Visitors

Saturday 8 October 2011

ബോസ്‌കോയുടെ വലതുകരത്തിന്റെ തിരുശേഷിപ്പ് വഹിക്കുന്ന പേടകം കൊല്ലത്ത് സന്ദര്‍ശനം നടത്തുന്നു



കൊല്ലം: സലേഷ്യന്‍ സന്യാസസമൂഹ സ്ഥാപകന്‍ ഡോണ്‍ ബോസ്‌കോയുടെ വലതുകരത്തിന്റെ തിരുശേഷിപ്പ് വഹിക്കുന്ന പേടകം 11,12 തീയതികളില്‍ കൊല്ലത്ത് സന്ദര്‍ശനം നടത്തുമെന്ന് തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി ഫാ.തോമസ് മേക്കാട്ടുപറമ്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സലേഷ്യന്‍ സന്യാസ സമൂഹം സ്ഥാപിതമായതിന്റെ 150-ാം വാര്‍ഷിക ദിനമായ 2009 ജനുവരി 31ന് ഇറ്റലിയിലെ ടൂറിനില്‍ നിന്ന് ആരംഭിച്ച തീര്‍ഥയാത്രയാണ് 11ന് കൊല്ലത്ത് എത്തുന്നത്.
ഡോണ്‍ബോസ്‌കോയുടെ തിരുശേഷിപ്പടങ്ങുന്ന പേടകം മെഴുകുകൊണ്ട് നിര്‍മിതമായ  സ്വരൂപത്തിനുള്ളിലെ  ഹൃദയഭാഗത്താണ് സൂക്ഷിച്ചിരിക്കുന്നത്.
27 സെന്റീമീറ്റര്‍ നീളവും 16 സെന്റീമീറ്റര്‍ ഉയരവുമുള്ള പെട്ടിക്കുള്ളിലാണ് തിരുശേഷിപ്പുള്ളത്. പേടകത്തിന് 850 കിലോഗ്രാം ഭാരമുണ്ട്. പ്രത്യേകം രൂപകല്‍പ്പനചെയ്ത വാഹനത്തിനുള്ളിലാണ് പേടകം സൂക്ഷിച്ചിട്ടുള്ളത്.
നീണ്ടകര സെന്റ്‌സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ 11ന് രാവിലെ ആറുമുതല്‍ എട്ടുവരെയും സെന്റ്‌സെബാസ്റ്റ്യന്‍സ് തീര്‍ഥാടന കേന്ദ്രത്തില്‍ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും തോപ്പ് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30മുതല്‍ 12ന് രാവിലെ 5.15വരെയും കൊട്ടിയം നിത്യസഹായമാതാ ദേവാലയത്തില്‍ രാവിലെ ആറുമുതല്‍ ഒമ്പതുവരെയും തിരുശേഷിപ്പ് വണക്കവും പ്രാര്‍ഥനാ ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് തിരുശേഷിപ്പ് തിരുവനന്തപുരം ജില്ലയിലേക്ക് പോകും.
11ന് രാവിലെ പത്തിന് തുയ്യം സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടന കേന്ദ്രത്തില്‍ കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമനും വൈകുന്നേരം ആറിന് തോപ്പ് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും കൃതജ്ഞതാബലി അര്‍പ്പിക്കും.
തോപ്പ് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ 11ന് ഉച്ചകഴിഞ്ഞ് 3.15ന് വിശുദ്ധന്റെ തിരുശേഷിപ്പിന് കൊല്ലം പൗരാവലിയുടെ സ്വീകരണം നല്‍കും. കൊല്ലത്തെ ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ പി.ജി.തോമസ്, സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസ് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.
കേരളത്തില്‍ 80 സ്ഥലത്താണ് തിരുശേഷിപ്പ് തീര്‍ഥാടനം നടത്തുന്നത്. ഡോണ്‍ ബോസ്‌കോയുടെ രണ്ടാം ജന്മശതാബ്ദിയോട് അനുബന്ധിച്ച് സലേഷ്യന്‍ സഭാംഗങ്ങള്‍ സേവനം ചെയ്യുന്ന 130 രാജ്യങ്ങളില്‍ തിരുശേഷിപ്പ് സന്ദര്‍ശനം നടത്തും.
പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ എ.ജെ.ഡിക്രൂസ്, ഫാ.സന്തോഷ്, പ്രഫ.ആന്റണി, തങ്കച്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment