Visitors

Friday, 27 January 2012

സൈബര്‍കെണിയുടെ കാണാപ്പുറങ്ങള്‍    പതിമൂവായിരാമത്തെ അശ്ളീല മെസ്സേജില്‍ യുവാവു പോലീസിന്റെ വലയില്‍ കുടുങ്ങിയെന്ന വാര്‍ത്ത അന്തരീക്ഷത്തില്‍ ചൂടുപിടിച്ചുനില്‍ക്കുകയാണ്. മൊബൈല്‍ഫോണില്‍ എസ്.എം.എസ്. അയച്ചും അശ്ളീലസംഭാഷണങ്ങള്‍ നടത്തിയും സ്ത്രീകളെ ശല്യംചെയ്തുകൊണ്ടിരുന്ന ഈ യുവാവ് എന്‍ജിനിയറിങ് ജോലിക്കുപോകുന്നതിന്റെ തലേന്ന് ചെന്നൈയില്‍വച്ചാണ് അറസ്റിലായത്. മാസങ്ങളായി ഇയാള്‍ നടത്തിവന്ന ഒളിയാക്രമണത്തിന് ഇരയായത് നൂറുകണക്കിന് സ്ത്രീകളും പെണ്‍കുട്ടികളുമാണ്.
    ഒരു എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ മകളെ പുതിയ ഇരയായി കിട്ടിയപ്പോഴാണ് ഇയാളുടെ ഉന്നം പിഴച്ചത്. യുവാവിന്റെ നിരന്തരമായ ശല്യപ്പെടുത്തലിന്റെ ഫലമായി പെണ്‍കുട്ടി മാനസികമായി തളര്‍ന്നതിനെ തുടര്‍ന്ന് പിതാവ് സൈബര്‍സെല്ലില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്കായി നാലുഭാഗത്തും വലവിരിച്ചു. കള്ളസിംകാര്‍ഡ് ഉപയോഗിച്ചാണ് യുവാവ് ഇത്രയും നാള്‍ പോലീസിനെ വെട്ടിച്ചു നടന്നതത്രേ. സഹപാഠിയായ തമിഴ്പെണ്‍കുട്ടിയില്‍നിന്ന് തട്ടിയെടുത്ത സിംകാര്‍ഡുമായിട്ടായിരുന്നു വിലസല്‍. പെണ്‍ശബ്ദത്തില്‍ വിളിച്ചും ഓര്‍ക്കൂട്ട് വിലാസത്തിലൂടെയുമാണ് പോലീസ് പ്രതിയെ കുടുക്കിയത്. ഇത്തരം ഞരമ്പുരോഗികളുടെ ഇരയാകുന്ന പെണ്‍കുട്ടികള്‍ ഒന്നും രണ്ടുമല്ലെന്നോര്‍ക്കണം. ഇവരില്‍ പലരും മാനസികമായി തളരുന്നത് ആരും അറിഞ്ഞുകൊള്ളണമെന്നുമില്ല.
സൈബര്‍ച്ചുഴിയില്‍ കോളേജ് അധ്യാപികയും
    എറണാകുളത്തെ ഒരു കോളേജ് അധ്യാപികയെ കെണിയില്‍ വീഴ്ത്തിയത് സ്വന്തം വിദ്യാര്‍ത്ഥികള്‍. അദ്ധ്യാപികയുടെ ശകാരത്തിനുള്ള പ്രതികാരമായിരുന്നു ഈ നടപടിക്കു പിന്നില്‍. ശിഷ്യ•ാര്‍ അധ്യാപികയുടെ ഫോട്ടോ മൊബൈല്‍ഫോണില്‍ പകര്‍ത്തി മോര്‍ഫിങ്ങിലൂടെ നഗ്നമാക്കിയശേഷം വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു. മാനസികമായി ഏറെ തളര്‍ന്നുപോയ അധ്യാപിക പക്ഷേ, കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ വീറോടെ മുന്നോട്ടുവന്നു.
