ധ്യാപികയുടെ ശകാരത്തിനുള്ള പ്രതികാരമായിരുന്നു ഈ നടപടിക്കു പിന്നില്‍. ശിഷ്യ•ാര്‍ അധ്യാപികയുടെ ഫോട്ടോ മൊബൈല്‍ഫോണില്‍ പകര്‍ത്തി മോര്‍ഫിങ്ങിലൂടെ നഗ്നമാക്കിയശേഷം വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു. മാനസികമായി ഏറെ തളര്‍ന്നുപോയ അധ്യാപിക പക്ഷേ, കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ വീറോടെ മുന്നോട്ടുവന്നു.
    പതിമൂന്നു വയസുകാരിയുടെ മാതാപിതാക്കള്‍ പോലീസിന്റെ  പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൈബര്‍സെല്ലില്‍ പരാതിയുമായെത്തിയത്. കേസ് രജിസ്റര്‍ ചെയ്താല്‍ കുട്ടിയുടെയും കുടുംബത്തിന്റെയും സല്‍പ്പേരിന് ഭംഗം വരും. ഈ പാവം പെണ്‍കുട്ടിയെ കുടുക്കിയത് ഒരു പ്ളസ് ടു വിദ്യാര്‍ത്ഥിനിയാണ്. ആരുമറിയാതെ ഓര്‍ക്കൂട്ടിലെ പ്രൊഫൈല്‍ ഡിലീറ്റു ചെയ്യാന്‍ നടപടിയെടുക്കണമെന്നായിരുന്നു ഈ രക്ഷിതാക്കളുടെ അപേക്ഷ.
    സൈബര്‍ച്ചുഴിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഇങ്ങനെ എത്രവേണമെങ്കിലുമുണ്ട്. ചിലര്‍ക്ക് പ്രേമനൈരാശ്യത്തിന്റെ പകപോക്കലാവാം, ചിലര്‍ക്ക് വെറുമൊരു നേരമ്പോക്കാവാം അല്ലെങ്കില്‍ ചികില്‍സയില്ലാത്ത ഞരമ്പുരോഗമായിരിക്കാം. കാലം മാറിയതനുസരിച്ച് കുറ്റകൃത്യങ്ങളുടെ സ്വഭാവവും മാറുമെന്നതു ശരിയാണ്. സൈബര്‍യുഗത്തിലെ കുറ്റവാളികളുടെ ഇരകളാവുന്നത് സ്ത്രീകളാവുമ്പോള്‍ അത് പോലീസിനും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നു.
കെണിയുടെ കാണാപ്പുറങ്ങള്‍
    'ഓര്‍ക്കൂട്ട്' 'ഫെയ്സ്ബുക്ക്' മുതലായ ജനപ്രിയ സൈറ്റുകളില്‍ പ്രൊഫൈല്‍ ഉണ്ടാക്കി 'ഫ്രണ്ട് സര്‍ക്കിള്‍' വിപുലമാക്കുമ്പോള്‍ അപരിചിതരായ പലരുമായും ചാറ്റുചെയ്യാനുള്ള സൌകര്യമൊരുങ്ങും. പ്രായത്തിന്റെ അപക്വതയില്‍ കുട്ടികള്‍ക്ക് ഇതൊരു കൌതുകമായി തോന്നാം. തങ്ങളുടെ ഫ്രണ്ട്സര്‍ക്കിളിലേക്കു ക്ഷണിച്ചുകൊണ്ട് നൂറുകണക്കിന് റിക്വസ്റുകള്‍ വന്നുകൊണ്ടിരിക്കും. ഈ ക്ഷണിതാക്കള്‍ എത്തരക്കാരാണെന്നു മനസിലാക്കാതെയാണ് പെണ്‍കുട്ടികള്‍ സൌഹൃദം സ്ഥാപിക്കുക. ഒരു കാര്യം ഓര്‍ക്കുക, ഇത്തരം ചാറ്റിങ്ങിലൂടെ സ്ത്രീകളുമായി സൌഹൃദം സ്ഥാപിച്ച് അവരെ കുരുക്കിലാക്കുന്നവര്‍ അധികവും കുറ്റവാസന ഉള്ളിലുള്ളവരായിരിക്കും.
ചീറ്റിങ്ങിലെത്തുന്ന ചാറ്റിങ്ങ്
    തുടക്കത്തില്‍ വളരെ മാന്യമായ പെരുമാറ്റമായിരിക്കും ഇവരില്‍നിന്നുണ്ടാവുക. തന്ത്രത്തില്‍ പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുത്തതിനുശേഷം മൊബൈല്‍ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍, ജോലിസ്ഥലം, കുടുംബപശ്ചാത്തലം, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി എന്നിവയൊക്കെ ഇവര്‍ ഓരോന്നായി കൈക്കലാക്കും. അതിനുശേഷമാണ് ചാറ്റിങ്ങ് ചീറ്റിങ്ങിലേക്കു വഴിമാറുക.
    തെറ്റായ ബന്ധത്തിലേക്കു ക്ഷണിക്കുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുക. തുടര്‍ന്ന് ഇരയെ ബ്ളാക്ക് മെയില്‍ ചെയ്യാനുള്ള നടപടി ആരംഭിക്കുകയായി. പെണ്‍കുട്ടി വഴിപ്പെടാതെ വരികയും ഒഴിവാകാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് വില്ലന്‍ പ്രതികാരനടപടിയിലേക്കു കടക്കുന്നത്. പെണ്‍കുട്ടിയുടെ സ്വസ്ഥത തകരുന്ന രീതിയിലേക്കാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങുക. ഇത്തരം കെണിയില്‍ വീണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ഇന്നൊരു ഒറ്റപ്പെട്ട സംഭവമല്ലാതായിരിക്കുന്നു.
പ്രതികാരം ഇങ്ങനെയും
 * പെണ്‍കുട്ടിയുടെ പേരില്‍ സുഹൃത്തുക്കള്‍ക്ക് മോശം സന്ദേശമയയ്ക്കുക
 * മോര്‍ഫുചെയ്ത നഗ്നഫോട്ടോ പ്രദര്‍ശിപ്പിക്കുക
 * പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേരു വച്ചുള്ള വ്യാജ സൈറ്റുണ്ടാക്കി കോള്‍ഗേളായി ചിത്രീകരിക്കുക
 * പെണ്‍കുട്ടിയുടെ ഫോണ്‍നമ്പറും വിലാസവും മറ്റും അജ്ഞാതര്‍ക്ക് കൈമാറുക
 * ഇരയാവുന്ന പെണ്‍കുട്ടിയുടെ പാസ്സ്വേഡ്, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൌണ്ട് എന്നിവ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ബ്ളാക്ക്മെയിലിങ്ങ്
മനസമാധാനം കെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
* സൌഹൃദ നെറ്റ്വര്‍ക്കുകളില്‍ അംഗമാകുമ്പോള്‍ നിങ്ങളുടെ പാസ്വേഡ്, യൂസര്‍നെയിം, വ്യക്തിഗതവിവരങ്ങള്‍ എന്നിവ രഹസ്യമായി സൂക്ഷിക്കുക.പാസ്വേഡ് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കണം.
* സൈറ്റില്‍ വിവരങ്ങള്‍ എന്റര്‍ ചെയ്തു സൂക്ഷിക്കാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഫോട്ടോയും മറ്റു വ്യക്തിഗതവിവരങ്ങളും മറ്റൊരാള്‍ക്ക് ലഭിക്കുന്നവിധം ഷെയര്‍ചെയ്യാനുള്ള അവസരം നല്‍കരുത്.
* എല്ലാവരേയും ഒരുപോലെ കണ്ണടച്ച് വിശ്വസിക്കരുത്. 45 വയസുള്ള കള്ളക്കടത്തുകാരന് 18 വയസുള്ള യുവതിയായി അവതരിക്കാനുള്ള അവസരമുള്ളതിനാല്‍ ഇന്റര്‍നെറ്റിലെ പ്രൊഫൈല്‍ കണ്ട് അതേപടി വിശ്വസിക്കരുത്.
* സ്ക്രാപ് സെറ്റു ചെയ്യുമ്പോള്‍ അത് എല്ലാവര്‍ക്കും കാണാനും കമന്റെഴുതാനും പറ്റുന്ന രീതിയിലുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കരുത്. സ്ക്രാപ് മെസേജ് ഡിലീറ്റുചെയ്യാതെ സൂക്ഷിക്കുന്നതും അപകടമാണ്. അബദ്ധത്തിലെങ്കിലും മറ്റുള്ളവരുടെ സൈറ്റിലേക്ക് കടന്നുകൂടാനുള്ള സാധ്യതയുണ്ട്.
* യഥാര്‍ത്ഥ പേരും ഫോട്ടോയും ഉപയോഗിക്കരുത്.
* സ്വകാര്യത സൂക്ഷിക്കാനായി പ്രൈവസി ടാബ് സെലക്ട് ചെയ്ത് അതില്‍ മാത്രം പ്രൈവറ്റ് ഡോക്യുമെന്റ് സൂക്ഷിക്കുക. നിങ്ങളുടെ ട്രോപ്ഡൌണ്‍ സിസ്റം ഉപയോഗിച്ച് അന്യരുടെ പ്രവേശനം തടയാനും മറക്കരുത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഞരമ്പുരോഗികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ താഴെ പറയുന്നവ ശ്രദ്ധിക്കുക.
1.  സ്വന്തം പേരിലുള്ള സിംകാര്‍ഡുകള്‍ മാത്രം ഉപയോഗിക്കുക
2.  മൊബൈല്‍ സെറ്റ് വാങ്ങുമ്പോള്‍ ബില്ലിലുള്ള ഐഎംഇഐ നമ്പര്‍ സൂക്ഷിക്കുക
3.  സെക്കന്റ്ഹാന്റ് മൊബൈല്‍സെറ്റ് വിശ്വാസമുള്ളവരില്‍നിന്നു മാത്രം വാങ്ങുക.
4.  സിംകാര്‍ഡുകള്‍ മറ്റാര്‍ക്കും കൈമാറാതിരിക്കുക
5.  മൊബൈല്‍സെറ്റ് നഷ്ടമായാല്‍ ഉടന്‍ പോലീസ് സ്റേഷനില്‍ വിവരമറിയിക്കുക
6.  അംഗീകൃത ഡീലര്‍മാരില്‍നിന്നു മാത്രം മൊബൈല്‍ഫോണ്‍, സിംകാര്‍ഡ് എന്നിവ വാങ്ങുക
    സോഷ്യല്‍നെറ്റ്വര്‍ക്കിലൂടെ ആരോഗ്യകരമായ നിരവധി ബന്ധങ്ങള്‍ ഉടലെടുക്കുന്നുണ്ട്. അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താനും ബിസിനസ് ശൃംഖല വര്‍ദ്ധിപ്പിക്കാനുമൊക്കെ കഴിയുന്നു എന്നത് ഇലക്ട്രോണിക് യുഗത്തിന്റെ നേട്ടംതന്നെയാണ്. പക്ഷേ, സൂക്ഷിച്ചില്ലെങ്കില്‍ സ്വൈര്യജീവിതം തകര്‍ക്കുകയും മനസിന്റെ സമനിലതന്നെ താറുമാറാക്കുകയും ചെയ്യുന്ന ഊരാക്കുടുക്കുകളില്‍ അകപ്പെടുമെന്നതുകൊണ്ട് സൈബര്‍രംഗത്തെ ഇടപെടലുകള്‍ വളരെ ഗൌരവപൂര്‍വം വേണം കൈകാര്യം ചെയ്യാന്‍.
    സ്വൈര്യതയുള്ള ജീവിതം മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. മുമ്പ് പെണ്‍കുട്ടികളുടെ ശരീരമാണ് സംരക്ഷിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അവളുടെ പേരും ഫോണ്‍നമ്പറും ഫോട്ടോയും പ്രൊഫൈലുമൊക്കെ അപഹരിക്കപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്.  ഇല്ലെങ്കില്‍ മനപ്രയാസത്തിന്റെ ഭാരം നിങ്ങളുടെ ജീവിതമാകെ താറുമാറാക്കും. ഉറക്കവും ഊണും പഠിക്കാനുള്ള ഏകാഗ്രതയും നഷ്ടപ്പെടുന്നതിനൊപ്പം വിഷാദരോഗവും നിങ്ങളെ പിടികൂടിയേക്കാം. ഇത് നിങ്ങളുടെ ഭാസുരമായ ഭാവിയെയും തകരാറിലാക്കും. അതിനാല്‍ മനസിന്റെ സ്വസ്ഥത നഷ്ടപ്പെടുന്ന സൈബര്‍വലകളില്‍ വീഴാതിരിക്കാന്‍ ഓരോ ചുവടും സൂക്ഷിച്ചുമാത്രം മുന്നോട്ടുവയ്ക്കുക.
healthwatchmalayalam

