Visitors

Wednesday 18 January 2012

ഭക്ഷണനിയന്ത്രണം

ജീവിതത്തിലെ വിവിധതരം വിപരീത ഭാവങ്ങള്‍ രക്തസമ്മര്‍ദത്തിന് വഴിതെളിക്കുന്നു. ഉല്‍ക്കണു, അസഹിഷ്ണുത, കൃത്യനിഷുയില്ലായ്മ, മായം ചേര്‍ത്ത ഭക്ഷണം, ഫാസ്റ്റ് ഫുഡുകള്‍, അനാരോഗ്യകരമായ ഭക്ഷണചര്യ തുടങ്ങി ആധുനിക ജീവിതത്തിലെ പല രീതികളും രക്തസമ്മര്‍ദത്തിലേക്കു നയിക്കുന്നവയാണ്. രക്തസമ്മര്‍ദം രോഗമല്ല; മറിച്ച് പല രോഗങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന രോഗലക്ഷണമാണ്. ഇതിന്റെ പ്രധാന കാരണമാവട്ടെ തെറ്റായ ചര്യയും. അതുകൊണ്ട് ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മരുന്നിന്റെ ഉപയോഗമില്ലാതെതന്നെ രക്തസമ്മര്‍ദം ഒഴിവാക്കാനും നിയന്ത്രിക്കാനുമാവും.

വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി മനുഷ്യന്റെ ഭക്ഷണചര്യയിലേക്ക് കടന്നുവന്ന ഇനങ്ങളാണ് ഉപ്പും പഞ്ചസാരയും സംസ്‌കരിച്ചു പോഷണമൂല്യങ്ങള്‍ നീക്കിയ ഭക്ഷണസാധനങ്ങളും. തുടക്കത്തില്‍ പ്രധാനമായും സമ്പന്നവര്‍ഗത്തില്‍ ഒതുങ്ങിയിരുന്ന ഇവ ക്രമേണ സാധാരണക്കാര്‍ക്കും പ്രാപ്യമാകുകയും രക്തസമ്മര്‍ദം വ്യാപകമാകുകയും ചെയ്തു. രക്തസമ്മര്‍ദമുള്ള പലരുടേയും ഭക്ഷണം പരിശോധിച്ചാല്‍ ഇവയുടെ ആധിക്യം വ്യക്തമാകും.

ഉപ്പ് പ്രധാന വില്ലന്‍

ഉപ്പിന്റെ ഉപയോഗമാണ് രക്തസമ്മര്‍ദത്തില്‍ ആദ്യം കൈകാര്യം ചെയ്യേണ്ടത്. ശരീരകോശങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഒരു അജൈവവവസ്തുവായ ഉപ്പ് ശരീരകോശങ്ങളുടെ ഘടനയെയും ആമാശയത്തിന്റെ സുസ്ഥിതിയെയും രക്തപരിസരണത്തെയും ബാധിക്കുകയും മറ്റു ഭക്ഷണ സാധനങ്ങളുടെ ദഹനത്തെയും ആഗീരണത്തെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഒരു ചിന്താഗതി. ഹൃദയം, വൃക്ക, കരള്‍ എന്നിവയെ രോഗഗ്രസ്തമാക്കാനും രോഗം വന്നാല്‍ മൂര്‍ച്ഛിക്കാനും ഇടയാക്കുന്ന ഉപ്പ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതാണ്.

നാം സാധാരണ കഴിക്കുന്ന ഭക്ഷണത്തില്‍തന്നെ ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഉപ്പു കുറയ്ക്കുക എന്ന ശീലത്തിന് രോഗമുണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട. ഇത് രക്തസമ്മര്‍ദം ഒഴിവാക്കാനുള്ള മാര്‍ഗമാണ്. എന്നാല്‍ അധികമായി വിയര്‍ക്കുന്ന ജോലികളിലും മറ്റും ഏര്‍പ്പെടുന്നവര്‍ക്ക് വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന സോഡിയം ക്ലോറൈഡ് കറിയുപ്പ് ചേര്‍ത്ത വെള്ളമോ ഉപ്പിലിട്ടതോ കഴിച്ച് നികത്തേണ്ട ആവശ്യമുണ്ട്.

അമിതഭക്ഷണം

അമിതഭക്ഷണവും അതുമൂലമുണ്ടാകുന്ന പൊണ്ണത്തടിയുമാണ് രക്തസമ്മര്‍ദത്തിന്റെ മറ്റൊരു കാരണം. പഞ്ചസാരയും കൊഴുപ്പും മാംസഭക്ഷണങ്ങളും അധികമായ ഒരു ഭക്ഷണചര്യയും ഒപ്പം ശാരീരികായാസക്കുറവുമാണ് പൊണ്ണത്തടിക്കു കാരണം. ഉയരത്തിനനുസരിച്ച ശരീരഭാരം നിലനിര്‍ത്തിയാല്‍ പ്രശ്‌നം ഏറെക്കുറെ ഒഴിവാക്കാം. ശരീരഭാരം ഒരുകിലോഗ്രാം കൂടുമ്പോള്‍ മൂന്നു കിലോ മീറ്റര്‍ നീളത്തിലാണ് പുതിയ രക്തധമനികളുണ്ടാകുന്നത്. അപ്പോള്‍ 10 കിലോഗ്രാം അധികശരീരഭാരമുള്ളവരില്‍ 30 കിലോമീറ്റര്‍ ദൂരത്തില്‍ രക്തം പമ്പ് ചെയ്യേണ്ടിവരുന്ന പാവം ഹൃദയത്തിന്റെ ജോലിഭാരം കൂടുകയും ക്രമേണ ഇത് രക്തസമ്മര്‍ദത്തിന് കാരണമാവുകയും ചെയ്യുന്നു.

ചെറുപ്പത്തിലേ ശ്രദ്ധ തുടങ്ങണം

വാര്‍ധക്യത്തിലെ മാത്രം പ്രശ്‌നമല്ല രക്തസമ്മര്‍ദം. 3035 വയസ്സുള്ള യുവാക്കളിലും രക്തസമ്മര്‍ദവും അതിന്റെ സങ്കീര്‍ണതകളും കണ്ടുവരുന്നു. അതിന്റെ വേരുകള്‍ തേടുന്നവര്‍ക്ക് ശൈശവം മുതലേയുള്ള അമിതഭക്ഷണവും അതോടനുബന്ധിച്ചുള്ള പൊണ്ണത്തടിയും ഒരു പ്രധാന കാരണമാണെന്നു മനസ്സിലാക്കാന്‍ കഴിയും. അമിതഭക്ഷണവും പൊണ്ണത്തടിയും മറ്റനേകം ജീവിതസമ്മര്‍ദങ്ങളും കാരണം അമേരിക്കയിലെ 1520 ശതമാനം കുട്ടികളും ഭാവിയില്‍ രക്തസമ്മര്‍ദത്തിനിരയാകുവാന്‍ സാധ്യതയുള്ളവരാണെന്ന് അവിടെ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു.

കുടുംബാസൂത്രണം കൊണ്ട് ചെറിയ കുടുംബമെന്ന ലക്ഷ്യം നമ്മള്‍ നേടിയതോടൊപ്പം പൊണ്ണത്തടി നമ്മുടെ കുട്ടികള്‍ക്കിടയിലും ഒരു വലിയ പ്രശ്‌നമായിമാറിക്കൊണ്ടിരിക്കുന്നു. ശൈശവത്തില്‍തന്നെ ആഹാരത്തിലുള്‍പ്പെടുത്തുന്ന കൃത്രിമ ഭക്ഷണങ്ങളില്‍ കൊഴുപ്പിന്റെയും സോഡിയത്തിന്റെയും ആധിക്യമുള്ളതിനാല്‍ ഭാവിയിലെ രക്തസമ്മര്‍ദത്തിന് അതു കാരണമാകാം. ശിശുരോഗങ്ങളുടെ കൂട്ടത്തില്‍ രക്തസമ്മര്‍ദം ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ പ്രശ്‌നം എത്ര ഗുരുതരമാണെന്നു മനസ്സിലാക്കാനായിട്ടില്ല.

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ മരുന്നുകളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് സോഡിയം, പൊട്ടാസ്യം തുടങ്ങിവയുടേയും കൊഴുപ്പിന്‍േറയും നില കൂടെക്കൂടെ നിര്‍ണയിക്കേണ്ടിവരും. അതുപോലത്തന്നെ മൂത്രം കൂടുതല്‍ പോകാനുള്ള മരുന്നുകള്‍ നല്‍കുമ്പോള്‍ ഒപ്പം, ഇരുമ്പ് കാത്സ്യം തുടങ്ങിയവയുടേയും നഷ്ടം ശരീരത്തിനുണ്ടാകുന്നു. തന്മൂലം രക്തസമ്മര്‍ദം വരാതെ നോക്കുകയും വന്നാല്‍ കഴിയുന്നതും ഭക്ഷണനിയന്ത്രണത്തിലൂടെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതുമാണ് സുരക്ഷിതം.