    പതിമൂന്നു വയസുകാരിയുടെ മാതാപിതാക്കള്‍ പോലീസിന്റെ  പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൈബര്‍സെല്ലില്‍ പരാതിയുമായെത്തിയത്. കേസ് രജിസ്റര്‍ ചെയ്താല്‍ കുട്ടിയുടെയും കുടുംബത്തിന്റെയും സല്‍പ്പേരിന് ഭംഗം വരും. ഈ പാവം പെണ്‍കുട്ടിയെ കുടുക്കിയത് ഒരു പ്ളസ് ടു വിദ്യാര്‍ത്ഥിനിയാണ്. ആരുമറിയാതെ ഓര്‍ക്കൂട്ടിലെ പ്രൊഫൈല്‍ ഡിലീറ്റു ചെയ്യാന്‍ നടപടിയെടുക്കണമെന്നായിരുന്നു ഈ രക്ഷിതാക്കളുടെ അപേക്ഷ.
    സൈബര്‍ച്ചുഴിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഇങ്ങനെ എത്രവേണമെങ്കിലുമുണ്ട്. ചിലര്‍ക്ക് പ്രേമനൈരാശ്യത്തിന്റെ പകപോക്കലാവാം, ചിലര്‍ക്ക് വെറുമൊരു നേരമ്പോക്കാവാം അല്ലെങ്കില്‍ ചികില്‍സയില്ലാത്ത ഞരമ്പുരോഗമായിരിക്കാം. കാലം മാറിയതനുസരിച്ച് കുറ്റകൃത്യങ്ങളുടെ സ്വഭാവവും മാറുമെന്നതു ശരിയാണ്. സൈബര്‍യുഗത്തിലെ കുറ്റവാളികളുടെ ഇരകളാവുന്നത് സ്ത്രീകളാവുമ്പോള്‍ അത് പോലീസിനും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നു.
കെണിയുടെ കാണാപ്പുറങ്ങള്‍
    'ഓര്‍ക്കൂട്ട്' 'ഫെയ്സ്ബുക്ക്' മുതലായ ജനപ്രിയ സൈറ്റുകളില്‍ പ്രൊഫൈല്‍ ഉണ്ടാക്കി 'ഫ്രണ്ട് സര്‍ക്കിള്‍' വിപുലമാക്കുമ്പോള്‍ അപരിചിതരായ പലരുമായും ചാറ്റുചെയ്യാനുള്ള സൌകര്യമൊരുങ്ങും. പ്രായത്തിന്റെ അപക്വതയില്‍ കുട്ടികള്‍ക്ക് ഇതൊരു കൌതുകമായി തോന്നാം. തങ്ങളുടെ ഫ്രണ്ട്സര്‍ക്കിളിലേക്കു ക്ഷണിച്ചുകൊണ്ട് നൂറുകണക്കിന് റിക്വസ്റുകള്‍ വന്നുകൊണ്ടിരിക്കും. ഈ ക്ഷണിതാക്കള്‍ എത്തരക്കാരാണെന്നു മനസിലാക്കാതെയാണ് പെണ്‍കുട്ടികള്‍ സൌഹൃദം സ്ഥാപിക്കുക. ഒരു കാര്യം ഓര്‍ക്കുക, ഇത്തരം ചാറ്റിങ്ങിലൂടെ സ്ത്രീകളുമായി സൌഹൃദം സ്ഥാപിച്ച് അവരെ കുരുക്കിലാക്കുന്നവര്‍ അധികവും കുറ്റവാസന ഉള്ളിലുള്ളവരായിരിക്കും.
ചീറ്റിങ്ങിലെത്തുന്ന ചാറ്റിങ്ങ്
    തുടക്കത്തില്‍ വളരെ മാന്യമായ പെരുമാറ്റമായിരിക്കും ഇവരില്‍നിന്നുണ്ടാവുക. തന്ത്രത്തില്‍ പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുത്തതിനുശേഷം മൊബൈല്‍ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍, ജോലിസ്ഥലം, കുടുംബപശ്ചാത്തലം, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി എന്നിവയൊക്കെ ഇവര്‍ ഓരോന്നായി കൈക്കലാക്കും. അതിനുശേഷമാണ് ചാറ്റിങ്ങ് ചീറ്റിങ്ങിലേക്കു വഴിമാറുക.
