Visitors

Monday, 23 January 2012

ജീവിക്കാന്‍ വേണ്ടി തിന്നുകഡോ. വട്ടവിള വിജയകുമാര്‍
വീണ്ടുവിചാരമില്ലാതെ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ക്കൊപ്പമെത്തുന്ന കൊഴുപ്പ്
ഹൃദയത്തിന്റെയും ധമനികളുടെയും ആരോഗ്യം ക്ഷയിപ്പിക്കും


മെയ്യനങ്ങാതെ കിട്ടുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ മലയാളിയെയും ജീവിതശൈലീ രോഗങ്ങള്‍ പിടികൂടി. എന്തിനെയും ഏതിനെയും അനുകരിക്കുന്ന നാം തനത് ഭക്ഷണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് സായിപ്പിന്റെ ജീവിതം പകര്‍ത്തി എഴുതാന്‍ തുടങ്ങിയതു മുതലാണ് ജീവിതശൈലീ രോഗങ്ങള്‍ നമ്മുടെ ഇടയിലും വ്യാപകമായത്. തെറ്റായ ജീവിതചര്യയും അശാസ്ത്രീയമായ ആഹാരരീതിയും മെയ്യനങ്ങാതെയുള്ള പ്രകൃതവും ശീലമായപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണത്തോടൊപ്പം മരുന്നും കഴിക്കണമെന്ന അവസ്ഥയിലെത്തി. മേല്പറഞ്ഞ ഘടകങ്ങളാണ് ജീവിതശൈലീരോഗങ്ങള്‍ക്ക് മുഖ്യ കാരണങ്ങളെങ്കിലും മദ്യം, മയക്കുമരുന്ന്, പുകവലി, വ്യായാമക്കുറവ് എന്നിവ രോഗങ്ങളുടെ ആക്കം കൂട്ടി. ഇന്ന് 270 ദശലക്ഷം ആളുകള്‍ ജീവിതശൈലീരോഗങ്ങള്‍ക്കടിമകളാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

പ്രമേഹം (ടൈപ്പ്-2), ഹൃദ്രോഗം, വൃക്കകളുടെ തളര്‍ച്ചയും പ്രവര്‍ത്തനവൈകല്യവും, കരള്‍രോഗം, അര്‍ബുദം, ശ്വാസകോശരോഗങ്ങള്‍, എല്ലുപൊട്ടല്‍, പക്ഷാഘാതം, മറവിരോഗം, മേധാക്ഷയം തുടങ്ങിയ ഒരു ഡസനോളം രോഗങ്ങളാണ് ഈ ലിസ്റ്റില്‍ പെടുന്നത്. ഇറച്ചി, പാല്‍, പാലുത്പന്നങ്ങള്‍, എണ്ണ, കൃത്രിമ പഴച്ചാറ്, മദ്യം മുതലായവയുടെ ഉപയോഗം കൂടുകയും നാരടങ്ങിയ, പോഷകഗുണങ്ങളാല്‍ സമൃദ്ധമായ നാടന്‍ വിഭവങ്ങളുടെ ഉപയോഗം കുറഞ്ഞതും പ്രസ്തുത രോഗങ്ങള്‍ക്ക് വഴിയൊരുക്കി എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം രോഗങ്ങള്‍ക്ക് നമ്മളും അടിമപ്പെട്ടു എന്നറിയുന്നത് മറ്റേതെങ്കിലും രോഗങ്ങള്‍ക്ക് ചികിത്സതേടി പോകുന്ന സമയത്തായിരിക്കും. അതുകൊണ്ട് തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കാനും കഴിയില്ല.

മാംസാഹാരങ്ങളോടുള്ള താത്പര്യക്കൂടുതലും എണ്ണയില്‍ വറുത്ത ഭക്ഷണത്തിനുമേലുള്ള ഒടുങ്ങാത്ത ആഗ്രഹവും അജിനോമൊട്ടൊ പോലുള്ള രുചിഭീമന്മാരുടെ അകമ്പടിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളോടുള്ള അഭിനിവേശവും വിവിധ തരത്തിലുള്ള അര്‍ബുദങ്ങള്‍ക്ക് കാരണമായെന്ന് ഗവേഷണം വെളിപ്പെടുത്തുന്നു. തെറ്റായ ആഹാരരീതിയും മെയ്യനങ്ങാതെയുള്ള ജോലിയുംമൂലം യുവാക്കളെപ്പോലും ടൈപ്പ്-2 പ്രമേഹം പിടികൂടുന്നു. ഇന്ത്യയില്‍ നഗരങ്ങളിലെ 11 ശതമാനം കുട്ടികളും ഗ്രാമങ്ങളിലെ മൂന്നു ശതമാനം കുട്ടികളും (പതിനഞ്ചിനു മുകളില്‍) പ്രമേഹരോഗികളാണെന്നാണ് കണക്ക്. 2020 ആകുമ്പോഴേക്കും 30 ദശലക്ഷം യുവാക്കള്‍ പ്രമേഹരോഗികളാകുമെന്ന് പറയുമ്പോള്‍ പ്രമേഹത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെത്തുകയും കേരളം അതിന്റെ തലസ്ഥാനമാവുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രമേഹത്തോടനുബന്ധിച്ചുള്ള റെറ്റിനൊപ്പതി (അന്ധതയ്ക്കുവരെ കാരണമാകുന്ന കണ്ണുരോഗം), വൃക്കകളുടെ തളര്‍ച്ച എന്നിവയും യുവത്വത്തിന് നേരേ വാളോങ്ങി നില്ക്കുന്നു. വീണ്ടുവിചാരമില്ലാതെ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ക്കൊപ്പമെത്തുന്ന കൊഴുപ്പ് ഹൃദയത്തിന്റെയും ധമനികളുടെയും ആരോഗ്യം ക്ഷയിപ്പിക്കുമെന്നുള്ളത് തെളിയിക്കപ്പെട്ട വസ്തുതയാണ്. വര്‍ണക്കൂടുകളില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍ മര്‍മപ്രധാനങ്ങളായ അവയവങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനൊപ്പം മേധാക്ഷയം പോലുള്ള ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും.