കൃത്രിമ വിഭവങ്ങള്‍ വേണ്ട

രക്തസമ്മര്‍ദമുള്ളവര്‍ ശീരരഭാരം കര്‍ശനമായി നിയന്ത്രിക്കുകയും വിഭവങ്ങളില്‍ ഏറ്റവും കുറച്ച് ഉപ്പുമാത്രം ഉപയോഗിക്കുകയും ചെയ്യുക. കൊഴുപ്പും പഞ്ചസാരയും അവ ചേര്‍ന്ന വിഭവങ്ങളും വേണ്ടെന്നുവെക്കുക. ഇവ ചേര്‍ന്ന വിഭവങ്ങള്‍ വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്യാതിരിക്കുകയാണ് അവ ഒഴിവാക്കാനേറ്റവും പ്രായോഗികമായ മാര്‍ഗം. കൃത്രിമ ഭക്ഷണസാധനങ്ങള്‍ ശിശുക്കളുടെ ആഹാരത്തില്‍നിന്ന് നിശ്ശേഷം ഒഴിവാക്കുക. പകരം വീട്ടില്‍ പാകം ചെയ്ത വിഭവങ്ങള്‍ അവരെ പരിചയപ്പെടുത്തുക. ഹോട്ടലുകളില്‍ പാകം ചെയ്യുന്ന വിഭവങ്ങളില്‍ ഭംഗിക്കും രുചിക്കും വേണ്ടി പലതരം ഭക്ഷ്യസങ്കലനങ്ങള്‍ ചേര്‍ക്കാറുണ്ട്. മോണോ സോഡിയം ഗ്ലൂട്ടമേറ്റ് ആണ് (അജിനോ മോട്ടോ) അവയിലേറ്റവും പ്രധാനം. അതുകൊണ്ട് അത്തരം വിഭവങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

ഹെല്‍ത്ത് ഫുഡ്‌സ് എന്ന പരസ്യത്തിന്റെ ലേബലില്‍ വരുന്ന പല ഭക്ഷണങ്ങളിലും സോഡിയത്തിന്റെ അംശം കൂടുതലുണ്ടാവും. ബേക്കിങ് സോഡ, സോഡാപ്പൊടി മുതലായവ ഉപയോഗിച്ചുണ്ടാക്കുന്നവയാണ് ഹോട്ടലുകളില്‍നിന്നും വാങ്ങുന്ന ചപ്പാത്തി, പൊറോട്ട മുതലായവ. അവയ്ക്ക് മാര്‍ദവുമുണ്ടാകാനും രുചി കൂട്ടാനും ധാരാളം കൊഴുപ്പുകള്‍ ഉപയോഗിക്കുന്നു. ഉപ്പിലിട്ടവ നിശ്ശേഷം ഒഴിവാക്കുക. ചോക്ലേറ്റ് ഡ്രിങ്ക്‌സ്, ഐസ്‌ക്രീം മുതലായവയില്‍ സോഡിയം അള്‍ജിനേറ്റ് അടങ്ങിയിട്ടുണ്ടാവുമെന്നതിനാല്‍ അവയും ഒഴിവാക്കുക. ഹെല്‍ത്ത് ഫുഡ്‌സ് എന്ന ലേബലില്‍ വരുന്നവയിലെല്ലാം സോഡിയത്തിന്റെ അംശം ഏറെയുണ്ടാവും. റ്റുമാറ്റോ ജ്യോൂസ്, ടിന്നിലടച്ച സസ്യങ്ങളും സൂപ്പുകളും, ഉപ്പിട്ടുണക്കിയ മത്സ്യമുള്‍പ്പെടെയുള്ളവ, പ്രമേഹരോഗികള്‍ക്കുപയോഗിക്കാമെന്ന ലേബലില്‍ വരുന്ന ഉപ്പുള്ള സ്‌നാക്കുകള്‍ , ഹാംബര്‍ഗര്‍, പൊട്ടറ്റോ ചിപ്‌സ് ഇവയെല്ലാം രക്താതിസമ്മര്‍മുള്ളവരും രോഗം ഒഴിവാക്കണമെന്നുള്ളവരും വര്‍ജിക്കേണ്ടതാണ്.

ഇഡ്ഡലിമാവ് വാങ്ങുമ്പോള്‍

നാട്ടുമ്പുറത്തുപോലും ദോശപ്പൊടിയും ദോശമാവും ഇഡ്ഡലിമാവുമൊക്കെ കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടുമെന്നായിട്ടുണ്ട്. ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഇതിലൊരു പാക്കറ്റ് വാങ്ങിയാല്‍ ജീവിതം എളുപ്പമായി എന്ന തോന്നല്‍. ഇഡ്ഡലിത്തട്ടില്‍ കോരിയൊഴിച്ചാല്‍ പൂവുപോലെ മൃദുലമായ ഇഡ്ഡലി അല്ലെങ്കില്‍ മയമുള്ള ദോശ.