    തെറ്റായ ബന്ധത്തിലേക്കു ക്ഷണിക്കുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുക. തുടര്‍ന്ന് ഇരയെ ബ്ളാക്ക് മെയില്‍ ചെയ്യാനുള്ള നടപടി ആരംഭിക്കുകയായി. പെണ്‍കുട്ടി വഴിപ്പെടാതെ വരികയും ഒഴിവാകാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് വില്ലന്‍ പ്രതികാരനടപടിയിലേക്കു കടക്കുന്നത്. പെണ്‍കുട്ടിയുടെ സ്വസ്ഥത തകരുന്ന രീതിയിലേക്കാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങുക. ഇത്തരം കെണിയില്‍ വീണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ഇന്നൊരു ഒറ്റപ്പെട്ട സംഭവമല്ലാതായിരിക്കുന്നു.
പ്രതികാരം ഇങ്ങനെയും
 * പെണ്‍കുട്ടിയുടെ പേരില്‍ സുഹൃത്തുക്കള്‍ക്ക് മോശം സന്ദേശമയയ്ക്കുക
 * മോര്‍ഫുചെയ്ത നഗ്നഫോട്ടോ പ്രദര്‍ശിപ്പിക്കുക
 * പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേരു വച്ചുള്ള വ്യാജ സൈറ്റുണ്ടാക്കി കോള്‍ഗേളായി ചിത്രീകരിക്കുക
 * പെണ്‍കുട്ടിയുടെ ഫോണ്‍നമ്പറും വിലാസവും മറ്റും അജ്ഞാതര്‍ക്ക് കൈമാറുക
 * ഇരയാവുന്ന പെണ്‍കുട്ടിയുടെ പാസ്സ്വേഡ്, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൌണ്ട് എന്നിവ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ബ്ളാക്ക്മെയിലിങ്ങ്
മനസമാധാനം കെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
* സൌഹൃദ നെറ്റ്വര്‍ക്കുകളില്‍ അംഗമാകുമ്പോള്‍ നിങ്ങളുടെ പാസ്വേഡ്, യൂസര്‍നെയിം, വ്യക്തിഗതവിവരങ്ങള്‍ എന്നിവ രഹസ്യമായി സൂക്ഷിക്കുക.പാസ്വേഡ് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കണം.
* സൈറ്റില്‍ വിവരങ്ങള്‍ എന്റര്‍ ചെയ്തു സൂക്ഷിക്കാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഫോട്ടോയും മറ്റു വ്യക്തിഗതവിവരങ്ങളും മറ്റൊരാള്‍ക്ക് ലഭിക്കുന്നവിധം ഷെയര്‍ചെയ്യാനുള്ള അവസരം നല്‍കരുത്.
* എല്ലാവരേയും ഒരുപോലെ കണ്ണടച്ച് വിശ്വസിക്കരുത്. 45 വയസുള്ള കള്ളക്കടത്തുകാരന് 18 വയസുള്ള യുവതിയായി അവതരിക്കാനുള്ള അവസരമുള്ളതിനാല്‍ ഇന്റര്‍നെറ്റിലെ പ്രൊഫൈല്‍ കണ്ട് അതേപടി വിശ്വസിക്കരുത്.
* സ്ക്രാപ് സെറ്റു ചെയ്യുമ്പോള്‍ അത് എല്ലാവര്‍ക്കും കാണാനും കമന്റെഴുതാനും പറ്റുന്ന രീതിയിലുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കരുത്. സ്ക്രാപ് മെസേജ് ഡിലീറ്റുചെയ്യാതെ സൂക്ഷിക്കുന്നതും അപകടമാണ്. അബദ്ധത്തിലെങ്കിലും മറ്റുള്ളവരുടെ സൈറ്റിലേക്ക് കടന്നുകൂടാനുള്ള സാധ്യതയുണ്ട്.
* യഥാര്‍ത്ഥ പേരും ഫോട്ടോയും ഉപയോഗിക്കരുത്.
