Visitors

Sunday 6 November 2011

കരളിലെ കൊഴുപ്പ് അവഗണിക്കേണ്ട


കരളിലെ കൊഴുപ്പ് അവഗണിക്കേണ്ട
കരള്‍ രോഗം വരില്ലെന്നത് മദ്യപിക്കാത്തവരുടെ ഒരു സ്വകാര്യ അഹങ്കാരമാണ്. മദ്യപരില്‍ കരള്‍രോഗ സാധ്യത ഏറെയാണെന്നത് വസ്തുതയാണെങ്കിലും മദ്യം കഴിക്കാത്തവര്‍ക്കും കരളില്‍ കൊഴുപ്പടിയും. വൈദ്യശാസ്ത്രം ഇതിനു നല്‍കിയ പേരാണ് മദ്യപാനം മൂലമല്ലാത്ത കരളിലെ കൊഴുപ്പടിയല്‍(നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്-NAFLD). സാരമല്ലാത്ത കരളിലെ കൊഴുപ്പടിയല്‍ (Steatosis) മുതല്‍ ഗുരുതരമായ കരള്‍ രോഗങ്ങള്‍ (steatohepatitis,cirrhosis) വരെയുളള രോഗാവസ്ഥവരെ ഇതില്‍പെടുന്നു. കരളിലെകോശങ്ങളില്‍ കൊഴുപ്പടിയുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.
സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്

ശരീരത്തിലടിയുന്ന കൊഴുപ്പില്‍ നിന്ന് അല്പം വ്യത്യസ്തമാണ് കരളിലടിയുന്ന കൊഴുപ്പ്. സാധാരണനിലയില്‍ കരളിലെ കൊഴുപ്പടിയല്‍ മിക്കവരിലും രോഗാവസ്ഥ സൃഷ്ടിക്കാറില്ല. എന്നാല്‍ ഇത്തരക്കാരില്‍ ചെറിയൊരു വിഭാഗത്തിന് പിന്നീട് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് പിടിപെടുന്നതായി കണ്ടുവരുന്നു.കൊഴുപ്പ് കരളിനെ രോഗാതുരമാക്കുകയും ആരോഗ്യമുള്ള കരള്‍കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതാണ് പരിണിതഫലം. കരളിലെ ഈ മാറ്റം ഒരു വിദഗ്ധപരിശോധനയിലൂടെയല്ലാതെ കണ്ടെത്താനാവില്ലെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടെന്നുവരില്ലെങ്കിലും ലിവര്‍ സീറോസിസ് എന്ന രോഗാവസ്ഥയിലെത്തിയാല്‍ കടുത്തക്ഷീണവും ഭാരം നഷ്ടപ്പെടലും അടിവയറിന് മുകളില്‍ വലതുവശത്ത് വേദനയും അനുഭവപ്പെടും. സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് അവസ്ഥ 8-15 ശതമാനം പേരില്‍ മാത്രമേ ലിവര്‍ സീറോസിസായി പരിണമിക്കാറുള്ളൂവെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പൊണ്ണത്തടിമൂലമുണ്ടാകുന്ന ഇന്‍സുലിന്‍ പ്രതിരോധം ഇത്തരം രോഗാവസ്ഥയിലേക്കെത്താന്‍ പ്രധാനകാരണമാണ്. ബോഡിമാസ് ഇന്‍ഡക്‌സ്(കിലോഗ്രാമിലുള്ള തൂക്കത്തെ ഉയരത്തിന്റെ ഇരട്ടികൊണ്ട് ഹരിച്ചുകിട്ടുന്ന സംഖ്യ)25നും 30നുമിടയില്‍ നിലനിര്‍ത്താത്തവര്‍ക്ക് രോഗസാധ്യത കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബോഡിമാസ് ഇന്‍ഡക്‌സ് 30-35 ഉള്ളവരില്‍ രോഗസാധ്യത നാലിരട്ടിയും 40നുമുകളിലുള്ളവരില്‍ ആറിരട്ടിയും രോഗസാധ്യതയുണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. കൊളസ്‌ട്രോളും പ്രമേഹവും രോഗകാരണമായി പറയുന്നുണ്ടെങ്കിലും എല്ലാവരിലും ഇത് ശരിയായിക്കൊള്ളണമെന്നുമില്ല.

പ്രതിരോധം

രോഗം പൂര്‍ണമായി ഭേദമാക്കാന്‍ മരുന്നുകള്‍ ഇതുവരെ നിലവിലില്ലാത്തതിനാല്‍ ശരിയായ ജീവിതചര്യയാണ് പ്രധാനം.ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലം, മദ്യപാനം ഒഴിവാക്കല്‍ (അല്പം കഴിക്കുന്നവരാണെങ്കിലും),അമിതവണ്ണം കുറയ്ക്കുക ഇവയാണ് രോഗം വരാതിരിക്കാനും വന്നുകഴിഞ്ഞാല്‍ നിയന്ത്രിക്കാനുമുള്ള പ്രധാനവഴികള്‍. അനാവശ്യമായ മരുന്നുകള്‍ ഒഴിവാക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ രോഗാവസ്ഥയ്ക്കനുസരിച്ച് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ അതില്‍പെടില്ല. പ്രമേഹരോഗികളില്‍ രോഗം നിയന്ത്രിച്ചുനിര്‍ത്തുകയും കൊളസ്‌ട്രോളുള്ളവര്‍ അത് നിയന്ത്രിക്കേണ്ടതും പ്രധാനമാണ്.
അവലംബം.മെഡിസിന്‍നെറ്റ് 

No comments:

Post a Comment