Visitors

Monday 23 January 2012

ദഹനപ്രശനങ്ങള്‍



ദഹനത്തിനുണ്ടാകുന്ന ഏതുപ്രശ്‌നവും പലതരം രോഗങ്ങളിലേക്കു വഴിതെളിക്കും. ശരിയായ ദഹനശോധനക്രമങ്ങളാണുള്ളതെങ്കില്‍ ആരോഗ്യകാര്യത്തില്‍ വലിയൊരു പങ്കുവിജയമായി എന്നു പറയാം. ദഹനശേഷിക്കനുസരിച്ചു മിതമായ തോതിലേ ഭക്ഷണം കഴിക്കാവൂ. ശരീരത്തിന്റെ പൊതു ആരോഗ്യസ്ഥിതിയും ദഹനശേഷിയും പ്രായവും ജോലിയുടെ സ്വഭാവവും ഒക്കെ കണക്കിലെടുത്തുവേണം ഭക്ഷണം കഴിക്കാന്‍. ഭക്ഷണം കഴിക്കുന്ന രീതിയും പ്രധാനമാണ്. നന്നായി ചവച്ചരച്ചു വേണം ഭക്ഷിക്കാന്‍. ദഹനപ്രക്രിയ തുടങ്ങുന്നത് വായിലാണ്. ഭക്ഷണം വായിലിട്ട് വര്‍ത്തമാനം പറയുകയോ ധൃതിപിടിച്ച് വെട്ടി വിഴുങ്ങുകയോ ചെയ്യരുത്. സാവധാനം രുചിയോടെ കഴിക്കുക.
സമീകൃതാഹാരം

ഉപ്പ്, പുളി, കയ്പ്, ചവര്‍പ്പ്, മധുരം, എരിവ് തുടങ്ങി എല്ലാ രസങ്ങളും സമീകൃതമായി അടങ്ങിയ ആഹാരസാധനങ്ങള്‍ കഴിക്കുന്നതു ശീലമാക്കണം. ചില രസങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നതു ശരിയല്ല. ചിലരസങ്ങള്‍ കൂടുന്നതും ചിലതു കുറയുന്നതുമാണ് മിക്ക ദഹനപ്രശ്‌നങ്ങളുടെയും കാരണം.

പ്രാതല്‍ നന്നായി കഴിക്കാം

ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം പ്രഭാതഭക്ഷണം-പ്രാതല്‍-തന്നെയാണ്. രാവിലെ നന്നായി കഴിച്ചാലേ ഊര്‍ജ്ജസ്വലമായി ജോലികള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. നല്ലൊരു പ്രാതല്‍ കഴിച്ചാല്‍ ഉച്ചയൂണിന്റെയും അത്താഴത്തിന്റെയും അളവ് കുറയ്ക്കാനാകും. ഓരോ ഭക്ഷണവും സമീകൃതമായിരിക്കണം. വളരുന്ന പ്രായത്തില്‍ പ്രാതലിന് പ്രത്യേക പ്രാധാന്യമുണ്ട്. സ്‌കൂളിലും കോളേജിലും പോകുന്ന കുട്ടികള്‍ രാവിലെ നന്നായി ഭക്ഷണം കഴിച്ചിട്ടേ പോകാവൂ. ഇല്ലെങ്കില്‍ പഠനത്തില്‍ ശരിയായി ശ്രദ്ധിക്കാനാവില്ല. വയറുവേദനയും ഗ്യാസ്ട്രബിളും മലബന്ധവും പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനും ഇതു കാരണമാകാം.

ഉച്ചഭക്ഷണം

മിക്കവര്‍ക്കും പ്രധാന ഭക്ഷണം ഉച്ചയ്ക്കാണ്. പ്രഭാതഭക്ഷണത്തേക്കാള്‍ കുറച്ചുമാത്രം ഉച്ചഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഉച്ചഭക്ഷണത്തിനുശേഷം അല്‍പനേരം വിശ്രമവുമാവാം.

അത്താഴം അത്തിപ്പഴത്തോളം

ജോലിത്തിരക്കുകള്‍ മൂലം പ്രാതലിനും ഉച്ചഭക്ഷണത്തിനും പ്രാധാന്യം കൊടുക്കാതിരിക്കുകയും അത്താഴം നന്നായി കഴിക്കുകയും ചെയ്യുന്നവരുണ്ട്. ഇതു ശരിയല്ല. അത്താഴം വളരെ കുറച്ചേ വേണ്ടൂ എന്നു വ്യക്തമാക്കുന്നതാണല്ലോ ''അത്താഴം അത്തിപ്പഴത്തോളം'' എന്ന ചൊല്ല്. രാത്രി വൈകും മുമ്പ് അത്താഴം കഴിക്കണം. കുറച്ചുമതി. ഭക്ഷണത്തിലെ ക്രമമില്ലായ്മയാണ് ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍, മലബന്ധം തുടങ്ങി മിക്ക ദഹനപ്രശ്‌നങ്ങള്‍ക്കും കാരണം.

പഴങ്ങള്‍ ശീലിക്കുക

ദഹനശോധനകള്‍ ക്രമീകരിക്കുന്നതില്‍ പഴങ്ങള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പപ്പായ, പൈനാപ്പിള്‍, പേരക്ക, മാമ്പഴം തുടങ്ങി നാട്ടില്‍ സുലഭമായി കിട്ടുന്ന പഴങ്ങളാണ് ഏറ്റവും നല്ലത്. രാസവളവും കീടനാശിനിയും ചേര്‍ക്കാത്തതും വില കുറഞ്ഞതുമായ പപ്പായ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ചോറ് പതിവായി കഴിക്കുന്നവര്‍ എല്ലാ ദിവസവും ഏതെങ്കിലും പയറുവര്‍ഗങ്ങള്‍ കൂടി കഴിക്കണം. എല്ലാത്തരം ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാനും വയറു സുഖമായിരിക്കാനും ഈ ഭക്ഷണശീലങ്ങള്‍ സഹായിക്കും.
ദഹനപ്രശനങ്ങള്‍
പച്ചക്കറി സൂപ്പുകള്‍, പഴച്ചാറുകള്‍ തുടങ്ങിയവയും ദഹനസഹായികള്‍ തന്നെ. മിതവും ഹിതവുമായ ആഹാരക്രമം പുലര്‍ത്തുന്നത് എല്ലാവിധ ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഉത്തമമാണ്. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍, മലബന്ധം, വയറിളക്കം, അപ്പന്‍ഡിസൈറ്റിസ് തുടങ്ങി എല്ലാ പ്രശ്‌നങ്ങളും പ്രതിരോധിക്കാന്‍ ഭക്ഷണക്രമങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലൂടെ കഴിയും.


കടപ്പാട്: 
ഡോ. ഫിലിപ്പ് അഗസ്റ്റിന്‍,
ഡോ. കെ. മാലതി,
വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാട്

അവലംബം: മാതൃഭൂമി ആരോഗ്യമാസിക

No comments:

Post a Comment