Monday, 23 January 2012

പാല്‍: നല്ലതോ ചീത്തയോ?

പാനീയങ്ങളില്‍ പ്രഥമസ്ഥാനീയനാണ് പാല്‍. അനാദികാലം മുതല്‍ക്കേ അതങ്ങിനെ തന്നെയാണ്. വിശിഷ്ട പാനീയമായും പോഷകമായും പാല്‍ എന്നും എവിടെയും പരിഗണിക്കപ്പെട്ടു പോന്നു. ഗോത്രസമൂഹങ്ങള്‍ക്കിടയില്‍ മുതല്‍ നഗരവാസികള്‍ക്കിടയില്‍ വരെ. നിറം കൊണ്ടും രുചികൊണ്ടും മാത്രമല്ല പാല്‍ എന്നും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അതിലടങ്ങിയ പോഷകങ്ങളുടെ സമൃദ്ധികൊണ്ടുമായിരുന്നു. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പോഷകങ്ങള്‍ എന്ന വിശേഷണം അങ്ങിനെ പാലിനെ ജനപ്രിയ പാനീയമാക്കി. കുടിലുതൊട്ട് കൊട്ടാരം വരെ. ആകെയുണ്ടായിരുന്ന എതിര്‍പ്പ് സസ്യാഹാരികളില്‍ നിന്ന് മാത്രമായിരുന്നു. മൃഗങ്ങളുടെ പാല്‍ അവയുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന 'വെജ് വാദം' പക്ഷേ വലിയ ക്‌ളച്ച് പിടിച്ചില്ല, ഒരു കാലത്തും. 

