Visitors

Sunday 6 November 2011

വണ്ണംവെക്കാന്‍ ഗുളിക: കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു



വടകര: ശരീരത്തിന്റെ വണ്ണം കൂട്ടാന്‍ കഴിയുമെന്നവകാശപ്പെട്ട് വിപണിയിലിറക്കിയ ആയുര്‍വേദ ഗുളികയില്‍ ഉത്തേജക ഔഷധം (അനബോളിക് സ്റ്റിറോയ്ഡ്) ചേര്‍ത്തതിനാല്‍ അപകടകരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നതായി തെളിഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു കമ്പനി നിര്‍മിച്ച ആയുര്‍വേദ ഗുളികകളാണ് കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്. പ്രചാരണത്തില്‍ വിശ്വസിച്ച് ഗുളിക കഴിച്ച് ആളുകള്‍ രോഗബാധിതരാവുന്നുമുണ്ട്.

ഗുളിക കഴിക്കുമ്പോള്‍ വിശപ്പു വര്‍ധിക്കുകയും തടി കൂടുകയും ചെയ്യുന്നതിനാല്‍ ഇതിന് ആവശ്യക്കാരേറെയാണ്. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഉത്തേജക മരുന്നുകള്‍ കൂടുതലായി ചേര്‍ക്കുന്നതാവാം ഗുളികയുടെ ഈ രീതിയിലുള്ള പ്രവര്‍ത്തനത്തിന് കാരണമെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു. ഗുളികയ്ക്ക് എതിരെ ഇപ്പോള്‍ തന്നെ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇതുകഴിച്ച് ശരീരത്തില്‍ നീരുബാധിച്ചും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇഞ്ചി, കൊടുവേലി, ജീരകം, മുരിങ്ങ, കടുക്ക, താന്നിക്ക, നെല്ലിക്ക, ഇരട്ടിമധുരം, പിപ്പല്ലി, കന്മദം, കുങ്കുമം, വാളന്‍പുളി എന്നിവ ഈ ഗുളികയിലടങ്ങിയിരിക്കുന്നുവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇതില്‍ പിപ്പല്ലിയ്ക്ക് (തിപ്പലി) വണ്ണം കൂട്ടാന്‍ ചെറിയതോതില്‍ കഴിയുമെങ്കിലും ഗുളിക കഴിക്കുമ്പോള്‍ ഉണ്ടാവുന്ന മാറ്റത്തിന് സാധിക്കുകയില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

അനബോളിക് സ്റ്റിറോയിഡുകളുടെ ഉപയോഗം രക്തസമ്മര്‍ദം കൂടാനും ശരീരത്തിലെ കൊളസ്‌ട്രോള്‍ നിലയില്‍ ആരോഗ്യത്തിന് ഹാനികരമായ വിധത്തില്‍ മാറ്റം വരുത്തുന്നതിനും ഇടയാക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങളും അര്‍ബുദം ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങളും പിടിപെടാന്‍ സ്റ്റിറോയിഡിന്റെ അമിതമായ ഉപയോഗം ഇടയാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലൈംഗിക പ്രശ്‌നങ്ങള്‍ക്കും അമിത ശരീര വളര്‍ച്ചയ്ക്കും വൃക്കകളുടെ തകരാറിനും ഇവ കാരണമാവുന്നുണ്ട്. വിവാദമായ ആയുര്‍വേദ ഗുളിക കഴിച്ചവരില്‍ പലര്‍ക്കും അനബോളിക് സ്റ്റിറോയ്ഡ് ഉപയോഗിച്ചതിന്റെ ലക്ഷണം കാണുന്നുണ്ടെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ഗുളികയിലെ ചേരുവകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ നിരോധിക്കണമെന്നും കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുണ്ട്. പ്രാദേശിക തലത്തില്‍ സ്റ്റിറോയിഡുകള്‍ ചേര്‍ത്ത ആയുര്‍വേദ മരുന്നുകള്‍ വേറെയും വിറ്റഴിക്കപ്പെടുന്നതായാണ് സൂചന. 

No comments:

Post a Comment