Visitors

Friday 7 October 2011

സ്വര്‍ണ്ണം സൂക്ഷിക്കുന്നത് അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക് വിനയാകുന്നു



ന്യൂയോര്‍ക്ക്: സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നത് ഇന്ത്യക്കാരുടെ പണ്ട് മുതല്‍ക്കേയുള്ള സ്വഭാവമാണ്. ഇന്ത്യക്കാരുടെ ഈ സ്വഭാവം ലോകപ്രശസ്തവുമാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ ഉപഭോക്താക്കള്‍ ഉള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഡോളറിന്റെ മൂല്ല്യം ഇടിഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്ന നിലക്ക് സ്വര്‍ണ്ണം വാങ്ങിസൂക്ഷിക്കുന്ന എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യം അപ്രതീക്ഷിതമായ തിരിച്ചടിയായിരിക്കുന്നത് അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കാണ്.
സിലിക്കണ്‍ വാലിയില്‍ ജീവിക്കുന്ന, ഇന്ത്യയില്‍ നിന്ന് കുടിയേറിയവരും കുടുംബ സമേതം താമസിക്കുന്നവരുമായ ഇന്ത്യക്കാര്‍ മോഷ്ടാക്കള്‍ മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. ഇന്ത്യക്കാരുടെ സ്വര്‍ണ്ണത്തിനോടുള്ള ഭ്രമം അറിയാവുന്ന മോഷ്ടാക്കള്‍ ഇപ്പോള്‍ അവരെ മാത്രം ലക്ഷ്യമിടുകയാണത്രെ. സ്വര്‍ണ്ണത്തിന് വില കൂടിയ പുതിയ സാഹചര്യത്തില്‍ തോക്ക് ചൂണ്ടിയും മറ്റു ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും വീടുകളില്‍ നിന്നും സ്വര്‍ണ്ണം കവരുന്ന കേസുകള്‍ കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ അറിയപ്പെടുന്നത് തന്നെ ഏറ്റവും ഗുണനിലവാരം കൂടിയ 20, 22 കാരറ്റ് സ്വര്‍ണ്ണം സൂക്ഷിക്കുന്നതിന്റെ പേരിലാണ്. ഒരു ബാങ്കില്‍ നടത്തുന്ന ചെറിയ കൊള്ളയ്ക്ക് സമാനമായ സ്വര്‍ണ്ണം അമേരിക്കയിലെ പല ഇന്ത്യക്കാരുടെ വീടുകളില്‍ നിന്നും മോഷ്ടാക്കള്‍ കവരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ ഇന്ത്യന്‍സ് ഇതുമൂലം വലിയ നഷ്ടങ്ങള്‍ സഹിക്കുകയാണ്. മിക്ക മോഷ്ടാക്കളും കവര്‍ച്ച നടത്തുന്നത് വീട്ടുകാര്‍ ഇല്ലാത്ത സമയം നോക്കിയാണെന്ന് കാലിഫോര്‍ണ്ണിയ പോലീസ് പറയുന്നു.
അടുത്തിടെ ഭാര്യയെയും ഭര്‍ത്താവിനെയും ആറു വയസ്സുകാരനായ മകനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി സ്വര്‍ണ്ണം ശേഖരിച്ച ശേഷം ഭാര്യയുടെ കഴുത്തിലെ മാലയും ഭര്‍ത്താവിന്റെ കൈയ്യിലെ ബ്രേസ്‌ലെറ്റും വരെ മോഷ്ടിച്ചത്രെ. 25,000 ഡോളറിന്റെ സ്വര്‍ണ്ണമാണത്രെ ഈ വീട്ടില്‍ നിന്നും കള്ളന്‍ കവര്‍ന്നത്.

No comments:

Post a Comment