Relatedആട്ടിന്‍ പാല്‍, എരുമപ്പാല്‍ തുടങ്ങി പാലുകള്‍ പലതുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് പശുവിന്‍ പാലാണ്. കുഞ്ഞുന്നാളിലേ വീട്ടിലും സ്‌കൂളിലും പഠിപ്പിക്കപ്പെട്ടത് പശുവിന്‍ പാല്‍ ഒരു സമീകൃത ആഹാരം എന്ന നിലയ്ക്കാണ്. പറഞ്ഞ് പഠിപ്പിക്കപ്പെട്ട ആരോഗ്യ പാഠങ്ങളില്‍ എന്നും പാലും മുട്ടയും പോഷക സമൃദ്ധമായ ആഹാരമായിരുന്നു. പക്ഷേ കുറച്ച് നാള്‍ മുമ്പ് മുട്ടയുടെ ഈ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. കൊളസ്‌ട്രോള്‍ രോഗികളുടെ മുഖ്യശത്രുവാണിന്ന് മുട്ട. പ്രത്യേകിച്ച് മഞ്ഞക്കരു. പാലിന്റെ സ്ഥാനവും ഇളകുകയാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

കറന്നെടുത്ത ഉടനെയുള്ള നറുംപാലാണ് ഏറ്റവും നല്ലതെന്ന് അറിയാമെങ്കിലും ആടിനെയും പശുവിനെയും വളര്‍ത്തി പാല്‍കുടിക്കാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ട് ഇന്ന് പായ്ക്കറ്റ് പാലാണ് ഏക ആശ്രയം. പാലിനെതിരെയുള്ള പുതിയ കുറ്റപത്രം പരിശോധിച്ചാല്‍ പായ്ക്കറ്റ് പാലിലേക്കുള്ള ഈ ചുവട് മാറ്റമാണ് പാലിനെ പ്രതിയാക്കുന്നതെന്ന് കാണാനാവും. പതിവായി പാല്‍ കുടിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് പാല്‍ വിരുദ്ധരുടെ വാദം. മാംസം, കൊഴുപ്പ്, അന്നജം, ലവണങ്ങള്‍, ജീവകങ്ങള്‍ തുടങ്ങി മനുഷ്യ ശരീരത്തിനാവശ്യമായ മുഖ്യപോഷകങ്ങളെല്ലാമടങ്ങിയ പാലിന്റെ ആരോഗ്യപരമായ ഗുണഗണങ്ങള്‍ വിസ്മരിക്കാതെ പാലിനെതിരെയുള്ള പുതിയ കുറ്റപത്രത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുകയാണിവിടെ.മാറുന്ന  പാല്‍വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന പാലാണ് ഇന്ന് പാലിനെക്കുറിച്ച് നടക്കുന്ന വിവാദങ്ങളുടെ കേന്ദ്രബിന്ദു. വെള്ളം, കൊഴുപ്പ്, മാംസ്യം, ധാതുക്കള്‍, ലാക്ടോസ്, ജീവകങ്ങള്‍, എന്‍സൈം എന്നിവയാണ് സാധാരണ പാലില്‍ അടങ്ങിയ ഘടകങ്ങള്‍. അതേസമയം പശുവിന്റെ ഭക്ഷണം, പാല്‍ ചുരത്തുന്ന കാലചക്രം, പാലെടുക്കുന്ന തവണകള്‍, പാല്‍ സംസ്‌കരണ പ്രക്രിയ തുടങ്ങിയവ പാലിന്റെ ചേരുവയെ(അതിലടങ്ങിയ ഘടകങ്ങളെ) സ്വാധീനിക്കാം എന്ന വസ്തുതയും നിലനില്‍ക്കുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള പാല്‍ ഉത്പാദനത്തിന് ഇന്ന് ഉപയോഗിക്കുന്ന രീതികള്‍ പലതും തന്നെ പാലിലെ ഘടകങ്ങളെ സ്വാധീനിക്കുന്നവയാണ്. ഇങ്ങിനെ ഉത്പാദിപ്പിക്കുന്ന പാല്‍ ചിലപ്പോഴെങ്കിലും ഒരു പ്രകൃതി വിഭവം പോലും അല്ലാതായി മാറുന്നുണ്ട്. ഉദാഹരണത്തിന് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന പാലിനെ പാസ്ചറൈസ് ചെയ്യാറുണ്ട്. ഹാനികരമായ ബാക്ടീരിയകളെ നശിപ്പിക്കാനാണിത്. എന്നാല്‍ ഇത്തരം പാലിനേക്കാള്‍ പാസ്ചറൈസ് ചെയ്യാത്ത സാഭ്വാവിക പാലാണ് രുചികരവും പോഷകപ്രദവുമെന്നാണ് ചില ഗവേഷകരുടെ വാദം. പാസ്ചറൈസേഷന്‍ പാലിന്റെ പോഷക മൂല്യം കുറയ്ക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇ കോളി, സാല്‍മൊണല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നതോടൊപ്പം ശരീരത്തിന് ഗുണകരമായ ബാക്ടീരിയകളെയും പാസ്ചറൈസേഷന്‍ നശിപ്പിക്കുന്നുണ്ട്.
ഉദാഹരണത്തിന് ലാക്ടോ ബാസില്ലസ് അസിഡോഫിലസ് പോലുള്ള ഉപകാരികളായ ബാക്ടീരിയകളും ദഹനം, പോഷകങ്ങളുടെ ആഗിരണം എന്നിവയെ സഹായിക്കുന്ന എന്‍സൈമുകളുമൊക്ക പാസ്ചറൈസേഷനില്‍ നശിപ്പിക്കപ്പെടുന്നുണ്ട്. പാലില്‍ അടങ്ങിയ ജീവകം ബി വണ്‍, ബി 6, ബി 12, ജീവകം സി തുടങ്ങിയവയുടെ അളവും പാസ്ചറൈസേഷനില്‍ കുറയുന്നതായി ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എങ്കിലും പാസ്ചറൈസ് ചെയ്യാത്ത പാലിലെ ഹാനികരമായ ബാക്ടീരിയകള്‍ ഉണ്ടാക്കാവുന്ന അപകടങ്ങളുമായി തുലനം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന പോഷകമൂല്യത്തെ അവഗണിക്കാവുന്നതാണ്. 

