Visitors

Monday 19 December 2011

വൃക്കരോഗങ്ങള്‍ തടയാം

ലോകത്തില്‍തന്നെ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വൃക്ക മാറ്റിവെക്കലുള്‍പ്പെടെ നിരവധി ചികിത്സാരീതികള്‍ ലഭ്യമാണെങ്കിലും രോഗിക്കും കുടുംബത്തിനും നേരിടേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയും മാനസിക സമ്മര്‍ദവും നിസ്സാരമല്ല.

യോജിച്ച ദാതാവിനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും നടപടിക്രമങ്ങളുടെ നൂലാമാലകളും കാരണം വൃക്ക മാറ്റിവെക്കലിന് കാത്തിരിക്കുന്ന രോഗികള്‍ നിരവധിയാണ്. മറ്റേതൊരു രോഗത്തിലുമെന്നപോലെ ഇവിടെയും പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല പോംവഴി. ജീവിതശൈലീ ക്രമീകരണങ്ങളിലൂടെയും ജാഗ്രത പുലര്‍ത്തുന്നതിലൂടെയും വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാം.

രോഗനിര്‍ണയം

മനുഷ്യശരീരത്തില്‍ രണ്ടു വൃക്കകളാണുള്ളത്. ഒന്നിന്റെ പ്രവര്‍ത്തനം തകരാറിലായാലും മറ്റേതിന്റെ സഹായത്തോടെ ശാരീരിക പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ വൃക്കരോഗങ്ങള്‍ പലപ്പോഴും വൈകിയേ കണ്ടുപിടിക്കപ്പെടാറുള്ളൂ. അപ്പോഴേക്കും രണ്ടു വൃക്കകളും പൂര്‍ണമായും തകരാറിലായിട്ടുണ്ടാവും. ഈ സാഹചര്യം ചികിത്സ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതിനാല്‍ എത്രയും നേരത്തെ രോഗനിര്‍ണയം നടത്തണം.

ആദ്യ ലക്ഷണങ്ങള്‍

മുഖത്തോ കാലിലോ നീര്, മൂത്രത്തിന്റെ അളവിലും നിറത്തിലും വ്യതിയാനം, നടക്കാനും കയറ്റം കയറാനും കോണിപ്പടി കയറാനും ബുദ്ധിമുട്ട് മുതലായവ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാവാം. എന്നാല്‍, മിക്കവരും ഇവയെ ക്ഷീണമെന്നോ അമിതാധ്വാനമെന്നോ വ്യാഖ്യാനിച്ച് അവഗണിക്കുകയാണ് പതിവ്.

രോഗം മൂര്‍ച്ഛിച്ചാല്‍

രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ചിലപ്പോള്‍ കടുത്ത ശ്വാസംമുട്ടലായിരിക്കും അനുഭവപ്പെടുന്നത്. മറ്റു ചിലര്‍ക്ക് ഛര്‍ദിയായിരിക്കും ലക്ഷണം. നിര്‍ത്താതെയുള്ള ഇക്കിള്‍, കടുത്ത ചൊറിച്ചില്‍, വിളര്‍ച്ച, കണ്ണുകളില്‍ രക്തസ്രാവം, എല്ലുകള്‍ ഒടിയുക തുടങ്ങി മനസ്സിന്റെ സമനില തെററിയതുപോലെയുള്ള പെരുമാറ്റംവരെ വൃക്കരോഗ ലക്ഷണമാവാം.

നേരത്തെ കണ്ടെത്താം

പതിവായുള്ള ക്ലിനിക്കല്‍ പരിശോധനകളിലൂടെ നേരത്തെത്തന്നെ രോഗനിര്‍ണയം സാധ്യമാണ്. മൂത്രത്തിന്റെയും രക്തത്തിന്റെയും സാധാരണ പരിശോധനകളില്‍തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്താനാവും. മൂത്രത്തില്‍ ആല്‍ബുമിന്‍, പ്രോട്ടീന്‍, യൂറിയ, ക്രിയാറ്റിനിന്‍ മുതലായവയുടെ അളവ് പരിശോധിക്കുക പ്രധാനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കാലിലും മുഖത്തും നീര്, വിളര്‍ച്ച, കുടുംബത്തില്‍ പാരമ്പര്യമായി വൃക്കരോഗബാധ തുടങ്ങിയവ ഉള്ളവര്‍ ഇടയ്ക്കിടെ ഇത്തരം പരിശോധന നടത്തുന്നത് നന്നായിരിക്കും. ഇത്തരക്കാര്‍ ഭക്ഷണനിയന്ത്രണം ശീലിക്കുകയും പതിവായി വ്യായാമം ചെയ്യുകയും പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുകയും വേണം. വൃക്കകളുടെ അള്‍ട്രാസൗണ്ട് പരിശോധന നടത്തുന്നതും രോഗനിര്‍ണയത്തിന് സഹായകമാണ്.

വൃക്കകളെ തകരാറിലാക്കുന്ന സാഹചര്യങ്ങള്‍

വൃക്കരോഗത്തിലേക്ക് നയിക്കുന്ന നിരവധി രോഗങ്ങളുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, ക്ഷയം, കുഷ്ഠം, മലമ്പനി, ചില ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ മുതലായവ ഉദാഹരണങ്ങളാണ്. ചില മരുന്നുകളും വൃക്കകളെ തകരാറിലാക്കാം. വേദനസംഹാരികള്‍, മാനസികരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, അമിനോഗ്ലൈക്കോസൈഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. വിഷമാണ് വൃക്കകളെ ബാധിക്കുന്ന മറ്റൊരു ഘടകം. പാമ്പ്, തേള്‍, എട്ടുകാലി മുതലായവയുടെ കടിയേല്‍ക്കുന്നവരില്‍ വിഷം വൃക്കകളെ തകരാറിലാക്കാറുണ്ട്.

No comments:

Post a Comment