പക്ഷേ, ഇവയില്‍ പലതിലും ഉല്‍പന്നം ചീത്തയാകാതിരിക്കാനുള്ള രാസപദാര്‍ഥങ്ങളും സോഡിയം ബൈകാര്‍ബണേറ്റും അടങ്ങിയിട്ടുണ്ടാവും. വീട്ടില്‍ മാവ് ആട്ടിയെടുത്തുണ്ടാക്കുന്ന മാവ് പുളിക്കുമ്പോള്‍ അതില്‍ ബി ജീവകങ്ങളുണ്ടാകുന്നു. സോഡപ്പൊടി ചേര്‍ക്കുമ്പോള്‍ ഇത് നശിപ്പിക്കപ്പെടുകയും ഭക്ഷണത്തിലെ സോഡിയത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു. ഇപ്പോഴത്തെ അണുകുടുംബത്തിനു വേണ്ട ഇഡ്ഡലിമാവും ദോശമാവും ഒരു മിക്‌സിയില്‍ രണ്ടു മിനുട്ടുകൊണ്ട് അരച്ചെടുക്കാവുന്നതേയുള്ളൂ; വൃത്തിയും ഉറപ്പാക്കാം.


മാംസവും ലഹരിയും

സമ്പന്ന രാജ്യങ്ങളിലേയും നമ്മുടെ നാട്ടിലെ സമ്പന്നരുടേയും ഭക്ഷണത്തില്‍ നിത്യേന 250500 ഗ്രാം മാംസഭക്ഷണം അടങ്ങിയിട്ടുണ്ട്. ഇത് പൂരിതകൊഴുപ്പുങ്ങളുടെ അളവ് വളരെ കൂട്ടുകയും പൊണ്ണത്തടിക്കിടയാക്കുകയും ചെയ്യുന്നു. മാംസം ഉപയോഗിക്കുന്നുവെങ്കില്‍ അതിന്റെ അളവ് സമീകൃതാഹാരത്തില്‍ (യമഹമിരലറ റശലി) നിര്‍ദേശിച്ചിരിക്കുന്നത്ര മതിയാകും; ഒരു ചെറിയ തീപ്പെട്ടിയുടെ വലുപ്പത്തിലുള്ള രണ്ടോ മൂന്നോ കഷണമേ ശരിയായ ആരോഗ്യത്തിനാവശ്യമുള്ളൂ.

ലഹരി പാനീയങ്ങളാണ് രക്താതിസമ്മര്‍ദത്തിന് ഒരു പ്രധാന കാരണം. ലഹരിപാനീയങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗം ഇന്ത്യയില്‍ ഏറ്റവും കൂടുതലായിരിക്കുന്ന കേരളത്തില്‍ രക്താതിസമ്മര്‍ദമുള്ള രോഗികളുടെ എണ്ണം കൂടാതിരിക്കാന്‍ ന്യായമില്ല.

കഴിക്കാവുന്നവ

വിവിധ ഇനം ഭക്ഷണസാധനങ്ങള്‍ കഴിക്കുക. വൈവിധ്യം വേണമെന്നര്‍ഥം.

നാരുകള്‍ ധാരാളമുള്ള സസ്യങ്ങളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, വാഴപ്പഴം, ആപ്പിള്‍, മുന്തിരിങ്ങ, റോസ് ആപ്പിള്‍, ഇലക്കറികള്‍, പടവലങ്ങ, കക്കിരിക്ക, പയര്‍, വെള്ളരിക്ക, കാബേജ്, പയറുകള്‍, പരിപ്പുകള്‍, വെളുത്തുള്ളി ഇവയൊക്കെ നല്ലതാണ്.

ഫ്രഷ് ആയ പഴ-സസ്യച്ചാറുകളും സസ്യസൂപ്പുകളും കഴിക്കുക. കാരട്ട്, ബീറ്റ് റൂട്ട്, നാരങ്ങ, തണ്ണിമത്തന്‍, വസലക്കീര, നെല്ലിക്ക തുടങ്ങിയവയ്ക്ക് മുന്‍ഗണന.

കറിവേപ്പില, മുരിങ്ങഇല ഇവ അരച്ചു മോരില്‍ കലക്കി കുടിക്കുക.

