Visitors

Friday 7 October 2011

Email this page ഒരു സാധുജീവിയോട് ചിലര്‍ ചെയ്തത്; ചെയ്യരുതാത്തതും!



ഒക്ടോബര്‍ 5 ബുധനാഴ്ച. മലപ്പുറം ആനക്കയം പഞ്ചായത്തിലെ പന്തലൂരംശം ദേശത്ത് കടമ്പോട് അങ്ങാടി. സമയം: വൈകുന്നേരം 6.30. ഒരു ഓട്ടോറിക്ഷ വന്നു നില്‍ക്കുന്നു. അതില്‍ നിന്നിറങ്ങിയ ആള്‍ പിന്‍സീറ്റിലെ വലിയ ചാക്കിന്റെ കെട്ടഴിച്ചു. സാമാന്യം വലിയ രണ്ട് ഉടുമ്പുകള്‍. കൈകാലുകള്‍ പിന്നിലേക്ക് വരിഞ്ഞുകെട്ടിയിട്ടിണ്ട്. ഇരു കൈയിലും അയാള്‍ ഉടുമ്പുകളെ വാലില്‍ തൂക്കി ഉയര്‍ത്തിപ്പിടിച്ചു.
ഉടുമ്പെറച്ചി. അറുത്തു ചോര കുടിക്കുന്നത് അത്യുത്തമം. ചുമരുകളില്‍ ഉടുമ്പിനെപ്പോലെ അള്ളിപ്പിടിച്ചു കയറാം… ലൈംഗീകശേഷി കൂട്ടാം…
ആകര്‍ഷണങ്ങള്‍ അങ്ങനെ ഏറെയുണ്ട്. സെക്കന്റുകള്‍ക്കകം ചുറ്റിനും ആള്‍ക്കാരു കൂടി. വലുതിന് 1500. വലുപ്പമനുസരിച്ച് വിലയില്‍ മാറ്റമുണ്ട്. ഏറ്റവും ചെറുതിന് 1000. 5 മിനിട്ടു കൊണ്ട് ഇറച്ചിയാക്കിക്കൊടുക്കും. ഇറച്ചി കിലോ 600 ഉറുപ്പിക. ഒരാള്‍ വില പറഞ്ഞുറപ്പിച്ച് ഒന്നിനെ വാങ്ങി. മൂര്‍ച്ചയുള്ള അറ്റം വളഞ്ഞ കത്തിയെടുത്ത് അയാള്‍ അറുക്കാന്‍ തയ്യാറായി. ചോര ആര്‍ക്കെങ്കിലും വേണോ? ഉഗ്രന്‍ സാധനമാണ്. ചോര കുടിക്കാന്‍ ആള്‍ക്കാരേറെ. ഇത്ര നല്ല ചാന്‍സ് ഇഞ്ഞി കിട്ടൂലെടാ. മാണങ്ങി കുടിച്ചോ. ആള്‍ക്കാര് പാത്രത്തിന് ഓട്ടം. മിനറല്‍ വാട്ടറിന്റെ കുപ്പി വെട്ടി പാത്രം റെഡി. ചോര കുടിച്ചാലുള്ള ശേഷിക്കൂടുതലിന്റെ വിവരണം. ഉടുമ്പിനെ അയാള്‍ നിലത്തു കിടത്തി തല വളച്ചു പിടിച്ച് കഴുത്തറുത്തു. ചോര പാത്രങ്ങളിലേക്ക് ശേഖരിച്ച് ആള്‍ക്കാര്‍ മോന്തി. ഉടുമ്പിനെ തലകീഴായിപ്പിടിച്ച് അവസാന തുള്ളി ചോരയും ഊറ്റിയെടുത്തു. ഒരാള്‍ ചോരയില്‍ പച്ചമുട്ട പൊട്ടിച്ചൊഴിച്ച് കലക്കിക്കുടിച്ചു.ചോര കുടിച്ചവര്‍ പിന്നെ ഓട്ടമായി. പലരും ആ വഴിക്കു ശേഷി പരീക്ഷിക്കാന്‍ പോയിട്ടുണ്ടാവണം. പിന്നെ കണ്ടില്ല.
ആ ജീവി പിടയ്ക്കുകയൊന്നും ചെയ്തില്ല. വാല്‍ ചുഴറ്റുക മാത്രം ചെയ്തു, ഇളക്കം നില്‍ക്കാന്‍ കാത്തു നിന്നില്ല. തലയും വാലും മുറിച്ചുമാറ്റി, തുടര്‍ന്നു കാല്പ്പാദങ്ങളും. പിന്നെ വയറു കീറി. വയറ്റില്‍ 10^15 മുട്ടകള്‍!! ഉടനേ അതിനും ആവശ്യക്കാരായി. ഒരത്ഭുത ജീവിയുടെ ഓരോ ഭാഗത്തിനും എന്തെങ്കിലുമൊക്കെ സവിശേഷ ഗുണം കാണണമല്ലോ. ഉടുമ്പിന്‍ മുട്ടകള്‍ പൊട്ടിച്ചു കലക്കിയും ചിലര്‍ ചോര കുടിച്ചു.
മിനുട്ടുകള്‍ കൊണ്ടു തൊലിയുരിഞ്ഞു കഷണങ്ങളാക്കി, അയാളതിനെ. വളരെ പരിചയസമ്പന്നനാണ് അയാള്‍ ഈ പണിയില്‍ എന്നു കണ്ടാലറിയാം.
