Visitors

Wednesday 5 October 2011

കോഴിക്കോട്ടെ ബ്രാന്റഡ് കോഴിക്കാലുകള്‍



കോഴിക്കോട്ടെ ബ്രാന്റഡ് കോഴിക്കാലുകള്‍

കോഴിക്കോട് മാവൂര്‍ റോഡിലെ അമേരിക്കന്‍ കോഴിക്കടയില്‍ നിന്നുള്ള മാലിന്യങ്ങള്‍ റോഡരികില്‍ തള്ളിയതിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത രീതി ശ്രദ്ധേയമായി. റോഡരികില്‍ തള്ളിയ ബ്രാന്റഡ് എല്ലിന്‍ കഷ്ണങ്ങള്‍ എല്ലാം പെറുക്കിയെടുത്ത് വണ്ടിയില്‍ കയറ്റി തിരിച്ച് സാക്ഷാല്‍ കോഴി മുതലാളിയുടെ പൂമുഖത്ത് തന്നെ നിക്ഷേപിക്കുന്നതായിരുന്നു ആ പ്രക്രിയ.
സംസ്‌കരണത്തിലെ അപാകതകള്‍ കാരണം മാലിന്യം കുമിഞ്ഞുകൂടുകയും അത് കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാം കണ്ടുകൊണ്ടിരിക്കയാണ്. നാട്ടുകാര്‍ എലിപ്പേടിയില്‍ പനിച്ച് വിറച്ച് മരിക്കുമ്പോഴാണ് അമേരിക്കന്‍ കോഴിക്കാലുകള്‍ ഒരു ദിനം നടുറോട്ടില്‍ കുമിഞ്ഞ് കൂടിയിരിക്കുന്നത് കണ്ടത്. നോക്കിയപ്പോള്‍ എല്ലാം ബ്രാന്റഡ് ഐറ്റങ്ങള്‍. എല്ലിന്‍ കഷ്ണത്തിലും സ്റ്റിക്കറൊട്ടിച്ചിട്ടുണ്ട്. പിന്നെ സംശയിക്കാനില്ല, നേരെ രണ്ടാഴ്ച മുമ്പ് കോഴിക്കോടിന്റെ വിരിമാറില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച കെ.എഫ്.സി റസ്റ്റോറന്റിന്റെ മുന്നിലെത്തി അവയെല്ലാം.
കോഴിപ്പാര്‍ട്‌സുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നമ്മുടെ റോട്ടിലും പുഴയിലും ചിലപ്പോഴൊക്കെ ഇത്തരത്തില്‍ നിക്ഷേപിക്കപ്പെടാറുണ്ട്. നാട്ടുകാര്‍ കോര്‍പ്പറേഷനെയോ പഞ്ചായത്തിനെയോ വിവരമിറിയിച്ച് അത് അവിടുന്ന് നീക്കുകയോ തുടര്‍ച്ചയായി നിക്ഷേപിക്കുന്നവനെ രാത്രിയില്‍ ഉറക്കമിളച്ച് ഒളിച്ചിരുന്ന് ‘കൈകാര്യം ചെയ്യുകയോ’ ആണ് പതിവ്. എന്നാല്‍ കെ.എഫ്.സി മാലിന്യങ്ങള്‍ കണ്ട നാട്ടുകാര്‍ക്ക് അങ്ങിനെ നോക്കി നില്‍ക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ക്കെല്ലാം പതിവില്ലാത്ത രോഷമുണ്ടായിരുന്നു. പ്രതിഷേധത്തിന് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്ത് വരികയും ചെയ്തു.
നല്ല പൊരിച്ച കോഴിയും നെയ്‌ച്ചോറുമുണ്ടാക്കാന്‍ അറിവുള്ളവരാണ് കോഴിക്കോട്ടുകാര്‍. ഇറച്ചികൊണ്ട് അവര്‍ ഇന്ദ്രജാലം തീര്‍ക്കും. അവിടെയെന്തിന് കെ.എഫ്.സി റസ്റ്റോറന്റെന്ന ചിന്തയിലായിരുന്നു ആദ്യം ഞാന്‍. എന്നാല്‍ മാവൂര്‍ റോഡില്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തനം തുടങ്ങിയ അന്ന് തന്നെ വലിയ തിരക്കായിരുന്നു. കോഴിക്കോട്ടുകാര്‍ ആദ്യമായി കോഴി പൊരിച്ചത് കാണുന്ന പോലെ.