കഴിയുന്നതും വീട്ടില്‍ പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുക.

കറിവെച്ച മത്സ്യം, ടര്‍ക്കി, നാടന്‍കോഴി ഇവ മാത്രമേ മാംസഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ശിപാര്‍ശ ചെയ്തിട്ടുള്ളൂ. അതും വളരെ കുറഞ്ഞ അളവില്‍.

ഒഴിവാക്കേണ്ടവ

ജന്തുജന്യ കൊഴുപ്പുകള്‍, പന്നിയിറച്ചി, മാട്ടിറച്ചി, ചിക്കന്‍ ലിവര്‍, പാലുല്‍പന്നങ്ങള്‍, ഗ്രേവികള്‍, സോസേജ്, സേ്മാക്ക് ചെയ്ത മാംസങ്ങള്‍, ടിന്നിലടച്ച ഭക്ഷണസാധനങ്ങള്‍, വറുത്ത മത്സ്യം.

ഉപ്പ് നിശ്ശേഷം ഒഴിവാക്കുന്നതിനോടൊപ്പം സോഡിയം അടങ്ങിയിട്ടുള്ള 'റെഡി ടു ഈറ്റ്' നിശ്ശേഷം വര്‍ജിക്കുക. ലേബലുകള്‍ ശ്രദ്ധയോടെ വായിച്ച് സോഡ, സോഡിയം, സാള്‍ട്ട് എന്നിങ്ങനെ എഴുതിയിട്ടുള്ള എല്ലാ വിഭവങ്ങളും എം.എസ്.ജി. (അജിനോ മോട്ടോ), ബേക്കിങ് സോഡ, സോഡിയം ഫ്രീ എന്നെഴുതിയിട്ടില്ലാത്ത ടിന്നിലടച്ച ഭക്ഷണങ്ങള്‍, വ്യാവസായിക തോതില്‍ സംസ്‌കരിച്ച വിഭവങ്ങള്‍, മാംസം നേര്‍ക്കാനുപയോഗിക്കുന്ന സാധനങ്ങള്‍ , സോയസോസ്, പൂപ്പല്‍ വിരുദ്ധ പദാര്‍ഥങ്ങളടങ്ങിയ വിഭവങ്ങള്‍ ഇവയെല്ലാം ഒഴിവാക്കണം.

പഞ്ചസാരയ്ക്കു പകരമായി ഉപയോഗിക്കുന്ന ഈക്വല്‍, ന്യൂട്രസ്വീറ്റ് തുടങ്ങിയ കൃത്രിമ മധുരങ്ങള്‍ ഒഴിവാക്കുക. ഇവയിലടങ്ങിയിരിക്കുന്ന ഫീനെയില്‍ അലനൈന്‍ പെട്ടെന്ന് ബി.പി. കൂട്ടാം.

ശീതളപാനീയങ്ങള്‍, കാപ്പി, ചായ, ഫാസ്റ്റ് ഫുഡ്‌സ് ഇവ ഒഴിവാക്കുക.


വെളിച്ചെണ്ണ മതി, മറ്റ് എണ്ണകള്‍ വേണ്ട

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഭക്ഷണചര്യയിലേക്കു കടന്നുവന്ന കൊഴുപ്പിന്റെ പ്രകൃതവും അളവും പഠനവിധേയമാക്കിയാല്‍ രക്താതിസമ്മര്‍ദത്തിന്റെ കാരണം വ്യക്തമാകും

വീട്ടില്‍ത്തന്നെ ഉണക്കിയ കൊപ്രയില്‍ നിന്നെടുക്കുന്ന ശുദ്ധമായ, കണ്ണീര്‍പോലെ തെളിഞ്ഞ വെളിച്ചെണ്ണയ്ക്കു പകരം പല എണ്ണകളും നമ്മുടെ ആഹാരത്തിലേക്ക് കടന്നുവന്നു. ആദ്യം അവ സമ്പന്നരുടെ ഇടയില്‍, പിന്നീട് സാധാരണക്കാരനും അതില്‍ പങ്കു ചേര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും വിരമിച്ച ഒരു മെഡിസിന്‍ പ്രൊഫസറുടെ അഭിപ്രായത്തില്‍ വെളിച്ചെണ്ണയെ പാചകത്തില്‍നിന്ന് ഒഴിവാക്കിയതിനുശേഷമാണ് അവിടെ രക്തസമ്മര്‍ദസംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചത് എന്നാണ്. ഇപ്പോള്‍ പാംഓയില്‍ വെളിച്ചെണ്ണയ്ക്കു പകരവും, അതില്‍ മായം ചേര്‍ക്കാനും ധാരാളമായി ഉപയോഗിച്ചുവരുന്നു.