* സ്വകാര്യത സൂക്ഷിക്കാനായി പ്രൈവസി ടാബ് സെലക്ട് ചെയ്ത് അതില്‍ മാത്രം പ്രൈവറ്റ് ഡോക്യുമെന്റ് സൂക്ഷിക്കുക. നിങ്ങളുടെ ട്രോപ്ഡൌണ്‍ സിസ്റം ഉപയോഗിച്ച് അന്യരുടെ പ്രവേശനം തടയാനും മറക്കരുത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഞരമ്പുരോഗികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ താഴെ പറയുന്നവ ശ്രദ്ധിക്കുക.
1.  സ്വന്തം പേരിലുള്ള സിംകാര്‍ഡുകള്‍ മാത്രം ഉപയോഗിക്കുക
2.  മൊബൈല്‍ സെറ്റ് വാങ്ങുമ്പോള്‍ ബില്ലിലുള്ള ഐഎംഇഐ നമ്പര്‍ സൂക്ഷിക്കുക
3.  സെക്കന്റ്ഹാന്റ് മൊബൈല്‍സെറ്റ് വിശ്വാസമുള്ളവരില്‍നിന്നു മാത്രം വാങ്ങുക.
4.  സിംകാര്‍ഡുകള്‍ മറ്റാര്‍ക്കും കൈമാറാതിരിക്കുക
5.  മൊബൈല്‍സെറ്റ് നഷ്ടമായാല്‍ ഉടന്‍ പോലീസ് സ്റേഷനില്‍ വിവരമറിയിക്കുക
6.  അംഗീകൃത ഡീലര്‍മാരില്‍നിന്നു മാത്രം മൊബൈല്‍ഫോണ്‍, സിംകാര്‍ഡ് എന്നിവ വാങ്ങുക
    സോഷ്യല്‍നെറ്റ്വര്‍ക്കിലൂടെ ആരോഗ്യകരമായ നിരവധി ബന്ധങ്ങള്‍ ഉടലെടുക്കുന്നുണ്ട്. അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താനും ബിസിനസ് ശൃംഖല വര്‍ദ്ധിപ്പിക്കാനുമൊക്കെ കഴിയുന്നു എന്നത് ഇലക്ട്രോണിക് യുഗത്തിന്റെ നേട്ടംതന്നെയാണ്. പക്ഷേ, സൂക്ഷിച്ചില്ലെങ്കില്‍ സ്വൈര്യജീവിതം തകര്‍ക്കുകയും മനസിന്റെ സമനിലതന്നെ താറുമാറാക്കുകയും ചെയ്യുന്ന ഊരാക്കുടുക്കുകളില്‍ അകപ്പെടുമെന്നതുകൊണ്ട് സൈബര്‍രംഗത്തെ ഇടപെടലുകള്‍ വളരെ ഗൌരവപൂര്‍വം വേണം കൈകാര്യം ചെയ്യാന്‍.
    സ്വൈര്യതയുള്ള ജീവിതം മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. മുമ്പ് പെണ്‍കുട്ടികളുടെ ശരീരമാണ് സംരക്ഷിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അവളുടെ പേരും ഫോണ്‍നമ്പറും ഫോട്ടോയും പ്രൊഫൈലുമൊക്കെ അപഹരിക്കപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്.  ഇല്ലെങ്കില്‍ മനപ്രയാസത്തിന്റെ ഭാരം നിങ്ങളുടെ ജീവിതമാകെ താറുമാറാക്കും. ഉറക്കവും ഊണും പഠിക്കാനുള്ള ഏകാഗ്രതയും നഷ്ടപ്പെടുന്നതിനൊപ്പം വിഷാദരോഗവും നിങ്ങളെ പിടികൂടിയേക്കാം. ഇത് നിങ്ങളുടെ ഭാസുരമായ ഭാവിയെയും തകരാറിലാക്കും. അതിനാല്‍ മനസിന്റെ സ്വസ്ഥത നഷ്ടപ്പെടുന്ന സൈബര്‍വലകളില്‍ വീഴാതിരിക്കാന്‍ ഓരോ ചുവടും സൂക്ഷിച്ചുമാത്രം മുന്നോട്ടുവയ്ക്കുക.
healthwatchmalayalam

No comments:

Post a Comment