പുല്ല് തിന്നുന്ന പശുവിന്റെ പാലും
കാലിത്തീറ്റ തിന്നുന്ന പശുവിന്റെ പാലും

പുല്ല് തിന്നുന്ന പശുവിന്റെ പാലിനെ അപേക്ഷിച്ച് ധാന്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റ തിന്നുന്ന പശുവിന്റെ പാലിന് താരതമ്യേന പോഷക മൂല്യം കുറവാണ്. കാരണം പാലില്‍ അടങ്ങിയ ബഹുഅപൂരിത കൊഴുപ്പമഌങ്ങളുടെ അളവ് നിര്‍ണയിക്കുന്നത് പശു എന്ത് തിന്നുന്നു എന്നതാണ്. പുല്ല് തിന്നുന്ന പശുവിന്റെ പാലില്‍ ഇത്തരം കൊഴുപ്പമ്‌ളത്തിന്റെ അളവ് കൂടും. പാലിലെ ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡ് അനുപാതം തുല്യമാകുന്നത് മൂലമാണിത്. ഈ അനുപാതം മനുഷ്യന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് കരുതപ്പെടുന്നത്. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂടാനും ട്രൈഗഌസറൈഡിന്റെ അളവ് കുറയാനും നീര്‍ക്കെട്ട് ഇല്ലാതാക്കാനും ഒക്കെ അത് സഹായിക്കും. സ്വഭാവിക സാഹചര്യങ്ങളില്‍ പുല്ല് തിന്ന് വളരുന്ന പശുവിന്റെ പാലില്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന കോണ്‍ജുഗേറ്റഡ് ലിനോലിക് ആസിഡ് എന്ന കൊഴുപ്പ് അഞ്ചിരട്ടിയോളം ഉണ്ടാകുമെന്നും ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

പുല്ലിന് പകരം പശുവിന് കാലിത്തീറ്റ നല്‍കുമ്പോള്‍ പാലിലെ അവശ്യ കൊഴുപ്പമഌങ്ങളുടെ അനുപാതം വ്യത്യാസപ്പെടും. സസ്യേതര സിന്‍തെറ്റിക് ഭക്ഷ്യവസ്തുക്കള്‍ കൊടുത്ത് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന പശുക്കളിലെ പാലില്‍ അപായകരമായ കൊഴുപ്പമഌങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇക്കാരണങ്ങളാലെല്ലാം തന്നെ ഓര്‍ഗാനിക് ഡയറികളില്‍ വളര്‍ത്തുന്ന പശുക്കളില്‍ നിന്നുത്പാദിപ്പിക്കുന്ന പാലിന് ആവശ്യക്കാര്‍ ഇന്ന് കൂടിവരുകയാണ്.
പാലില്‍ ഹോര്‍മോണ്‍
പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഇന്ന് പല ഫാമുകളും ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് പശുക്കളുടെയും ഫാമുകളുടെയും എണ്ണം കുറഞ്ഞിട്ടും പാല്‍ ഉത്പാദനത്തില്‍ വലിയ ഇടിവ് വരാത്തത്. ഇതിന്റെ ഫലമായി പണ്ടത്തേതിനെ അപേക്ഷിച്ച് ഒരു പശുവില്‍ നിന്ന് ശരാശരി ലഭിക്കുന്ന പാലിന്റെ അളവ് ഇന്ന് വളരെയധികം കൂടിയിട്ടുണ്ട്. റീകോംബിനന്റ് ബോവൈന്‍ ഗ്രോത്ത് ഹോര്‍മോണ്‍(rBGH) ആണ് ഇതിനായി പ്രധാനമായും പശുക്കളില്‍ കുത്തിവെക്കുന്നത്. പശുവിന്റെ പിയൂഷ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ സാധാരണ രീതിയില്‍ വളര്‍ത്തപ്പെടുന്ന പശുക്കളുടെ പാലിലും കാണപ്പെടും. എന്നാല്‍ ഹോര്‍മോണ്‍ കുത്തിവെച്ച പശുക്കളുടെ പാലില്‍ ഇതിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഇത് മനുഷ്യശരീരത്തില്‍ എന്തു തരം പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. അത്തരം പാലിനെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന ലേബലുകളൊന്നും ഒരു നിര്‍മാതാവും പാല്‍ പായ്ക്കറ്റില്‍ പതിക്കാറുമില്ല. ഇത്തരം പാല്‍ കുടിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഹോര്‍മോണ്‍ തെറാപ്പിയെ എതിര്‍ക്കുന്നവരുടെ അഭിപ്രായം.

