Visitors

Friday 7 October 2011

ശുക്രനിലും ഓസോണ്‍


ലണ്ടന്‍: ഭൂമിയുടെ സഹോദരഗ്രഹം എന്നു വിശേഷിപ്പിക്കപ്പെടുന്ന ശുക്രനും ഓസോണ്‍ പാളിയെന്ന രക്ഷാകവചമുണ്ടെന്നു ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഭൂമിയുടേതിനേക്കാള്‍ നൂറു മടങ്ങ് നേര്‍ത്ത ഓസോണ്‍ പാളിയാണ് ശുക്രനുള്ളത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പേടകമായ വീനസ് എക്‌സ്പ്രസാണ് ശുക്രന്റെ ഈ നേര്‍ത്ത ഓസോണ്‍ പാളി കണ്ടെത്തിയത്.
ചൊവ്വാഗ്രഹത്തിനും ഭൂമിയ്ക്കും മാത്രമാണ് ഇതുവരെ ഓസോണ്‍പാളി കണ്ടെത്തിയിട്ടുള്ളത്. മറ്റ് ഗ്രഹങ്ങളില്‍ ജീവന്‍ തേടിയുള്ള ശാസ്ത്രജ്ഞരുടെ യാത്രയ്ക്ക് ഏറെ സഹായകരമാകും ഈ കണ്ടെത്തല്‍. ശുക്രന്റെ ഉപരിതലത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ അകലെയാണ് ഓസോണ്‍ കവചം കണ്ടെത്തിയിരിക്കുന്നത്.
അന്യഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യം തേടുന്ന ജ്യോതിശാസ്ത്രജ്ഞര്‍ക്കു ഗുണകരമായ കണ്ടുപിടുത്തമാണിതെന്ന് ഗവേഷകര്‍ പറയുന്നു. ശുക്രന്റെ അന്തരീക്ഷത്തിലൂടെ മറ്റു നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നതിനിടെയാണ് സുതാര്യമായ ഓസോണ്‍പാളി കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
വീനസ് എക്‌സ്പ്രസ് ക്രാഫ്റ്റിനു ശുക്രന്റെ അന്തരീക്ഷത്തില്‍ നിന്നു മറ്റു നക്ഷത്രങ്ങളെ നിരീക്ഷിക്കുമ്പോള്‍ പ്രതീക്ഷിച്ചതിലും അവ്യക്തമായ ദൃശ്യമാണ് ലഭിച്ചതെന്നും അള്‍ട്രാവൈലറ്റ് രശ്മികളെ ഓസോണ്‍പാളി വലിച്ചെടുക്കുന്നതിനാലാണ് ഈ പ്രതിഭാസമുണ്ടായതെന്നും ഗവേഷകസംഘം പറഞ്ഞു.

No comments:

Post a Comment