കേരളത്തില്‍ കെന്റകി ചിക്കന്‍ അത്രയൊന്നും പ്രചാരമില്ലാതിരുന്ന കാലത്ത് കെ.എഫ്.സിയെക്കെത്തിരെ ചില ഇടതുപക്ഷ സംഘടനകളും ചില മുസ്‌ലിം സംഘടനകളും ഊക്കന്‍ പ്രസംഗം നടത്തുന്നത് കേള്‍ക്കാമായിരുന്നു. ഇപ്പോള്‍ കെ.എഫ്.എസി നമ്മുടെ മൂക്കിന് താഴെയെത്തിയപ്പോള്‍ യവന്‍മാരെയൊന്നും കാണാനില്ലാത്തസ്ഥിതിയായിരുന്നു. അമേരിക്ക വീട്ടുമുറ്റത്തെത്തിയപ്പോള്‍ എന്തുകൊണ്ട് ഇവര്‍ അടങ്ങിയിരിക്കുന്നുവെന്ന് ആലോചിച്ചപ്പോള്‍ പഴയ അമേരിക്കന്‍ വിരോധമെല്ലാം കാലക്രമേണ അലിഞ്ഞില്ലതെയായിട്ടുണ്ടാവുമെന്ന് ഞാന്‍ കരുതി. കെന്റകി ചിക്കനെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതല്ല, അവിടെപ്പോയിരുന്ന് മൂക്കുമുട്ടെ തിന്നാണ് തോല്‍പ്പിക്കേണ്ടതെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ടാവും.
പാവം അമേരിക്കക്കാരോടല്ല, എതിര്‍പ്പ് അമേരിക്കന്‍ സാമ്രാജ്യത്വത്തോടാണെന്ന് അടുത്തിടെ ലീക്‌സ് വിവാദത്തിനിടെ സി.പി.ഐ.എം വ്യക്തമാക്കുകയും ചെയ്തിരുന്നു. അപ്പോള്‍പ്പിന്നെ പാവം കെന്റകി ചിക്കനെ വെറുതെ വിടാം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ താങ്ങിനിര്‍ത്തുന്നത് സാമ്പത്തി-വ്യവസായ ശക്തികളാണെന്ന കാര്യം മറക്കാം. സാമ്രാജ്യത്വം ഭക്ഷണത്തിന്റെ രൂപത്തിലും സംസ്‌കാരത്തിന്റെ വേഷമണിഞ്ഞും കടന്നുവരുമെന്നത് വിസ്മരിക്കാം. നമുക്ക് നമ്മുടെ മുറ്റത്തെ അമേരിക്കയെ ചോദ്യം ചെയ്യാം എന്ന് പണ്ട് വിജയന്‍മാഷ് പറഞ്ഞപ്പോഴാണല്ലോ പലരുടെയും നെറ്റി ചുള്ളിഞ്ഞത്.
മുസ്‌ലിം സംഘടനകളുടെ കാര്യമാണ് ഏറെ കഷ്ടം. ഗള്‍ഫില്‍ പോയി പിരിവെടുത്ത് ഉപജീവനം കഴിക്കുന്നവരാണ് മിക്ക മുസ്‌ലിം സംഘടനകളും. അടുത്ത കാലം വരെ വലിയ അമേരിക്കന്‍ വിരോധികളായിരുന്ന ഇത്തരം പല സംഘടനകളും ഇപ്പോള്‍ മിണ്ടുന്നില്ല. അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഗള്‍ഫിലെ ബക്കറ്റ് പിരിവില്‍ കാര്യമായ കുറവുണ്ടാകാന്‍ തുടങ്ങി. അങ്ങിനെ നേതാക്കള്‍ ആത്മപരിശോധനയും ഗവേഷണവും നടത്തിയപ്പോഴാണ് ഇങ്ങ് കേരളത്തില്‍ വിളിക്കുന്ന അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളെല്ലാം അങ്ങോട്ട് കേള്‍ക്കുന്നുണ്ടെന്ന് അറിഞ്ഞത്.
അമേരിക്കന്‍ നിഴലായി നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പിന്നെങ്ങിനെ ഫണ്ട് പിരിയും. അപ്പോള്‍ അവരും അമേരിക്കന്‍ വിരുദ്ധത അറബിക്കടലിലെറിഞ്ഞു. കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക സംഘടനയുടെ വിദ്യാര്‍ത്ഥി വിഭാഗത്തോട് മുകളില്‍ നിന്ന് അമേരിക്കയെ ഇങ്ങിനെ അന്ധമായി എതിര്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശം വന്നിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എതിര്‍ത്താല്‍ കഞ്ഞികുടി മുട്ടുമെന്ന് ചുരുക്കം…
അമേരിക്കന്‍ വിരോധത്തിന്റെ കാലം കഴിഞ്ഞുവെന്ന് കരുതിയിരിക്കുമ്പോഴാണ് കെ.എഫ്.സി വേസ്റ്റിന്റെ രൂപത്തില്‍ അത് തിരിച്ചെത്തുന്നത്. ജനങ്ങളുടെ ഇത്രയും ശക്തമായ പ്രതിഷേധത്തിന്റെ കാരണമന്വേഷിച്ചപ്പോഴാണ് അതില്‍ ഒരു ഘടകം കെ.എഫ്.സിയോടുള്ള അഥവാ അമേരിക്കയോടുള്ള എതിര്‍പ്പാണെന്ന കാര്യം മനസ്സിലായത്. ആര് ഉപേക്ഷിച്ചാലും കേരളത്തിലെ ജനങ്ങള്‍ അമേരിക്കന്‍ വിരുദ്ധത ഉപേക്ഷിക്കില്ലെന്ന് മനസ്സിലായി. പ്രതിഷേധത്തിന് മുന്നില്‍ കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമുണ്ടായിരുന്നു. അപ്പോള്‍ കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐക്കാരും ഒരു പ്രത്യേക തരമാണ്.
ഓര്‍മ്മയ്ക്ക്: ആഗോളവല്‍ക്കരണലിബറല്‍ ആശയങ്ങളും പരിപാടികളും മുന്നോട്ടു വെച്ച സമയത്ത് ഇറ്റലിയില്‍ വളരെ വലിയ ഒരു പ്രക്ഷോഭം നടന്നിരുന്നു. ആ പ്രകടനം നടന്നത് കെന്റകി ഫ്രൈഡ് ചിക്കന്റെ കടന്നു വരവിനെതിരെയായിരുന്നു. അവരുന്നയിച്ചത് കച്ചവടത്തിന്റെയോ, വ്യവസായത്തിന്റെയോ കാര്യമായിരുന്നില്ല. ഇറ്റാലിയന്‍ ഭക്ഷ്യസംസ്‌കാരത്തെ തകര്‍ക്കാന്‍ പോകുന്നതിനെതിരെയുള്ളതായിരുന്നു ആ പ്രക്ഷോഭം.
ലോകത്തിലെ തന്നെ ഏറ്റവും തനതായ ഭക്ഷണരീതിയാണ് ഇറ്റലിയുടേത്. ഈ ഭക്ഷണ സമ്പ്രദായത്തെയും സംസ്‌കാരത്തെയും കീഴടക്കുന്നതിനെതിരെയായിരുന്നു പ്രക്ഷോഭം. അവരുന്നയിച്ച പ്രശ്‌നത്തിന്റെ അര്‍ത്ഥം, ഭക്ഷണരീതി സംസ്‌കാരത്തിന്റെ വളരെ വലിയൊരു ഭാഗമാണ് എന്ന സത്യമാണ്. അമേരിക്കന്‍ മൂലധനത്തിന്റെ കടന്നുവരവ് ഈ സംസ്‌കാരത്തെ നശിപ്പിക്കുമെന്നതാണ് ഉന്നയിക്കപ്പെട്ടത്.
മറ്റു സംസ്‌കാരങ്ങളുമായി ഇടപെടുമ്പോള്‍, അതിലെ നന്മകള്‍ സ്വീകരിച്ച് നാം നമ്മുടെ ഭക്ഷണരീതിയടക്കമുള്ള ചര്യകള്‍ നിരന്തരം പരിഷ്‌കരിക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ട് എന്ന ചരിത്ര സത്യം മറന്നുകൊണ്ടല്ല ഇത്. അത് കൊടുക്കല്‍ വാങ്ങലുകളാണ്… ജനാധിപത്യപരമായ തിരഞ്ഞെടുക്കലുകളായിരുന്നു. ഇന്നങ്ങനെയല്ല…മൂലധനത്തിന്റെ അടിച്ചേല്‍പ്പിക്കലാണ് നടക്കുന്നത്. അമേരിക്കക്ക് കൊടുക്കല്‍ വാങ്ങലുകളില്‍ വിശ്വാസമില്ല, കീഴടക്കലാണ് അവരുടെ പ്രത്യയശാസ്ത്രം.

No comments:

Post a Comment