കുത്തിവെപ്പ് നല്‍കിയ പശുക്കളില്‍ ഇന്‍സുലിന്‍ ലൈക്ക് ഗ്രോത്ത് ഫാക്ടര്‍-1 ന്റെ അളവ് അല്ലാത്തവയെ അപേക്ഷിച്ച് 10 മടങ്ങ് കൂടുതലായിരിക്കും എന്നതാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. 

പാല്‍ കുടിച്ചാല്‍ തടി കുറയുമോ?
പാല്‍ കുടിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തുകയുണ്ടായി. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ ഈ കണ്ടെത്തല്‍ സ്വാഭാവികമായും ആകര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ വലിയ കാര്യമില്ലെന്നാണ് പുതിയ നിഗമനം. തടികുറയ്ക്കാനുള്ള പ്രത്യേക കഴിവൊന്നും തന്നെ പാലിനില്ല. പാല്‍ കുടിച്ചതുകൊണ്ട് മാത്രം തടികുറയ്ക്കാന്‍ കഴിയുകയുമില്ല. കലോറി നിയന്ത്രിച്ച് തടികുറയ്ക്കാന്‍ ശ്രമിച്ചവര്‍ ചെറിയ അളവ് പാല്‍ കുടിച്ചപ്പോള്‍ ഭാരം വേഗം കുറയുന്നതായാണ് കണ്ടെത്തിയത്. ഇത് തന്നെ വളരെ കുറഞ്ഞ എണ്ണം ആളുകളില്‍ നടത്തിയ പഠനമാണ്. കലോറി നിയന്ത്രിച്ച് ഡയറ്റ് ക്രമീകരിക്കാത്ത അമിത ഭാരമുള്ളവര്‍ പാല്‍ കുടിച്ചാല്‍ തടി കൂടുക തന്നെ ചെയ്യും. അതേസമയം ശരീര ഭാരം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ നിയന്ത്രിതമായ അളവില്‍ പാല്‍ കുടിച്ചാല്‍ അതില്‍ നിന്ന് ലഭിക്കുന്ന സമ്പൂര്‍ണ മാംസ്യം പേശികളുടെ കേടുപാടുകള്‍ പരിഹരിക്കാനും അവ ദൃഢമാക്കാനും വ്യായാമത്തിനിടെ അവശ്യമായ ഊര്‍ജം നല്‍കാനും സഹായിക്കും. 

അസ്ഥികള്‍ ശക്തമാവുമോ?

പാലില്‍ അടങ്ങിയ കാല്‍സ്യം അസ്ഥികളെ ദൃഢപ്പെടുത്താനും അസ്ഥിക്ഷയം ചെറുക്കാനും സഹായിക്കും എന്ന് നാം പണ്ടേ പഠിച്ചിട്ടുണ്ട്. എന്നാല്‍ പാല്‍ കുടിച്ചത് കൊണ്ട് മാത്രം അസ്ഥിക്ഷയം ചെറുക്കാനാവില്ലെന്നാണ് പുതിയ നിഗമനം. അസ്ഥികളുടെ ദൃഢത നിലനിര്‍ത്താന്‍ കാല്‍സ്യം അവശ്യമാണ്. പ്രത്യേകിച്ച് ചെറുപ്പത്തില്‍. പക്ഷേ പാല്‍കുടിക്കുന്നത് അസ്ഥികളുടെ കരുത്ത് നിലനിര്‍ത്താനായി പതിവാക്കേണ്ട ശീലങ്ങളില്‍ ഒന്ന് മാത്രമാണ്. അസ്ഥികളുടെ ദൃഢതയെ സ്വധീനിക്കുന്ന മറ്റു പല ഘടകങ്ങളും അതിനേക്കാള്‍ നിര്‍ണായകമാണ്. ആവശ്യത്തിന് ജീവകം ഡി ലഭിക്കുക, പുകവലിക്കാതിരിക്കുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവയാണ് അവയില്‍ ചിലത്. കാല്‍സ്യത്തേക്കാള്‍ വൈറ്റമിന്‍ ഡിയുടെ ലഭ്യതയാണ് മുതിര്‍ന്നവരിലെ എല്ല് ബലത്തിന്റെ കാര്യത്തില്‍ നിര്‍ണായകമെന്നാണ് പുതിയ കണ്ടെത്തല്‍. കാരണം ഭക്ഷ്യവസ്തുക്കളിലെ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് വൈറ്റമിന്‍ ഡി കൂടിയേ തീരൂ. പാല്‍ കുടിക്കുന്നതിനൊപ്പം വൈറ്റമിന്‍ ഡി ലഭിക്കുന്നതിനുള്ള പരിശ്രമം കൂടി നടത്തിയാലേ എല്ല് ബലം കൂടൂ എന്ന് ചുരുക്കം. ദിവസവും 1000-1500 മി. ഗ്രാം കാല്‍സ്യമാണ് മുതിര്‍ന്ന ഒരാള്‍ക്ക് ലഭിക്കേണ്ടത്. ഒപ്പം 400 ഐ.യു വൈറ്റമിന്‍ ഡിയും ലഭിക്കണം.

കാന്‍സര്‍ പ്രതിരോധിക്കുമോ?