അതുപോലെതന്നെ നമ്മുടെ സാമ്പത്തികനിലവാരം മെച്ചപ്പെടുന്തോറും ഭക്ഷണത്തില്‍ ഏറുന്ന ഒരേയൊരു പോഷകഘടകം കൊഴുപ്പാണ്. നാട്ടുമ്പുറങ്ങളില്‍പോലും എണ്ണപ്പലഹാരങ്ങള്‍ കവറുകളിലാക്കി വില്‍ക്കുന്ന കടകള്‍ ധാരാളമുണ്ട്; ഓഫീസുകളില്‍ വന്ന് പലഹാരം വില്‍ക്കുന്നവരും കുറവല്ല. ഇവര്‍ പലഹാരമുണ്ടാക്കാനുപയോഗിക്കുന്നത് എന്തെണ്ണയാണെന്നു ഉപഭോക്താവിന്നറിയില്ല. പലപ്രാവശ്യം ഒരേ എണ്ണയില്‍ത്തന്നെ പലഹാരങ്ങളുണ്ടാക്കുമ്പോള്‍, രക്തധമനികളുടെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുത്തി അവയെ കട്ടിയാക്കുന്ന അക്രൊലിന്‍ എന്ന രാസവസ്തു എണ്ണയിലുണ്ടാകുന്നു. രക്തസമ്മര്‍ദത്തിന് ഒരു കാരണമിതാണ്. അതുകൊണ്ട് ഇവയൊക്കെ ഒഴിവാക്കി, ഭക്ഷണം ചിട്ടപ്പെടുത്തിയാല്‍ കഴിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ കഴിയും.


സസ്യഭക്ഷണത്തിന്റെ മേന്മ

രക്തസമ്മര്‍ദം കുറയ്ക്കാനും ഒഴിവാക്കാനും സസ്യഭക്ഷണങ്ങളും പഴവര്‍ഗങ്ങളും കൂടുതല്‍ ഉപയോഗിക്കുക എന്നതാണ് സാര്‍വലൗകികമായി അംഗീകരിച്ചിട്ടുള്ള ഒരു ഭക്ഷ്യക്രമം. അവയില്‍ രക്തസമ്മര്‍ദം കുറയ്ക്കാനുള്ള നാരുകള്‍ ധാരാളമുണ്ടെന്നുമാത്രമല്ല, രക്തസമ്മര്‍ദമുള്ളവര്‍ക്കാവശ്യമായ പൊട്ടാസ്യവും കൂടുതലുണ്ട്. മരുന്നുകൊണ്ടെന്നതുപോലെ ആഹാരനിയന്ത്രണംകൊണ്ടും രക്തസമ്മര്‍ദം കുറയ്ക്കാമെന്ന് ജപ്പാനിലെയും അമേരിക്കയിലെയും ഗവേഷകര്‍ തങ്ങളുടെ പഠനത്തിലൂടെ തെളിയിക്കുകയുണ്ടായി. പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍ കൊഴുപ്പ് നീക്കിയ ക്ഷീരോല്‍പ്പന്നങ്ങള്‍ എന്നിവ ധാരാളമായി ഉപയോഗിക്കാനാണ് ഇവര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇത്തരം ഭക്ഷണം ഉപയോഗിക്കുകയും ഉപ്പു കുറയ്ക്കുകയും ചെയ്താല്‍ രക്തസമ്മര്‍ദത്തിന് കാര്യമായ കുറവു വരുന്നു. കൂടാതെ ഇത്തരം ഭക്ഷണം കഴിക്കുന്നവരില്‍ പ്രായമേറുന്തോറും രക്തസമ്മര്‍ദം കൂടുന്ന പ്രവണത കാണുന്നതുമില്ല. സസ്യഭുക്കുകളില്‍ രക്തസമ്മര്‍ദം കുറഞ്ഞിരിക്കുന്നതിന്റെ കാരണവും ഇതാണ്.