ഇന്ന് ഇന്ത്യയില്‍ 21-നും 52-നും ഇടയ്ക്കുള്ള, ഏതെങ്കിലും തരത്തിലുള്ള ജോലിചെയ്തു ജീവിക്കുന്ന 68 ശതമാനം സ്ത്രീകള്‍ പൊണ്ണത്തടി, പ്രമേഹം, നടുവേദന, വിഷാദം, രക്താതിമര്‍ദം തുടങ്ങിയ രോഗങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഇവരില്‍ 22 ശതമാനം പേരും ജീവിതത്തിന്റെ ഇരു കരകളും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനൊപ്പം ജീവന്‍ നിലനിര്‍ത്താന്‍ 5000-50000 രൂപവരെ പ്രതിവര്‍ഷം മരുന്നിനായി ചെലവഴിക്കുന്നുണ്ടത്രെ.
പകര്‍ച്ചവ്യാധികളെ നിര്‍മാര്‍ജനം ചെയ്തുകൊണ്ടിരിക്കുന്ന ശാസ്ത്രംപോലും ജീവിതശൈലീ രോഗങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്ക്കുമ്പോള്‍ മരുന്നുകൊണ്ട്, മരണം നീട്ടിവെക്കാമെന്നല്ലാതെ പൂര്‍ണമോചനം രോഗങ്ങളില്‍നിന്ന് സാധ്യമല്ലെന്ന് വൈദ്യശാസ്ത്രവും വ്യക്തമാക്കുന്നു. അപ്പോള്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് ജീവിതശൈലി മാറ്റുക മാത്രമാണ്.

എങ്ങനെ നിയന്ത്രിക്കാം

തിന്നാന്‍ വേണ്ടി ജീവിക്കാതെ ജീവിക്കാന്‍ വേണ്ടി തിന്നുക.
വറുത്തതും പൊരിച്ചതുമായ ഭക്ഷണം കുറയ്ക്കുക
നാരടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
മത്സ്യം, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക.
പഴച്ചാറ് ഉപേക്ഷിച്ച് പഴവര്‍ഗങ്ങള്‍ കഴിക്കുക
ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവ കുറയ്ക്കുക
മദ്യം, മയക്കുമരുന്ന്, പുകവലി വര്‍ജിക്കുക
ആവുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യുക
വ്യായാമം ശീലിക്കുക. ദിവസേന 30 മിനിറ്റെങ്കിലും നടക്കുക
പിരിമുറുക്കം പിടിമുറുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തന്നെക്കുറിച്ചുള്ള ചിന്തകള്‍ക്കൊപ്പം അന്യന്റെ പ്രശ്‌നങ്ങളും അറിയാന്‍ ശ്രമിക്കുക
യോഗ ശീലിക്കുക
35 കഴിഞ്ഞവര്‍ രക്തപരിശോധന നടത്തി രക്തത്തിലെ ഘടകങ്ങള്‍ സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തുക
മണിക്കൂറുകളോളം ടി.വി.ക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നത് ഒഴിവാക്കുക
വ്യക്തിശുചിത്വത്തിനൊപ്പം സാമൂഹിക ശുചിത്വത്തിനും ഊന്നല്‍ നല്‍കുക
ബേക്കറി സാധനങ്ങള്‍ കഴിയുന്നതും കുറയ്ക്കുക
വാതകം നിറച്ച ദാഹശമനികളൊഴിവാക്കുക
ആമാശയം എന്തിനെയും ഏതിനെയും ദഹിപ്പിക്കാനുള്ള സെമിത്തേരിയല്ലെന്നു തിരിച്ചറിയുക

ആത്മവിചിന്തനം

ഉയര്‍ന്ന ആരോഗ്യമുള്ളവരാണെന്ന് സ്വയം അഹങ്കരിക്കുമ്പോഴും വര്‍ധിച്ച രോഗാതുരതയാണ് നമുക്കുള്ളതെന്ന സത്യം തിരിച്ചറിയണം. ആരോഗ്യമെന്നാല്‍ ഹൈടെക് ചികിത്സയല്ലെന്നും ചികിത്സകൊണ്ട് മരണം നീട്ടിവെക്കാനേ കഴിയുകയുള്ളൂവെന്നും മനസ്സിലാക്കണം. 'എല്ലു മുറിയെ പണിചെയ്ത് പല്ലു മുറിയെ തിന്ന' ആ നല്ല ഇന്നലെകളെ ഓര്‍ക്കുക.

No comments:

Post a Comment