നന്നേ ശാന്തപ്രകുതൃതമുള്ള ജീവിയാണ് ഉടുമ്പ്. കൈകാലുകള്‍ കൂട്ടിക്കെട്ടിയിരുന്നെങ്കിലും വായ കൂട്ടിക്കെട്ടിയിരുന്നില്ല. പ്രാണരക്ഷാര്‍ത്ഥം പോലും ഉടുമ്പ് കടിക്കുകയില്ലെന്നു സാരം. വായ  കെട്ടാതിരിക്കുന്നതിനെപ്പറ്റിയും വില്‍പ്പനക്കാരന് വിശദീകരണമുണ്ട്. “ഇത് എന്തു ചെയ്താലും കടിക്കില്ല. പക്ഷെ അപൂര്‍വ്വമായി ചിലത് കടിക്കും. കടിയേല്‍ക്കുന്നയാള്‍ രക്ഷപ്പെട്ടു, കാരണം, അയാള്‍ക്ക് പാമ്പുവിഷം ഏല്‍ക്കില്ല.
വധശിക്ഷയും കാത്തു തലകീഴാക്കി തൂക്കിപ്പിടിച്ചപ്പോഴും കഴുത്തറുക്കാന്‍ ഒരുങ്ങിയപ്പോഴും അത് നാവുനീട്ടി കരുണ തേടിയപ്പോഴും ഒരു നാട്ടുകാരനും പ്രതികരിച്ചില്ല!! ഒരു പരിസ്ഥിതി പ്രേമിയെയും ആ വഴിക്ക് കണ്ടില്ല !!
അവശേഷിച്ചവയ്ക്ക്  ആവശ്യക്കാരെയും തേടി ഓട്ടോ തൊട്ടടുത്ത പന്തല്ലൂര്‍, പുളിക്കല്‍ അങ്ങാടികളില്‍ കറങ്ങി. പിന്നീട് സാധനം ആവശ്യമുള്ളവര്‍ പലരും ഓര്‍ഡര്‍ കൊടുക്കുന്നുണ്ടായിരുന്നു. എങ്ങനെയോ വിവരം കേട്ടറിഞ്ഞ പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തി. കടമ്പോട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും ചാക്കില്‍ക്കെട്ടിയ നിലയില്‍ ജീവനോടെയുള്ള ഉടുമ്പുകളെയും പിടിച്ചെടുത്തു കൊണ്ടുപോയി. വില്‍പ്പനക്കാരന്‍ അതിനിടയില്‍ എങ്ങോ അപ്രത്യക്ഷനായി.
ഇവിടെ വെളിവായത് നമ്മുടെ നാട്ടുകാരുടെ വന്യജീവികളോടുള്ള സമീപനം. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ആരൊക്കെയോ അടിച്ചേല്‍പ്പിച്ച ‘ഔഷധവീര്യം’ ഒരു സാധുജീവിയെ വംശനാശത്തിലേക്ക് നയിക്കുന്ന ദൈന്യതയാര്‍ന്ന അവസ്ഥയാണിത്. ഇത്തരം അന്ധവിശ്വാസതിലധിഷ്ടിതമായ മുന്‍ വിധികളാണ് എണ്ണത്തില്‍ സമൃദ്ധമായിരുന്ന നിരവധി ജീവികളെ ഭൂമുഖത്തുനിന്നു എന്നെന്നേക്കുമായി തുടച്ചുനീക്കിയത്. വില്‍പ്പനക്കാരന്‍ മാത്രമല്ല, ആവശ്യക്കാരും കടുത്തശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. കര്‍ശന നിയമങ്ങളെക്കാള്‍ വിവേകവും സഹജീവികളോട് അല്‍പ്പം അലിവുമാണ് ജീവന്റെ തുടര്‍ച്ചയ്ക്കായി ആവശ്യം.
അറിവില്ലായ്മ ഒരു ഒഴിവുകഴിവല്ല എന്നറിയുക
നാട്ടുകാര്‍ക്കും സുപരിചിതനാണ് പ്രതി. പിടിയിലായ ഓട്ടോ KL 10 7081. പക്ഷേ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടിയിട്ടില്ല. ഓട്ടോയില്‍ 7 ഉടുമ്പുകള്‍ കൂടി ഉണ്ടായിരുന്നു. ആ നാട്ടുകാരുടെ പ്രവര്‍ത്തികളും അന്ധവിശ്വാസവും വിചിത്രമായി തോന്നി. ആരും പ്രതികരിച്ചില്ല. ആ വഴി പോയ മറുനാട്ടുകാരാരെങ്കിലുമാവാം പോലീസിലറിയിച്ചത്. അവര്‍ എത്തിയപ്പോഴേക്കു പക്ഷേ, പ്രതി രക്ഷപ്പെട്ടു. വേറെ ഏതെങ്കിലും നാട്ടിലായിരുന്നെങ്കില്‍ അയാളെ പിടിച്ചു കൈയും കാലും കെട്ടി പോലീസിലേല്‍പ്പിക്കാന്‍ ഉശിരുള്ള ചിലരെങ്കിലും ഉണ്ടായേനെ. വന്യജീവിവാരാഘോഷങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴാണ് ഒരു നാട് ഇങ്ങനെ ‘മാതൃക’ കാട്ടുന്നത്. വിചിത്രം! അല്ലാതെന്തു പറയാന്‍…

No comments:

Post a Comment