എന്നാല്‍ ഇവരില്‍ പാലും പാലുല്‍പന്നങ്ങലും കൂടുതല്‍ കഴിക്കുന്നവരുടെ സ്ഥിതി വ്യത്യസ്തമാണ്. മുരിങ്ങയില, കറിവേപ്പില തുടങ്ങി എല്ലാ ഇലക്കറികളും രക്തസമ്മര്‍ദം കുറയ്ക്കുമെന്നു കണ്ടിട്ടുണ്ട്. ഇവയിലടങ്ങിയിരിക്കുന്ന നാരും കരോട്ടിനും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ സോഡിയവും ജലവും വിസര്‍ജിക്കാന്‍ സഹായിക്കുന്ന സസ്യങ്ങള്‍ ഈ മാര്‍ഗത്തിലൂടെയാണ് രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതെന്നാണ് ജപ്പാനില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വെളുത്തുള്ളി കഴിക്കൂ, പച്ചയ്ക്ക്

രക്തത്തിലെ കൊളസ്‌ട്രോളും പഞ്ചസാരയും കുറയ്ക്കാന്‍ ശക്തിയുള്ള വെളുത്തുള്ളി രക്തസമ്മര്‍ദവും കുറയ്ക്കുന്നു.

വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും പ്രയോജനകരം. പാകം ചെയ്യുമ്പോള്‍ അതിന്റെ ഗന്ധവും ഔഷധവീര്യവും കുറയുന്നു. തേങ്ങ, കറിവേപ്പില, വറ്റല്‍മുളക്, വെളുത്തുള്ളി, ഇഞ്ചി, ഉപ്പ് (ആവശ്യമെങ്കില്‍) ഇവ ഒന്നിച്ച് ചേര്‍ത്തരച്ചെടുക്കുന്ന ചമ്മന്തിയാണ് ഇതിന് ഏറ്റവും പ്രയോജനകരം. 
വെളുത്തുള്ളി തടസ്സമില്ലാതെ രക്തചംക്രമണത്തെ സഹായിക്കുന്നു എന്നു ബി.സി. 3000ാമാണ്ടില്‍ ചരകനും ബി.സി. 400ല്‍ ഹിപ്പോക്രാറ്റസും അഭിപ്രായപ്പെടുകയുണ്ടായി. 1973ല്‍ ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വെളുത്തുള്ളി കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നും കണ്ടെത്തി. വെളുത്തുള്ളിയിലുള്ള അലിസിന്‍ എന്ന സംയുക്തത്തില്‍നിന്നുണ്ടാകുന്ന ഒരു അണ്‍സാച്ചുറേറ്റഡ് വോളിസള്‍ഫൈഡ് ആണ് ഇതിനു കാരണമെന്നനുമാനിക്കുന്നു. ഉലുവയും രക്തസമ്മര്‍ദം കുറയ്ക്കുന്നു.

ജീവകം ബി

രക്തസമ്മര്‍ദംകൊണ്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ തടയാന്‍ ബി ജീവകങ്ങള്‍ക്ക് കഴിയുമെന്നു കണ്ടിട്ടുണ്ട്. സ്‌ട്രോക്കിനു കാരണമായി പറയുന്ന, രക്തത്തിലെ ഒരു അമിനോ ആസിഡായ പ്ലാസ്മ ഹോമോസിസ്റ്റിന്‍ കുറയ്ക്കാന്‍ ബി ഗ്രൂപ്പില്‍പ്പെട്ട ജീവകങ്ങള്‍ക്ക് പ്രത്യേകിച്ച് ഫോളിക് ആസിഡിനു കഴിയും. ജീവകം ഇയും ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

അമേരിക്കന്‍ മാതൃക

യുവാക്കളില്‍ കാണുന്ന ഉയര്‍ന്ന രക്തസമ്മര്‍ദത്തേയും ഹൃദ്രോഗത്തെയും തടയാന്‍ അമേരിക്ക ആവിഷ്‌കരിച്ച ബോധവല്‍ക്കരണ പരിപാടി വലിയ വിജയമായി എന്നു മാത്രമല്ല തൊണ്ണൂറുകളില്‍ അമേരിക്കയിലെ വലിയൊരു പ്രശ്‌നമായിരുന്ന രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും ചെയ്തു. നിരന്തരമായ പൊതുജനാരോഗ്യ വിദ്യാഭ്യാസംകൊണ്ടാണിത് സംഭവിച്ചത്. ഭക്ഷണത്തില്‍ എണ്ണയും കൊഴുപ്പും കുറയ്ക്കുക, സാലഡ് നിത്യേന ഒരു ശീലമാക്കുക, നിത്യേന ഉപയോഗിക്കുന്ന ഉപ്പ് രണ്ടു ഗ്രാമായി കുറയ്ക്കുക, പുകവലി നിര്‍ത്തുക, കൃത്യമായി വ്യായാമം ചെയ്യുക, ശരീരഭാരം ഉയരത്തിനൊത്തതായി നിലനിര്‍ത്തുക, 35 വയസ്സിനു ശേഷം കൂടെക്കൂടെ രക്തസമ്മര്‍ദം അളക്കുക, യോഗയിലൂടേയും ധ്യാനത്തിലുടേയും ദൈനംദിന ജീവിതസമ്മര്‍ദങ്ങള്‍ക്ക് അവധി നല്‍കുക തുടങ്ങിയവയായിരുന്നു അവരുടെ പദ്ധതി. അവ നമുക്കും പരിശോധിച്ചുനോക്കാവുന്നതാണ്.