വന്‍കുടല്‍, മലദ്വാര അര്‍ബുദ സാധ്യത കുറയ്ക്കാന്‍ ദിവസവും പാല്‍ കുടിക്കുന്നതിലൂടെ കഴിയുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ദിവസവും 250 മി. ഗ്രാം കാല്‍സ്യം ലഭിക്കുന്നത്ര പാല്‍ കുടിക്കുന്നവരില്‍ 15 ശതമാനം കണ്ട് കാന്‍സര്‍ സാധ്യത കുറയുന്നതായാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. വെണ്ണപോലുള്ള കാല്‍സ്യം സമൃദ്ധമായ മറ്റ് വിഭവങ്ങളേക്കാള്‍ പാല്‍ തന്നെയാണ് അര്‍ബുദ സാധ്യത കുറയ്ക്കുന്നതെന്നും കണ്ടെത്തിയിരുന്നു. എന്നിരുന്നാലും ഗ്രോത്ത് ഹോര്‍മോണുകള്‍ കുത്തിവെച്ച് പാല്‍ ഉത്പാദനം കൂട്ടുന്ന പ്രവണത ആരംഭിക്കുന്നതിന് മുമ്പാണ് ഈ പഠനങ്ങള്‍ നടന്നത് എന്ന വസ്തുത കാണാതിരുന്ന് കൂട. ഇന്ന് വിപണിയില്‍ ലഭ്യമായ പാലിനും അതേ ഗുണമുണ്ടോ എന്ന് വിലയിരുത്താന്‍ പുതിയ പഠനങ്ങള്‍ ആവശ്യമാണ്


പാലിന് അത്ഭുത ശക്തിയില്ല!

എല്ലാത്തിനുമുപരി ഇന്ന് വിപണിയില്‍ ലഭ്യമായ പാല്‍ ഏതെങ്കിലും പ്രത്യേക തരത്തില്‍ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ല എന്ന് മനസ്സിലാക്കുക. പാലിന്റെ ഗുണമായി ഇന്ന് വരെ പറഞ്ഞിരുന്നതൊക്കെയും മറ്റ് സ്രോതസ്സുകളില്‍ നിന്നും ലഭിക്കാവുന്ന കാല്‍സ്യം, വൈറ്റമില്‍ ഡി എന്നിവയുടെ സമൃദ്ധി മൂലം ഉള്ള മെച്ചങ്ങളുമാണ്. ആധുനിക പാല്‍ ഉത്പാദക വിദ്യകളുടെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുമുണ്ട്. അതുകൊണ്ട് പാല്‍ കുടിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ സ്വഭാവിക സാഹചര്യങ്ങളില്‍ വളര്‍ത്തുന്ന പശുവില്‍ നിന്ന് ലഭിക്കുന്ന ഓര്‍ഗാനിക് പാല്‍ കുടിക്കാന്‍ ശ്രദ്ധിക്കുക. ഇനി പാല്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയാണെങ്കിലോ ഒരു കുറ്റബോധവും വേണ്ട. പാല്‍ ഒരിക്കലും നിര്‍ബന്ധമായും കഴിക്കേണ്ട ഒരു ഭക്ഷ്യവസ്തുവൊന്നുമല്ല. സമീകൃത ആഹാരം കഴിക്കാന്‍ ശ്രദ്ധിച്ചാല്‍ പാല്‍ കുടിക്കാതിരിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് ഒരു കുഴപ്പവും വരില്ല. 

യാസിര്‍ ഫയാസ്‌

ദഹനപ്രശനങ്ങള്‍ദഹനത്തിനുണ്ടാകുന്ന ഏതുപ്രശ്‌നവും പലതരം രോഗങ്ങളിലേക്കു വഴിതെളിക്കും. ശരിയായ ദഹനശോധനക്രമങ്ങളാണുള്ളതെങ്കില്‍ ആരോഗ്യകാര്യത്തില്‍ വലിയൊരു പങ്കുവിജയമായി എന്നു പറയാം. ദഹനശേഷിക്കനുസരിച്ചു മിതമായ തോതിലേ ഭക്ഷണം കഴിക്കാവൂ. ശരീരത്തിന്റെ പൊതു ആരോഗ്യസ്ഥിതിയും ദഹനശേഷിയും പ്രായവും ജോലിയുടെ സ്വഭാവവും ഒക്കെ കണക്കിലെടുത്തുവേണം ഭക്ഷണം കഴിക്കാന്‍. ഭക്ഷണം കഴിക്കുന്ന രീതിയും പ്രധാനമാണ്. നന്നായി ചവച്ചരച്ചു വേണം ഭക്ഷിക്കാന്‍. ദഹനപ്രക്രിയ തുടങ്ങുന്നത് വായിലാണ്. ഭക്ഷണം വായിലിട്ട് വര്‍ത്തമാനം പറയുകയോ ധൃതിപിടിച്ച് വെട്ടി വിഴുങ്ങുകയോ ചെയ്യരുത്. സാവധാനം രുചിയോടെ കഴിക്കുക.
സമീകൃതാഹാരം

ഉപ്പ്, പുളി, കയ്പ്, ചവര്‍പ്പ്, മധുരം, എരിവ് തുടങ്ങി എല്ലാ രസങ്ങളും സമീകൃതമായി അടങ്ങിയ ആഹാരസാധനങ്ങള്‍ കഴിക്കുന്നതു ശീലമാക്കണം. ചില രസങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നതു ശരിയല്ല. ചിലരസങ്ങള്‍ കൂടുന്നതും ചിലതു കുറയുന്നതുമാണ് മിക്ക ദഹനപ്രശ്‌നങ്ങളുടെയും കാരണം.

പ്രാതല്‍ നന്നായി കഴിക്കാം

ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം പ്രഭാതഭക്ഷണം-പ്രാതല്‍-തന്നെയാണ്. രാവിലെ നന്നായി കഴിച്ചാലേ ഊര്‍ജ്ജസ്വലമായി ജോലികള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. നല്ലൊരു പ്രാതല്‍ കഴിച്ചാല്‍ ഉച്ചയൂണിന്റെയും അത്താഴത്തിന്റെയും അളവ് കുറയ്ക്കാനാകും. ഓരോ ഭക്ഷണവും സമീകൃതമായിരിക്കണം. വളരുന്ന പ്രായത്തില്‍ പ്രാതലിന് പ്രത്യേക പ്രാധാന്യമുണ്ട്. സ്‌കൂളിലും കോളേജിലും പോകുന്ന കുട്ടികള്‍ രാവിലെ നന്നായി ഭക്ഷണം കഴിച്ചിട്ടേ പോകാവൂ. ഇല്ലെങ്കില്‍ പഠനത്തില്‍ ശരിയായി ശ്രദ്ധിക്കാനാവില്ല. വയറുവേദനയും ഗ്യാസ്ട്രബിളും മലബന്ധവും പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനും ഇതു കാരണമാകാം.

ഉച്ചഭക്ഷണം

മിക്കവര്‍ക്കും പ്രധാന ഭക്ഷണം ഉച്ചയ്ക്കാണ്. പ്രഭാതഭക്ഷണത്തേക്കാള്‍ കുറച്ചുമാത്രം ഉച്ചഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഉച്ചഭക്ഷണത്തിനുശേഷം അല്‍പനേരം വിശ്രമവുമാവാം.

അത്താഴം അത്തിപ്പഴത്തോളം

ജോലിത്തിരക്കുകള്‍ മൂലം പ്രാതലിനും ഉച്ചഭക്ഷണത്തിനും പ്രാധാന്യം കൊടുക്കാതിരിക്കുകയും അത്താഴം നന്നായി കഴിക്കുകയും ചെയ്യുന്നവരുണ്ട്. ഇതു ശരിയല്ല. അത്താഴം വളരെ കുറച്ചേ വേണ്ടൂ എന്നു വ്യക്തമാക്കുന്നതാണല്ലോ ''അത്താഴം അത്തിപ്പഴത്തോളം'' എന്ന ചൊല്ല്. രാത്രി വൈകും മുമ്പ് അത്താഴം കഴിക്കണം. കുറച്ചുമതി. ഭക്ഷണത്തിലെ ക്രമമില്ലായ്മയാണ് ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍, മലബന്ധം തുടങ്ങി മിക്ക ദഹനപ്രശ്‌നങ്ങള്‍ക്കും കാരണം.

പഴങ്ങള്‍ ശീലിക്കുക

ദഹനശോധനകള്‍ ക്രമീകരിക്കുന്നതില്‍ പഴങ്ങള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പപ്പായ, പൈനാപ്പിള്‍, പേരക്ക, മാമ്പഴം തുടങ്ങി നാട്ടില്‍ സുലഭമായി കിട്ടുന്ന പഴങ്ങളാണ് ഏറ്റവും നല്ലത്. രാസവളവും കീടനാശിനിയും ചേര്‍ക്കാത്തതും വില കുറഞ്ഞതുമായ പപ്പായ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ചോറ് പതിവായി കഴിക്കുന്നവര്‍ എല്ലാ ദിവസവും ഏതെങ്കിലും പയറുവര്‍ഗങ്ങള്‍ കൂടി കഴിക്കണം. എല്ലാത്തരം ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാനും വയറു സുഖമായിരിക്കാനും ഈ ഭക്ഷണശീലങ്ങള്‍ സഹായിക്കും.
ദഹനപ്രശനങ്ങള്‍
പച്ചക്കറി സൂപ്പുകള്‍, പഴച്ചാറുകള്‍ തുടങ്ങിയവയും ദഹനസഹായികള്‍ തന്നെ. മിതവും ഹിതവുമായ ആഹാരക്രമം പുലര്‍ത്തുന്നത് എല്ലാവിധ ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഉത്തമമാണ്. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍, മലബന്ധം, വയറിളക്കം, അപ്പന്‍ഡിസൈറ്റിസ് തുടങ്ങി എല്ലാ പ്രശ്‌നങ്ങളും പ്രതിരോധിക്കാന്‍ ഭക്ഷണക്രമങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലൂടെ കഴിയും.


കടപ്പാട്: 
ഡോ. ഫിലിപ്പ് അഗസ്റ്റിന്‍,
ഡോ. കെ. മാലതി,
വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാട്

അവലംബം: മാതൃഭൂമി ആരോഗ്യമാസിക