കെമ്പ്‌നര്‍ ഡയറ്റ്

രക്തസമ്മര്‍ദം ചികിത്സിക്കുമ്പോള്‍ വേണ്ട ഭക്ഷണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് കെമ്പ്‌നര്‍ ഡയറ്റ്. ജര്‍മന്‍കാരനായ വാള്‍ട്ടര്‍ കെമ്പ്‌നര്‍ എന്ന വൃക്കരോഗ വിദഗ്ദ്ധ ന്‍ 1930ല്‍ നിര്‍ദേശിച്ച കെമ്പ്‌നര്‍ ഡയറ്റ്, അന്നു പരീക്ഷിച്ചവരിലെല്ലാംതന്നെ അത്ഭുതകരങ്ങളായ മാറ്റങ്ങളുണ്ടാക്കി; പ്രമേഹരോഗത്തിന് ശമനം; വൃക്കരോഗങ്ങള്‍ക്ക് നിയന്ത്രണം; ദുര്‍മേദസ്സിന് പ്രതിവിധി. സമൂഹത്തിലെ ഉന്നതരായ പലരുടേയും ഡയറ്റ് അതായി; അവരെല്ലാം അതിന്റെ പ്രോക്താക്കളുമായി.

ഗുരുതരമായ രക്താതിസമ്മര്‍ദത്തില്‍ ഇപ്പോഴും കെമ്പ്‌നര്‍ ഡയറ്റ് പ്രയോഗിച്ചുവരുന്നു. ഈ ആഹാരചര്യയില്‍ നിന്ന് 2000 കലോറി ഊര്‍ജം, 5 ഗ്രാം കൊഴുപ്പ്, 20 ഗ്രാം മത്സ്യം, 150 മില്ലിഗ്രാം സോഡിയം എന്നിവ ലഭിക്കുന്നു. ചോറ് വെള്ളത്തിലോ പഴച്ചാറിലോ വേവിച്ചെടുക്കുന്നു. പാചകത്തിന് ഉപ്പ് ഉപയോഗിക്കുന്നില്ല. കുടിക്കുന്ന വെള്ളത്തിന്റെ അളവ് 7501000 മില്ലിലിറ്ററില്‍ കൂടരുത്; വെള്ളത്തിനു പകരം പഴച്ചാറായാല്‍ നന്ന്. ജീവകം സി ഒഴികെ മേറ്റ്ല്ലാ ജീവകങ്ങളും ലവണങ്ങളും പ്രത്യേകമായി നല്‍കണം. ഈ അറിവുകളുടെ പശ്ചാത്തലത്തില്‍ 1999ല്‍ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനം പരാമര്‍ശമര്‍ഹിക്കുന്നു.

സസ്യങ്ങളും പഴങ്ങളും ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തുമ്പോള്‍ മരുന്നുകളുപയോഗിക്കുമ്പോഴുണ്ടാകുന്ന തോതില്‍തന്നെ രക്തസമ്മര്‍ദം കുറയുന്നു എന്നാണ് കണ്ടെത്തിയത്.

ധാരാളം സസ്യങ്ങള്‍ എന്നാലെന്തെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2000 കലോറി ഊര്‍ജം നല്‍കുന്ന ഭക്ഷണത്തില്‍ നാലര കപ്പ് സസ്യങ്ങളും പഴങ്ങളും പയറുവര്‍ഗങ്ങളും അണ്ടിപ്പരിപ്പുകളും അടങ്ങിയിരിക്കണം. ഇത് ശരീരത്തിനാവശ്യമായ പൊട്ടാസ്യവും മഗ്നീഷ്യവും നാരുകളും നല്‍കുന്നു. ഇത്തരമൊരു ഭക്ഷണത്തില്‍ 4500 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കുമെന്നും അതാണ് പ്രധാനമായും രക്തസമ്മര്‍ദത്തെ കുറയ്ക്കുന്നതെന്നുമാണ് പഠിതാക്കളുടെ അഭിപ്രായം. ഹാര്‍വാഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഇതേപോലൊരു പഠനം നടത്തിയിരുന്നു. ഫലം ഇതുമായി സാമ്യമുള്ളതാ

No comments:

Post a Comment